പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ ഊര്‍ജ്ജയാനം ബജറ്റിലും
ഊര്‍ജ്ജയാനം പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് രഹിത ബള്‍ബ് പഞ്ചായത്തായി മാറിയ പിലീക്കോടിന് കേരള ബജറ്റിലും പ്രത്യേക പരാമര്‍ശം. ജനകീയ കൂട്ടായ്മയിലൂടെയും നിരന്തര ബോധവത്കരണത്തിലൂടെയും കേരള എനര്‍ജി മാനേജ്‌മെന്റിന്റെ സഹകരണത്തോടെയായിരുന്നു പിലിക്കോടില്‍ ഊര്‍ജ്ജയാനം പദ്ധതി ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലൂടെയുള്ള സമിതികളുടെ രൂപീകരണം, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം, ഏകദിന സര്‍വ്വെ,ക്രോഡീകരണം, ഫല പ്രഖ്യാപനം, ഊര്‍ജ്ജത്തിന്റെ പാഴ്‌ചെലവ് ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ നീണ്ടശൃംഖല, പ്രത്യേക ഊര്‍ജ്ജ ഗ്രാമ സഭകള്‍ എന്നിങ്ങനെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഊര്‍ജ്ജയാനത്തെ വിജയത്തിലെത്തിച്ചത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സീറോ വാള്‍ട്ട് ബള്‍ബ് 30 ദിവസം കൊണ്ട് ഉപയോഗിക്കുന്ന വൈദ്യുതി മതി 9 വാട്ടുള്ള ആറ് എല്‍ഇഡി ബള്‍ബുകള്‍ക്ക് ദിവസം ആറ് മണിക്കൂര്‍ വീതം ഒരു മാസം പ്രവര്‍ത്തിക്കാന്‍ എന്ന തിരിച്ചറിവ് വലിയ മാറ്റത്തിന് തന്നെ വഴിവെച്ചു. ഫിലമെന്റ് ബള്‍ബുകള്‍ കൂട്ടത്തോടെ ഒഴിവാക്കി 48000 എല്‍ഇഡി ബള്‍ബുകള്‍ മാറ്റി വെച്ചു. വൈദ്യുതി നിയന്ത്രിക്കാന്‍ ഊര്‍ജ്ജ മാനേജര്‍മാര്‍, എല്‍ഇഡി തെരുവ് വിളക്കുകള്‍, ഓഫീസുകളില്‍ ഊര്‍ജ്ജ പെരുമാറ്റ ചട്ടം, തുടങ്ങിയ അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനങ്ങളാണ് പിലീക്കോടിന്റെ ഊര്‍ജ്ജ നേട്ടത്തിന് പിന്നില്‍ .ഒറ്റ മാസം കൊണ്ട് തന്നെ 106800 യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞുവെന്ന് കെഎസ്ഇബിയിലെ ആധികാരിക രേഖകള്‍ പറയുന്നു. ഇങ്ങനെ കേരളത്തിലെ പഞ്ചായത്തുകള്‍ക്ക് ഊര്‍ജ്ജ ഉപയോഗത്തില്‍ മാതൃകയാവുകയാണ് പിലിക്കോട് ഗ്രാമ പഞ്ചായത്ത്.
- Log in to post comments