ഭക്ഷ്യഭദ്രതാ നിയമം ഫലപ്രദമായി നടപ്പാക്കി പൊതുവിതരണ വകുപ്പ്
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ദേശീയ ഭക്ഷ്യഭദ്രതാനിയമം ഫലപ്രദമായി നടപ്പാക്കി. കാര്‍ഡുടമകളില്‍ നിന്ന് ശേഖരിച്ച വിവരം അടിസ്ഥാനപ്പെടുത്തി കരട് മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും റേഷന്‍ വിതരണം ആരംഭിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാനതല റാങ്കിംഗിലൂടെ തയാറാക്കിയ ഈ മുന്‍ഗണനാലിസ്റ്റിന്മേലുള്ള ആക്ഷേപങ്ങളും പരാതികളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തലത്തിലും പിന്നീട് റേഷന്‍കട തലത്തില്‍ നടത്തിയ അദാലത്തുകള്‍ വഴിയും പരിഹരിച്ചു. റീ റാങ്കിംഗ് നടത്തി അന്തിമ മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള റേഷന്‍ കാര്‍ഡുകള്‍ അച്ചടിച്ച് പ്രത്യേക ക്യാമ്പുകള്‍ വഴി വിതരണം നടത്തുകയും ചെയ്തു. പൊതുവിതരണ വകുപ്പിന്റെ സുതാര്യതാപോര്‍ട്ടലില്‍ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചു. അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനായി പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി. നാലുചക്രവാഹനങ്ങളുള്ളവരേയും 1000 ച.അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരേയും മറ്റും അതത് സര്‍ക്കാര്‍ വകുപ്പുകളുടെ ഡേറ്റാബേസ് ഉപയോഗിച്ച് പരിശോധന നടത്തി കണ്ടെത്തുകയും മുന്‍ഗണനാലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുന്ന നടപടി തുടരുകയാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന അറിയിച്ചു.
ജില്ലയില്‍ നിലവിലുണ്ടായിരുന്ന 25 റേഷന്‍ മൊത്ത വ്യാപാരികളെ ഒഴിവാക്കി. പകരം സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോയെ ഭക്ഷ്യധാന്യം എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നും എടുത്ത് ഇന്റര്‍മീഡിയറി ഗോഡൗണുകളില്‍ സംഭരിച്ച് റേഷന്‍കടകളിലേക്ക് വാതില്‍പ്പടി വിതരണം നടത്താനായി നിയോഗിച്ചത് ചരിത്രപരമായ നേട്ടമാണ്. ജില്ലയിലെ എല്ലാ താലൂക്കിലെയും സപ്ലൈകോ ഗോഡൗണുകള്‍ മുഖേന ഭക്ഷ്യധാന്യസംഭരണവും റേഷന്‍കടകളിലേക്ക് വാതില്‍പ്പടി വിതരണവും 2017 മെയ ്മാസം മുതല്‍ നടന്നു വരുന്നു.
പൊതുവിതരണ സമ്പ്രദായത്തില്‍ പ്രധാനമായും വന്ന മാറ്റം എല്ലാ റേഷന്‍ കടകളിലും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനം വഴി കാര്‍ഡുടമകളെ തിരിച്ചറിഞ്ഞ് റേഷന്‍വിതരണം നടത്തുന്ന ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചതാണ്. ജില്ലാ ആസ്ഥാനത്ത് 2018 മാര്‍ച്ച് മാസം മുതലും മറ്റ് എല്ലാ താലൂക്കിലും 2018 മെയ് മാസം മുതലും ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിച്ചു. റേഷന്‍ വ്യാപാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി. റേഷന്‍ കാര്‍ഡംഗങ്ങളുടെ ആധാര്‍ മൊബൈല്‍ നമ്പര്‍ സീഡിംഗും നടത്തി.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തോടനുബന്ധമായി പൊതുവിതരണ വകുപ്പില്‍ നടന്നു വരുന്ന കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അര്‍ഹമായ റേഷന്‍ വിഹിതം റേഷന്‍കടകളില്‍ എത്തിച്ചേര്‍ന്നു എന്ന് മൊബൈല്‍ ഫോണില്‍ എസ്.എം.എസ് നല്‍കുന്ന രീതി നടപ്പാക്കി. ഇതിന് പുറമേ അതത് കാര്‍ഡുടമകള്‍ക്ക് ഓരോ മാസത്തേയും റേഷന്‍ വിഹിതത്തിന്റെ വിലയുള്‍പ്പെടെയുള്ള വിവരങ്ങളും എസ്.എം.എഎസ് സന്ദേശം നല്‍കുന്നുണ്ട്. ഇ-പോസ് മെഷീനുകള്‍ വഴി വിതരണം നടക്കുമ്പോള്‍ വാങ്ങിയ സാധനങ്ങളുടെ ബില്‍ വിവരങ്ങള്‍, ഇനിയും വാങ്ങാന്‍ അര്‍ഹമായ സാധനങ്ങളുടെ വിവരങ്ങള്‍ എന്നിവയും മൊബൈല്‍ ഫോണില്‍ എസ്.എം.എസ് സന്ദേശമായി അറിയിക്കുന്നത് വഴി ദേശീയ ഭക്ഷ്യഭദ്രതാനിയമം വിഭാവനം ചെയ്യുന്ന പൂര്‍ണസുതാര്യത ഉറപ്പാക്കുന്നതിന് കഴിഞ്ഞു. ധാന്യസംഭരണത്തിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോഡൗണുകളുടെ ഘട്ടംഘട്ടമായുള്ള നിര്‍മാണം സപ്ലൈകോ മുഖേന നടത്തുന്നതിനും ശുപാര്‍ശയുണ്ട്.
ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന് ഓണ്‍ലൈന്‍ പരാതി പരിഹാരസംവിധാനം പ്രവര്‍ത്തനസജ്ജമായി. ഓണ്‍ലൈനായോ ഇ-മെയില്‍ വഴിയോ ടെലിഫോണിലൂടെയോ പരാതി രജിസ്റ്റര്‍ ചെയ്യാനും പരാതി പരിഹാരത്തിന്റെ തല്‍സ്ഥിതി നിരീക്ഷിക്കാനും സാധിക്കും. പരാതി പരിഹാരത്തിനായി ദേശീയ ഭക്ഷ്യഭദ്രതാനിയമം അനുശാസിക്കുന്ന വിധത്തില്‍ ജില്ലതോറും ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
കണ്‍സ്യൂമര്‍ ബോധവത്കരണം, സ്‌കൂള്‍ കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപഭോക്ത്യ അവകാശസംരക്ഷണം വിഷയമാക്കി ചിത്രരചന, കാര്‍ട്ടൂണ്‍, ഉപന്യാസ മത്സരങ്ങള്‍ താലൂക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുകയും ഇതിലെ വിജയികളില്‍ നിന്നും ജില്ലാതല വിജയികളെ തിരഞ്ഞെടുത്ത് സമ്മാനദാനം നടത്തുകയും ചെയ്തു. ഇതിന് പുറമേ ഉപഭോക്തൃ അവകാശസംരക്ഷണം വിഷയമാക്കി കോളജ് വിദ്യാര്‍ഥികള്‍ക്കായി ഹ്രസ്വചിത്ര നിര്‍മാണ മത്സരവും സംസ്ഥാനതലത്തില്‍ നടത്തി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ രൂപീകരണത്തിനായി ട്രേഡ് യൂണിയനുകളില്‍ നിന്നുള്‍പ്പെടെ നാമനിര്‍ദേശവും ക്ഷണിച്ചു. പൊതുവിതരണരംഗത്തെ പരാതി പരിഹാരത്തിനായി വിവിധ തലങ്ങളില്‍ ഭക്ഷ്യോപദേശക സമിതികള്‍ രൂപീകരിച്ചു. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി ഈ സമിതികള്‍ പരിഷ്‌കരിച്ച് എ.ആര്‍.ഡി തലം വരെയുള്ള കമ്മറ്റികള്‍ രൂപീകരിക്കുന്ന നടപടികള്‍ നടന്നുവരുന്നു.
(പ്രത്യേക പത്രക്കുറിപ്പ് 4/19)
- Log in to post comments