Skip to main content

ജില്ലാ പഞ്ചായത്തിലെ ശില്‌പോദ്യാനത്തിന്റെ പുന:നിര്‍മ്മാണം ഫെബ്രുവരി രണ്ടാംവാരം ആരംഭിക്കും

ജില്ലാ പഞ്ചായത്തിനു മുന്നിലെ പാതിവഴിയില്‍ മുടങ്ങിയ ശില്‌പോദ്യാനത്തിന്റെ പ്രവൃര്‍ത്തി ഫെബ്രുവരി രണ്ടാം വാരത്തോടെ പുനരാരംഭിക്കും. 20 ലക്ഷം രൂപ ശില്‌പോദ്യാനം  പൂര്‍ത്തിയാക്കുന്നതിനായി മാറ്റിവച്ചിട്ടുണ്ട്. ശില്പിയായ കാനായി കുഞ്ഞിരാമന്‍ ജനുവരി അഞ്ചിന് ജില്ലാ പഞ്ചായത്തിലെത്തി  നിര്‍മ്മാണം പുനരാരംഭിക്കാമെന്ന് ധാരണയിലെത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അറിയിച്ചു. മൂന്നുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ശില്‌പോദ്യാനം ഉപദേശക സമിതിയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയേയും ഫിനാന്‍സ് ഓഫീസറേയും പുതിയതായി ഉള്‍പ്പെടുത്തി 16 അംഗസമിതിയായി പുന:സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിനു മുന്നോടിയായി 2018-19 സാമ്പത്തിക വര്‍ഷത്തെ റിവൈസ്ഡ് ബജറ്റ്  യോഗം അംഗീകരിച്ചു. ഒരു കോടി രൂപയോളം ചെലവഴിച്ച് നിര്‍മ്മിച്ച പള്ളഞ്ചി ചെക്ക് ഡാം ഫെബ്രുവരി നാലിന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിലും മറ്റ് സ്വകാര്യ സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തരമായി പിടിഎ യോഗം വിളിച്ചു ചേര്‍ക്കുവാന്‍ ജില്ലാ പഞ്ചായത്ത് യോഗം ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ ചില സ്‌കൂളുകളില്‍ അധ്യാപകരില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപദ്രവമുണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നിര്‍ദേശം. അതിനുശേഷം അതാതു പ്രദേശത്തെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ മറ്റൊരു യോഗം ചേരുവാനും ഭരണ സമിതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ആശുപത്രിക്കുള്ള കായ കല്പ അവാര്‍ഡിന് അര്‍ഹരായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ ജില്ലാ പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം ആശുപത്രി സുപ്രണ്ട് ഡോ.എസ്.സറ്റാന്‍ലിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.എ.പി ഉഷ, ഷാനവാസ് പാദൂര്‍, ഫരീദ സക്കീര്‍ അഹമ്മദ്, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date