Skip to main content

ജില്ലയ്ക്ക് 98,17,73,790 രൂപയുടെ ധനസഹായം- പ്രളയം തകര്‍ത്ത ജീവിതങ്ങള്‍ക്ക് പ്രതീക്ഷയുടെ ചിറകു നല്‍കി  സംസ്ഥാന സര്‍ക്കാര്‍

 

2018 ആഗസ്റ്റിലെ പ്രളയം തകര്‍ത്ത പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ക്ക് 98,17,73,790 രൂപയുടെ ധനസഹായം ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷയുടെ ചിറകേകി. വിവിധ വകുപ്പുകള്‍ മുഖേന  ദുരിതബാധിതകര്‍ക്ക് എല്ലാം സഹായമെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. വീട് തകര്‍ന്നവര്‍ക്ക് ധനസഹായം, പ്രളയത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം എന്നിവ ലഭ്യമാക്കി. കൃഷി, റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങി എല്ലാം പുതുതായി ഒരുക്കുന്നതിനും സഹായം നല്‍കി. ആകെ 634 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഇവര്‍ക്ക് 4,00,000 രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്.  ഇതില്‍ എഗ്രിമെന്റ് വച്ച 223 പേര്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു.  കെയര്‍ഹോം പദ്ധതിപ്രകാരം ജില്ലയില്‍ സഹകരണവകുപ്പ്  114 വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ മുന്നോട്ടു വന്നത് പുതിയ കാല്‍വയ്പ്പാണ്.  16797 വീടുകളാണ് ഭാഗികമായി ജില്ലയില്‍ തകര്‍ന്നത്. 15 ശതമാനം കേടുപാടുകള്‍ സംഭവിച്ച 3894 വീടുകള്‍ക്ക് 10,000 രൂപ വീതം വിതരണം ചെയ്തു. 16 മുതല്‍ 29 ശതമാനം വരെ തകരാര്‍ സംഭവിച്ച 3850 വീടുകള്‍ക്ക് 60,000 രൂപ വീതം ധനസഹായവും വിതരണം ചെയ്തു. 30 മുതല്‍ 59 ശതമാനം വരെ കേടുപാടുകള്‍ സംഭവിച്ച 79 വീടുകള്‍ക്കുള്ള ആദ്യഗഡു വിതരണം ചെയ്തു. 60 മുതല്‍ 74 ശതമാനം വരെ കേടുപാടുകള്‍ സംഭവിച്ച ഏഴ് വീടുകള്‍ക്കും ധനസഹായത്തിന്റെ ആദ്യഗഡു വിതരണം ചെയ്തു കഴിഞ്ഞു. ഫ്രീമെയ്‌സണ്‍, പോലീസ് സൊസൈറ്റി, മുത്തൂറ്റ്, റെഡ്‌ക്രോസ്, എംഎസ് സുനില്‍, ചെങ്ങളത്ത്, ശതാനന്ദ ആശ്രമം തുടങ്ങി സ്‌പോണ്‍സര്‍മാര്‍  143 വീടുകളും നിര്‍മിച്ചുനല്‍കും. വീടുകളുടെ എല്ലാം നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. 260 വീടുകള്‍ വ്യക്തികള്‍ സ്വന്തമായി നിര്‍മിക്കും. പ്രളയത്തില്‍ മരണപ്പെട്ട 30 പേരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം 1,20,00,000 രൂപ വിതരണം ചെയ്തു. 

പ്രളയബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും മറ്റുമായി 12,00,000 രൂപ അനുവദിച്ചു. ക്യാമ്പുകളില്‍ ഭക്ഷണത്തിനും വസ്ത്രത്തിനുമായി 5,70,96,678 രൂപ അനുവദിച്ചതില്‍ 2,24,45,087 രൂപ ചെലവഴിച്ചു.  മരുന്നിനും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി 6,87,40,000 രൂപ ചെലവഴിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ യാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 2,00,00,000 രൂപ അനുവദിച്ചിരുന്നു. 

പ്രളയം 26838 കര്‍ഷകരെയാണ് നേരിട്ട് ബാധിച്ചത്. കാര്‍ഷിക മേഖലയ്ക്ക് 13,99,98,609  രൂപ അനുവദിച്ചു. വിള നശിച്ച 5043 കര്‍ഷകര്‍ക്കായി 2,28,63,592 രൂപ അനുവദിച്ചതില്‍ 22,85,261 രൂപ വിതരണം ചെയ്ത് കഴിഞ്ഞു. ഇനി 4969 കര്‍ഷകര്‍ക്ക് മാത്രമേ സഹായം ലഭിക്കാനുള്ളു.  ചെളിയും മാലിന്യവും നിറഞ്ഞ കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനായി 200 ലക്ഷം രൂപയും അനുവദിച്ചു. പൈപ്പ്, പമ്പ് സെറ്റ് മുതലായവ നന്നാക്കുന്നതിനായി 185 ലക്ഷം രൂപയാണ് അനുവദിച്ചത്. അതില്‍ 61 പാടശേഖരങ്ങള്‍ക്കായി 16,46,148 രൂപ വിതരണം ചെയ്തു. ജില്ലയിലെ കാര്‍ഷിക മേഖലയില്‍ ഏകദേശം 66 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. റാന്നി, കോഴഞ്ചേരി, പുല്ലാട്, തിരുവല്ല, പന്തളം, മല്ലപ്പള്ളി എന്നീ സ്ഥലങ്ങളിലെ കൃഷിയെയാണ് ഏറ്റവും കൂടുതല്‍ പ്രളയം ബാധിച്ചത്. കൂടാതെ അടൂരിലും വ്യാപകമായ കൃഷിനാശം സംഭവിച്ചിരുന്നു. ഓണവിപണി ലക്ഷ്യമിട്ട് മണിയാര്‍, അച്ചന്‍കോവില്‍, പമ്പ തുടങ്ങിയ പുഴകളുടെ തീരത്ത് ഇറക്കിയിരുന്ന കൃഷിയുമുള്‍പ്പെടെ ആകെ 112 ഹെക്ടറിലുള്ള കൃഷിയും നശിച്ചിരുന്നു. 

പ്രളയകെടുതിയില്‍ 161 ക്ഷീരകര്‍ഷകര്‍ക്ക് 88.55 ലക്ഷം വില വരുന്ന പശുക്കളും 134 പേര്‍ക്ക് 36.84 ലക്ഷം രൂപ വിലവരുന്ന കിടാവുകളും 93 ക്ഷീരകര്‍ഷകര്‍ക്ക് 4.65 ലക്ഷം വിലവരുന്ന കന്നുകുട്ടികളും നഷ്ടപ്പെട്ടു. 158 ക്ഷീര കര്‍ഷകരുടെ 79 ലക്ഷം രൂപ വരുന്ന കാലിത്തൊഴുത്ത് പൂര്‍ണമായും തകര്‍ന്നു.  370 പേര്‍ക്ക് 92.5 ലക്ഷം രൂപ നഷ്ടം വരുന്ന തൊഴുത്ത് ഭാഗികമായും നശിച്ചു. 68 ഹെക്ടര്‍ സ്ഥലത്തെ പുല്‍കൃഷിയും, 95 ടണ്‍ വൈക്കോലും, 1270 ബാഗ് കാലിത്തീറ്റയും പ്രളയത്തില്‍ നശിച്ചു. ക്ഷീരവികസന വകുപ്പിന്റെ ധന സഹായമായി പശു നഷ്ടമായതിനുള്ള ധനസഹായമായി 6 കര്‍ഷകര്‍ക്കായി 15,000 രൂപ വീതം ആകെ 90,000 രൂപയും കാലിത്തൊഴുത്ത് നഷ്ടമായ 20 കര്‍ഷകര്‍ക്ക് 5000 രൂപ വീതം 1,00,000 രൂപയും നല്‍കി. 70,000 രൂപ ധനസഹായതോടെ 100 ബാഗ് കാലിത്തീറ്റ വിതരണം ചെയ്തു.

  മുന്‍ വര്‍ഷങ്ങളിലെ കാലിത്തീറ്റ സബ്‌സിഡി ക്ഷീരകര്‍ഷകര്‍ക്ക് സി.ബി.റ്റി പദ്ധതി പ്രകാരം ജില്ലയില്‍ ബാക്കിയുള്ള തുക ഉപയോഗിച്ച് 650 ബാഗ് കാലിത്തീറ്റ 4,55,000 രൂപ സബ്‌സിഡിയോടെ പ്രളയബാധിത കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീര സംഘങ്ങള്‍ മുഖേന 20 ലക്ഷം രൂപയുടെ വൈക്കോല്‍, 6400 കെജി ധാതുലവണ മിശ്രിതം വിതരണം ചെയ്തു. എന്‍ ഡി ഡി ബി യില്‍ നിന്നും ലഭിച്ച 300 കെജി ഉണക്കപ്പുല്ല് , 15 ടണ്‍ സൈലേജ്, 704 ബാഗ് കാലിത്തീറ്റ, തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ബ്ലോക്ക്, പാറശാല ബ്ലോക്കുകളില്‍ നിന്നും ലഭിച്ച 8 ടണ്‍ വൈക്കോല്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി. വകുപ്പിന്റെ പദ്ധതിയിലും എല്‍ എസ് ജി ഡി പദ്ധതിയിലുമായി 212 പശുക്കളെയും 50 കിടാവിനേയും വിതരണം ചെയ്തു. ദുരിതബാധിത കര്‍ഷകര്‍ക്കായി സ്‌പെഷ്യല്‍ റീഹാബിലിറ്റേഷന്‍ പരിപാടികളില്‍ ഉള്‍പ്പെടുത്തി 145 പേര്‍ക്ക് ഒരു പശു, 97 പേര്‍ക്ക് 2 പശു, 700 കെ ജി ധാതുലവണമിശ്രിതം 75 പേര്‍ക്ക് കാലിതൊഴുത്ത്  നിര്‍മാണം എന്നിവയ്ക്കായി ജില്ലക്ക് 2 കോടി 42 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്, ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ധനസഹായ വിതരണം ആരംഭിച്ചിട്ടുണ്ട്.

പ്രളയബാധിതപ്രദേശത്ത് തകര്‍ന്ന റോഡുകളെല്ലാം 2018- 19 പദ്ധതിയിലുള്‍പ്പെടുത്തി പുനര്‍നിര്‍മാണം തുടങ്ങി. ഇരവിപേരൂര്‍ പഞ്ചായത്തില്‍ പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 28,60,229 രൂപയാണ് അനുവദിച്ചത്. അതില്‍ 12,89,771 രൂപ പഞ്ചായത്ത് മുഖേന ധനസഹായം നല്‍കി. കടമ്പനാട് പഞ്ചായത്തില്‍ 7.9 കിലോമീറ്റര്‍ റോഡ് പ്രളയത്തില്‍ തകര്‍ന്നു. പുനരധിവാസത്തിനും ശുചീകരണത്തിനുമായി ഇവിടെ 120000 രൂപ ചിലവഴിച്ചു. പെരിങ്ങരയില്‍ മലിനജലം മാറ്റി കിണര്‍ വൃത്തിയാക്കുന്നതിനായി 80,00,000 രൂപ വകയിരുത്തിയിരുന്നു. ഇതില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 27,20,400 രൂപ ചിലവഴിച്ചു. കൂടാതെ നിരണം പഞ്ചായത്തില്‍ എല്ലാ വീടുകളും സ്‌കൂളുകളും അംഗനവാടികളും മറ്റ് പൊതുസ്ഥാപനങ്ങളും വൃത്തിയാക്കി കിണറുകള്‍ ശുചീകരിച്ചു. ഓടകള്‍ വൃത്തിയാക്കി, കുടിവെള്ള വിതരണം പുന:ക്രമീകരിച്ചു. കോഴഞ്ചേരിയില്‍ 3.6 കിലോമീറ്റര്‍ നീളത്തില്‍ പന്ത്രണ്ട് റോഡുകള്‍ പ്രളയത്തില്‍ നശിച്ചു. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 45 ലക്ഷം രൂപ അനുവദിച്ചു. മല്ലപ്പുഴശേരിയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയാണ് അടങ്കല്‍ തുകയായി വകയിരുത്തിയത്. ഓമല്ലൂര്‍ പഞ്ചായത്തില്‍ എല്ലാ വീടുകളും സ്‌കൂളുകളും അംഗനവാടികളും മറ്റ് പൊതു സ്ഥാപനങ്ങളും വൃത്തിയാക്കി, കിണറുകള്‍ ശുചീകരിച്ചു. പള്ളിക്കല്‍ പഞ്ചായത്തില്‍ കിണര്‍ വൃത്തിയാക്കലിന് വേണ്ടി പഞ്ചായത്ത് മുഖേന 3 ലക്ഷം രൂപ അനുവദിച്ചിരുന്നു. മാനദണ്ഡങ്ങള്‍ പലിച്ച് കൃത്യമായ പരിശോധനകള്‍ പൂര്‍ത്തീകരിച്ചാണ് തുക വിതരണം ചെയ്യുന്നത്. മുഴുവന്‍ സഹായധനവും ലഭിക്കാത്തവര്‍ക്ക് ബാക്കി തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നു വരുന്നു.            (പിഎന്‍പി 398/19)

date