Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ജില്ലാ ജലസംഗമം നാളെ(ജനുവരി 31)

ജല സംരക്ഷണ മാതൃകകൾ കണ്ടെത്തി ആദരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന ജില്ലാ ജലസംഗമം നാളെ(ജനുവരി 31) നടക്കും. ജില്ലാ ആസൂത്രണ സമിതി ഹാളിൽ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും ജലസംരക്ഷണ പ്രവർത്തകരും ജലസംരക്ഷണ മാതൃകകൾ അവതരിപ്പിക്കും.

 

കാർഷികയന്ത്രങ്ങളുടെ വിതരണം നാളെ

ജില്ലാ പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 33 ലക്ഷം രൂപ ചെലവഴിച്ച് തെരഞ്ഞെടുക്കപ്പെട്ട കാർഷിക കർമ്മസേനകൾ, കുടുംബശ്രീ, പാടശേഖര സമിതികൾ എന്നിവർക്ക് നൽകുന്ന കാർഷികയന്ത്രങ്ങളുടെ വിതരണം നാളെ(ജനുവരി 31) നടക്കും. രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും.

 

കടൽ സുരക്ഷാസ്‌ക്വാഡുകൾ 

രൂപീകരിക്കുന്നു

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കടൽ സുരക്ഷാസംവിധാനങ്ങളും കടൽ രക്ഷാപ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി കടൽ സുരക്ഷാ സ്‌ക്വാഡുകൾ രൂപീകരിക്കുന്നു.  രക്ഷാ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തേണ്ടി വരുമ്പോൾ  സേവനത്തിന് സർക്കാർ നിശ്ചയിക്കുന്ന പ്രതിഫലം നൽകും.  സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിന്  എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉള്ള യാനം ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത യാനങ്ങളിൽ യാനമുടമയും രണ്ട് തൊഴിലാളികളുമടങ്ങുന്ന ഗ്രൂപ്പുകളായും മെക്കനൈസ്ഡ് വിഭാഗത്തിൽ സ്രാങ്കും, ഡ്രൈവറും, യാനമുടമ പ്രതിനിധി ഉൾപ്പടുന്ന ഗ്രൂപ്പുകളായുമാണ് അപേക്ഷിക്കേണ്ടത്.  തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സിന്റെ സഹകരണത്തോടെ രക്ഷാ പ്രവർത്തനത്തിൽ പരിശീലനം നൽകും.  

യാനമുടമ മത്സ്യബന്ധനത്തിന് പോകാത്തയാളോ, കടൽ പരിചയമില്ലാത്തയാളോ,                യോഗ്യതാ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തയാളോ ആണെങ്കിൽ അവർക്ക് പകരം ഒരു പരിചയ സമ്പന്നനായ മത്സ്യത്തൊഴിലാളിയെ ഉൾപ്പെടുത്താവുന്നതാണ്. അത് അപേക്ഷയിൽ                 പ്രതേ്യകം രേഖപ്പെടുത്തണം.  അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകൾ, ഫിഷറീസ് സ്റ്റേഷനുകൾ, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി എട്ടിന് വൈകുന്നേരം അഞ്ച് മണി വരെ ജില്ലയിലെ മത്സ്യഭവൻ ഓഫീസുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും സ്വീകരിക്കും. 

 

എം.പി ഫണ്ട്: ഭരണാനുമതി നൽകി

പി.കെ. ശ്രീമതി ടീച്ചർ എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 16 ലക്ഷം രൂപ ചെലവഴിച്ച് ആന്തൂർ നഗരസഭയിലെ സ്‌നേഹതീരം ബഡ്‌സ് സ്‌പെഷൽ സ്‌കൂളിന് മിനി ബസ് വാങ്ങുന്നതിനും 2,99,669 രൂപ വീതം ചെലവഴിച്ച് കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ പാലുകാച്ചി ഐ.എച്ച്.ഡി.പി കോളനിയിലും അഴീക്കോട് ഗ്രാമപഞ്ചായത്തിലെ കല്ലടത്തോട് കോളനിയിലും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ വായാട്ടുപറമ്പ് കോളനിയിലും മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

പി.വി. അബ്ദുൽ വഹാബ് എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 4.90 ലക്ഷം രൂപ ചെലവഴിച്ച് രാമന്തളി ഗ്രാമപഞ്ചായത്തിലെ തളിക്കുളം-വില്ലേജ് ഓഫീസ് റോഡ് നിർമ്മിക്കുന്നതിനും സുരേഷ് ഗോപി എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 3,69,751 രൂപ ചെലവഴിച്ച് കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് മുൻവശം മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

മത്സ്യബന്ധന യാനങ്ങൾക്ക് 

നാവിക് ഉപകരണം നൽകുന്നു

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി നാവിക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നു.  ഉപകരണത്തിന്റെ സഹായത്തോടെ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് 1500 കിലോമീറ്റർ പരിധിക്കുള്ളിൽ വരെ കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച സന്ദേശങ്ങൾ കൈമാറുന്നതിനും അന്താരാഷ്ട്ര അതിർത്തി, മത്സ്യലഭ്യത പ്രദേശം മുതലായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും കഴിയും. നാവിക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി കേരളമത്സ്യത്തൊഴിലാളിക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളതും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ജോലിചെയ്യുന്നതും 12 നോട്ടിക്കൽ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്നതും രജിസ്‌ട്രേഷനും ലൈസൻസുമുള്ളതുമായ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി എട്ടിന് വൈകുന്നേരം അഞ്ച് മണി വരെ അതത് ഓഫീസുകളിൽ സ്വീകരിക്കും.

 

മത്സ്യബന്ധന യാനങ്ങൾക്ക് 

ഗ്ലോബൽ സാറ്റ്‌ലൈറ്റ് ഫോൺ നൽകുന്നു

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഗ്ലോബൽ സാറ്റ്‌ലൈറ്റ് ഫോൺ വിതരണം ചെയ്യുന്നു.  36 നോട്ടിക്കൽ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്ന തെരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കൾ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾ ജോലി ചെയ്യുന്നതും കേരള സംസ്ഥാനത്ത് രജിസ്‌ട്രേഷൻ നടത്തിയതുമായ മത്സ്യബന്ധന യാനങ്ങളുടെ ഉടമകൾക്ക് അപേക്ഷിക്കാം. മെക്കനൈസ്ഡ് വിഭാഗത്തിന് മത്സ്യത്തൊഴിലാളി അംഗത്വം നിർബന്ധമില്ല. അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസിലും, കണ്ണൂർ ഫിഷറീസ് സ്റ്റേഷനിലും, മത്സ്യഭവൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി എട്ടിന് വൈകുന്നേരം അഞ്ച് മണിവരെ അതാത് ഓഫീസുകളിൽ സ്വീകരിക്കും. 

 

വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച വനിതകൾക്കായി വനിതാരത്‌നം പുരസ്‌കാരങ്ങൾക്ക് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.  വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളുടെ പേരിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.  അക്കാമ്മ ചെറിയാൻ അവാർഡ്-സാമൂഹ്യ സേവനം, ക്യാപ്റ്റൻ ലക്ഷ്മി അവാർഡ് - വിദ്യാഭ്യാസ രംഗം, കമല സുരയ്യ അവാർഡ്-സാഹിത്യരംഗം, റാണി ലക്ഷ്മിഭായി അവാർഡ്-ഭരണരംഗം, ജസ്റ്റിസ് ഫാത്തിമബീവി അവാർഡ്-അഭിഭാഷക രംഗം, മൃണാളിനി സാരാഭായ് അവാർഡ്-കലാരംഗം, മേരി പുന്നൻ ലൂക്കോസ് അവാർഡ്-ആരോഗ്യരംഗം,  ആനി തയ്യിൽ അവാർഡ്-മാധ്യമരംഗം, കുട്ടിമാളു അമ്മ അവാർഡ്-കായികരംഗം, സുകുമാരി അവാർഡ്-അഭിനയരംഗം, ആനിമസ്‌ക്രീൻ അവാർഡ്- വനിതാ ശാക്തീകരണ രംഗം, ടി കെ പത്മിനി അവാർഡ്-ലളിതകലാ രംഗം, റോസമ്മ പുന്നൂസ്-പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം (അതിജീവനം) നേടിയ വനിത, ഇ കെ ജാനകി അമ്മാൾ അവാർഡ്-ശാസ്ത്രരംഗം എന്നീ 14 മേഖലകളിലാണ് അവാർഡ് നൽകുന്നത്.  തങ്ങളുടെ പ്രവർത്തന മേഖലകളിൽ ചെയ്ത വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ നേട്ടങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ, ഹ്രസ്വചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കാം.  പൂരിപ്പിച്ച അപേക്ഷകളും അനുബന്ധരേഖകളും ഫെബ്രുവരി എട്ടിന് മുമ്പ് ജില്ലാ വനിത ശിശുവികനസ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.  മറ്റു വ്യക്തികൾക്കോ സംഘടനകൾക്കോ ശുപാർശയായും അപേക്ഷ നൽകാം  അവാർഡ് തുകയായി മൂന്ന് ലക്ഷം രൂപ വീതവും, ട്രോഫിയും പ്രശസ്തി പത്രവും നൽകും. മുമ്പ് ഒരു മേഖലയിൽ പുരസ്‌കാരം ലഭിച്ചവർക്ക് അതേ രംഗത്തുതന്നെ പുരസ്‌കാരം നൽകുന്നതല്ല. അവാർഡിനുള്ള വിശദ വിവരങ്ങൾ വകുപ്പിന്റെ www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ, എല്ലാ ജില്ലാ വനിത ശിശുവികസന ഓഫീസ്, പ്രോഗ്രാം ഓഫീസ്, ശിശു വികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളിൽ നിന്നോ ലഭിക്കുന്നതാണ്.

 

 നഴ്‌സുമാരെ സ്‌കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു

സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി/ഡിപ്ലോമ നഴ്‌സുമാരെ(സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ ഡി ഇ പി സി തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഫെബ്രുവരി ആറിന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തുന്നു.  താൽപര്യമുളളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം odepcmou@gmail.com ൽ അപേക്ഷിക്കുക.  കൂടുതൽ വിവരങ്ങൾ www.odepc.kerala.gov.in ൽ ലഭിക്കും.  ഫോൺ: 0471 2329440/41/42/43/45.

 

മോട്ടോർ തൊഴിലാളി അംശദായം ഫ്രണ്ട്‌സ് വഴി അടക്കാം

മോട്ടോർ തൊഴിലാളി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അംശദായം ഇനിമുതൽ സംസ്ഥാന ഐ ടി വകുപ്പിന് കീഴിലെ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങൾ വഴി അടക്കാം.  ഇത് സൗജന്യ സേവനമാണെന്ന് ഐ ടി മിഷൻ അറിയിച്ചു.

 

സി ബി നാറ്റ് മൊബൈൽ പരിശോധന

ഒന്നു മുതൽ ജില്ലയിൽ

ക്ഷയരോഗ നിർമാർജന ദൗത്യത്തിന്റെ ഭാഗമായി ക്ഷയരോഗം എളുപ്പത്തിൽ കണ്ടെത്തുന്നതിനുള്ള കഫ പരിശോധന സംവിധാനമായ സി ബി നാറ്റ് പരിശോധന നടത്തുന്നതിനുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് ഫെബ്രുവരി ഒന്നു മുതൽ 28 വരെ ജില്ലയിൽ ക്യാമ്പുകൾ നടത്തുന്നു.  വിട്ടുമാറാത്ത ചുമയുള്ളവരും മറ്റ് ക്ഷയരോഗ ലക്ഷണങ്ങൾ ഉളളവരും പ്രമേഹം ഉള്ളവരും ഈ സംവിധാനം പ്രയോജനപ്പെടുത്തി ക്ഷയരോഗമില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ ടി ബി ഓഫീസർ അറിയിച്ചു.  മൊബൈൽ ക്യാമ്പ് നടക്കുന്ന വിവരങ്ങൾക്ക് അതാത് സ്ഥലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരുമായോ ഹെൽത്ത് ഇൻസ്‌പെക്ടർമാരുമായോ ബന്ധപ്പെടാവുന്നതാണ്.

 

ടേബിൾ ടെന്നീസ് ടൂർണമെന്റ് 

ഡിഫൻസ് അക്കൗണ്ട്‌സ് റിക്രിയേഷൻ ക്ലബ് , പേ അക്കൗണ്ട്‌സ് ഓഫീസ് (ഡി എസ് സി) സംഘടിപ്പിക്കുന്ന മണി മെമ്മോറിയൽ ടേബിൾ ടെന്നീസ് റാങ്കിങ് ടൂർണമെന്റ് ഫെബ്രുവരി രണ്ട് മുതൽ നാല് വരെ പേ അക്കൗണ്ട്‌സ് ഡി എസ് സി ക്യാമ്പസിൽ നടക്കും.

       സബ് ജൂനിയർ ആൺ, പെൺ, ജൂനിയർ- ആൺ, പെൺ, സീനിയർ - പുരുഷ, വനിത, വെറ്ററൻസ് - പുരുഷന്മാർ എന്നി വിഭാഗങ്ങളിലാണ് മത്സരങ്ങൾ.  പങ്കെടുക്കുന്നവർ ഫെബ്രുവരി ഒന്നിനു മുമ്പ് പേര് രജിസ്റ്റർ ചെയ്യുക.  ഫോൺ - 9539015860, 9526820311.

 

റേഷൻ കാർഡ് വിതരണം

പുതിയ റേഷൻ കാർഡിനായി ചേലോറ പഞ്ചായത്ത് ഓഫീസിൽ നടന്ന ക്യാമ്പിൽ അപേക്ഷ നൽകിയവർക്ക് (ഓൺ ലൈൻ അക്ഷയ    അപേക്ഷകൾ ഒഴികെ) കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ പുതിയ റേഷൻ കാർഡുകൾ ഫെബ്രുവരി ഒന്നിന് വിതരണം ചെയ്യുന്നതാണ്.  ടോക്കൺ നമ്പർ 1346 മുതൽ 1650  വരെയുളള അപേക്ഷകർ  പഞ്ചായത്തിൽ നിന്ന് ലഭിച്ചിട്ടുളള ടോക്കണും നിലവിൽ പേരുകൾ ഉൾപ്പെട്ട റേഷൻ കാർഡുകുളും, കാർഡുകളുടെ വിലയും സഹിതം രാവിലെ 10.30 നും നാല് മണിക്കും ഇടയിൽ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരായി കാർഡ് കൈപ്പറ്റേണ്ടതാണെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.

 

ദർഘാസ് ക്ഷണിച്ചു

വനം വന്യജീവി വകുപ്പ് കണ്ണൂർ ഡിവിഷന്റെ കീഴിൽ 2018-19 സാമ്പത്തിക വർഷം സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു.  ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 18 ന് വൈകിട്ട് മൂന്ന് മണി.

 

കാർ ലേലം

കണ്ണൂർ ഗവ.ആയുർവേദ കോളേജിന്റെ ഉടമസ്ഥതയിലുള്ള 1997 മോഡൽ അംബാസിഡർ കാർ ഫെബ്രുവരി 14 ന് രാവിലെ 11 മണിക്ക് കോളേജിൽ ലേലം ചെയ്യും.  ഫോൺ: 0497 28001676.

 

വൈദ്യുതി മുടങ്ങും

മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വേളം, പാറപ്പുറം, ചെക്കിക്കടവ്, കണ്ടക്കൈ ബാലവാടി, കണ്ടക്കൈ കടവ് ഭാഗങ്ങളിൽ നാളെ(ജനുവരി 31) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കീച്ചേരി, വേളാപുരം, പാപ്പിനിശ്ശേരി പഞ്ചായത്ത്, മെർളി റോഡ് ഭാഗങ്ങളിൽ നാളെ(ജനുവരി 31) രാവിലെ ഒമ്പത് മുതൽ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിളയാങ്കോട്, കുളപ്പുറം, ബ്രിക്‌സ് റോഡ്, ഒറന്നിടത്ത് ചാൽ, ശിവക്ഷേത്ര പരിസരം ഭാഗങ്ങളിൽ നാളെ(ജനുവരി 31) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

നാടൻകലകളുടെ ഉത്സവം ഫെബ്രുവരി ഒന്നു മുതൽ

പരമ്പരാഗത നാടോടി അനുഷ്ഠാന കലകളുടെ പ്രോത്സാഹനത്തിനും സംരക്ഷത്തിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നാടൻകലകളുടെ ഉത്സവം ഫെബ്രുവരി ഒന്നു മുതൽ മൂന്ന് വരെ ടൗൺ സ്‌ക്വയറിൽ നടക്കും.  അർജ്ജുന നൃത്തം, തിമിലയിടച്ചിൽ, പൂതനുംതിറയും, ബലിക്കള, ചരട് പിന്നിക്കളി, നാടൻപാട്ടുകൾ, പടയണി, കുതിരക്കോലം തുടങ്ങിയ കലാരൂപങ്ങൾ പരിപാടിയോടനുബന്ധിച്ച് അരങ്ങേറും.  

 

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഹർഷം പദ്ധതിയിലേക്ക് ഡ്രൈവർ സഹിതം വാഹനം നൽകുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.മഹീന്ദ്ര ജീപ്പ്, ബൊലേറൊ എന്നിവ അഭികാമ്യം.  ഫെബ്രുവരി ആറ് വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2700911.

 

പ്രതിമാസ പരീക്ഷയും ബോധവത്കരണ ക്ലാസും ഒന്നിന്

മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് ഫെബ്രുവരി ഒന്നിന് രാവിലെ പത്തിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 'കേരള പബ്ലിക് സർവീസ് കമീഷനും ഭിന്നശേഷി വിഭാഗവും' എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ് നടത്തും. ഉദ്യോഗാർഥികൾക്കും രക്ഷാകർത്താക്കൾക്കും പങ്കെടുക്കാം. തുടർന്ന് അപേക്ഷിച്ച ഉദ്യോഗാർഥികൾക്കായി യൂനിവേഴ്‌സിറ്റി അസിസ്റ്റൻറ് മാതൃകാ പരീക്ഷ നടത്തും

date