Skip to main content

താലൂക്കാശുപത്രിയിലും ബ്ലോക്ക് ഓഫീസിലും  തുമ്പൂര്‍മുഴി മാലിന്യസംസ്‌ക്കരണം 

 

മല്ലപ്പള്ളി താലൂക്കാശുപത്രിയിലും ബ്ലോക്ക് ഓഫീസിലും മാലിന്യസംസ്‌കരണത്തിന് തുമ്പൂര്‍മുഴി മോഡല്‍ പദ്ധതി നടപ്പിലാക്കും. സ്ഥാപനതല ഉറവിട മാലിന്യസംസ്‌ക്കരണ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ശുചിത്വ മിഷന്റെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. രണ്ടു സ്ഥലങ്ങളിലും മാലിന്യസംസ്‌കരണത്തിനായി പ്രത്യേക സംവിധാനം നിര്‍മിക്കും. ഒരു യൂണിറ്റിന് രണ്ടു ലക്ഷത്തോളം രൂപ ചെലവു വരുന്ന പദ്ധതിയുടെ പ്രാഥമിക പരിശോധന ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടത്തി. താലൂക്ക് ആശുപത്രി അങ്കണത്തിലെത്തിയ സംഘം വിശദമായ പരിശോധനയ്ക്ക് ശേഷമാണ് മടങ്ങിയത്. രോഗികളും ജീവനക്കാരും ഉപേക്ഷിക്കുന്ന ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗമായ തുമ്പൂര്‍മുഴി മാലിന്യസംസ്‌കരണ പദ്ധതി സംസ്ഥാനത്ത് പലയിടത്തും വിജയിച്ച പശ്ചാത്തലത്തിലാണ് മല്ലപ്പള്ളിയിലും ആരംഭിക്കുന്നതെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.രശ്മിമോള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍, വൈസ് പ്രസിഡന്റ് രോഹിണി ജോസ്, അംഗങ്ങളായ ജോസഫ് ഇമ്മാനുവേല്‍, പ്രകാശ്കുമാര്‍ വടക്കേമുറി, രമ്യാ മനോജ്, പഞ്ചായത്ത് സെക്രട്ടറി പി.കെ. ജയന്‍, അസി. സെക്രട്ടറി സാം കെ സലാം, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജി. കണ്ണന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍. അജയ്, ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ്് ജെറിന്‍ ജെയിംസ് വറുഗീസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മാത്യു മാരേട്ട്, നിഷ തുടങ്ങിയവര്‍ സംസാരിച്ചു.           (പിഎന്‍പി 474/19)

date