Skip to main content

പ്രളയം തകര്‍ന്ന മണ്ണില്‍ പൊന്നുവിളയിച്ച് ജിജോജോര്‍ജ്

 

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ചെന്നീര്‍ക്കര പഞ്ചായത്തിലെ കൃഷിയിടങ്ങള്‍ നാശോന്മുഖമാക്കിയെങ്കിലും ഇവിടുത്തെ കര്‍ഷകര്‍ സര്‍ക്കാരിന്റെ സഹായത്തോടെ അതിനെയെല്ലാം അതിജിവിച്ച് കൃഷിയുമായി ജീവിതം കരുപ്പിടിപ്പിക്കുകയാണ്. കൃഷി ഓഫീസില്‍ നിന്ന് ലഭിച്ച പച്ചക്കറിവിത്തുകള്‍ ഉപയോഗിച്ച് മികച്ച വിളവാണ് മഞ്ഞനിക്കര ഇയാലമുറിയില്‍ ജിജോജോര്‍ജ് കൊയ്‌തെടുക്കുന്നത്. പൂര്‍ണമായും ജൈവരീതിലാണ് കൃഷി. മുന്‍പ് ചെറിയ തോതില്‍ കൃഷി ചെയ്തിരുന്നുവെങ്കിലും ഇത്രയും മികച്ച വിളവ് ആദ്യമാണെന്ന് ജിജോ പറഞ്ഞു. പാവലിന് പുറമേ വെണ്ട, പച്ചമുളക്, എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പതിനഞ്ച് ദിവസം കൂടുമ്പോള്‍ വളം ഇടും. ഇടവിട്ട ദിവസങ്ങളില്‍ നനച്ചു കൊടുക്കും. കീടങ്ങളെ തുരത്താന്‍ ജൈവകെണിയും ഒരുക്കിയിട്ടുണ്ട്. ജൈവകൃഷിയെകുറിച്ച് അറിഞ്ഞെത്തുന്നവര്‍ക്ക് ഇവിടെ നിന്നും വിളവെടുക്കുന്ന പച്ചക്കറി വാങ്ങിക്കൊണ്ടു പോകുന്നതും പതിവാണെന്ന് ജിജോ പറയുന്നു. തെക്കന്‍ ഇനത്തില്‍ പെട്ട ഇരുന്നൂറ് മൂട് കുരുമുളക് ചെടിയും കൃഷി ചെയ്യുന്നുണ്ട്. പത്തനംതിട്ട നഗരത്തിലും കുമ്പഴയിലും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന ജിജോയെ കൃഷിയില്‍ സഹായിക്കുന്നത് ഭാര്യ ബിന്ദുവും രണ്ട് മക്കളുമാണ്. വൈകുന്നേരങ്ങളില്‍ സ്ഥാപനത്തില്‍ നിന്ന് നേരത്തേ എത്തുന്ന ജിജോ ബാക്കിയുള്ള സമയങ്ങളില്‍ കൃഷി പണികളില്‍ സജീവമാകും. 

         (പിഎന്‍പി 378/19)

date