മല്ലപ്പള്ളിയില്‍ ഇനി വടക്കന്‍ കാറ്റ് വീശും
പ്രളയംചുഴറ്റിയെറിഞ്ഞ മല്ലപ്പള്ളിയിലെ പരിയാരം റോഡില്‍ ഇനി വടക്കന്‍ കാറ്റ് വീശും. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവാക്കിയതോടെയാണ് പഞ്ചായത്ത് അധികൃതര്‍ മാലിന്യനിര്‍മാര്‍ജനത്തിന് പുതിയ പദ്ധതി തയാറാക്കിയത്. പൂര്‍ണ പിന്തുണയുമായി യുവജന ക്ലബ്ബും കൂടി രംഗത്തെത്തിയതോടെ വടക്കന്‍ കടവിന്റെ മുഖം തന്നെ മാറ്റി. ഫ്രണ്ട്‌സ് ക്ലബ് നേതൃത്വത്തില്‍ കാട് വെട്ടിത്തെളിച്ച് മാലിന്യം നീക്കി കോട്ടയം ജില്ലയിലെ നാലുമണിക്കാറ്റ് മോഡലില്‍ ഇവിടെ പൂന്തോട്ടവും, മരക്കുറ്റിയും, മുളകൊണ്ടുള്ള കസേരകളും മറ്റ് ഇരിപ്പിടങ്ങളും ക്രമീകരിച്ചു. മാലിന്യം തള്ളരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. സ്ഥലത്തിന് വടക്കന്‍കാറ്റ് എന്ന് നാമകരണവും നടത്തി. കൂടാതെ വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനോടൊപ്പം വായിക്കുവാനുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. അനുകരിക്കാവുന്ന മാതൃകയിലുടെ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി നടപ്പാക്കിയ ക്ലബ്ബ് ഭാരവാഹികള്‍ക്ക് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പാരിതോഷികവും അനുമോദനവും നല്‍കി.
(പിഎന്‍പി 377/19)
- Log in to post comments