Skip to main content

ക്ഷയരോഗനിയന്ത്രണം:  സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും

 

ക്ഷയരോഗ നിയന്ത്രണ പരിപാടികളുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ചെലവേറിയ സിബിഎന്‍എഎറ്റി പരിശോധന, ചികിത്സ, തുടര്‍ പരിശോധനകള്‍, നിക്ഷയ് പോര്‍ഷന്‍ യോജന, ക്ഷയരോഗികള്‍ക്കുള്ള പെന്‍ഷന്‍ തുടങ്ങിയ സൗജന്യ സേവനങ്ങള്‍ ഇനി മുതല്‍ സ്വകാര്യ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. വിവരങ്ങള്‍ നിക്ഷയ് പോര്‍ട്ടല്‍ വഴി കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനുള്ള ക്രമീകരണവും ഉണ്ടാകും. ഈ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന വി.ആര്‍.പ്രേംകുമാറിന്റെ സാന്നിധ്യത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചു. 

സ്വകാര്യ ആശുപത്രികളുടെ ഈ മേഖലയിലെ പ്രവര്‍ത്തനം മാസത്തില്‍ ഒരിക്കല്‍ അവലോകനം ചെയ്യും. റിപ്പോര്‍ട്ട് ജില്ലാ റ്റി.ബി ഓഫീസര്‍ക്ക് സമര്‍പ്പിക്കും. ക്ഷയരോഗ നിര്‍മാര്‍ജനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. ക്ഷയരോഗ ചികിത്സയും വായുജന്യ രോഗനിയന്ത്രണ കിറ്റും രോഗികള്‍ക്ക് ലഭ്യമാക്കും. കഫപരിശോധനയ്ക്ക് രോഗി എത്താതെതന്നെ സാമ്പിളുകള്‍ പരിശോധനാകേന്ദ്രത്തില്‍ എത്തിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളെയും ഐഎംഎ സൗഹൃദ യൂണിറ്റിനെയും സ്വകാര്യ ആശുപത്രികളും ഉപയോഗപ്പെടുത്തും. സമൂഹത്തില്‍ ക്ഷയരോഗം സംബന്ധിച്ച ഭയം ഇല്ലാതാക്കുന്നതിന് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ, ജില്ലാ റ്റി.ബി ഓഫീസര്‍ ഡോ.റിഖി കൃഷ്ണന്‍, പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ഡോ.മനു, സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് അരുണ്‍, ഡോ.ജിനു തോമസ്, വിവിധ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ പങ്കെടുത്തു. 

          (പിഎന്‍പി 412/19)  

date