റാന്നി വലിയപാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി
റാന്നി വലിയ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. റാന്നി വലിയ പാലത്തിന്റെ തൂണ് നിര്‍മ്മാണത്തിനായുള്ള പൈലിംഗിനുള്ള ആദ്യ കുറ്റി രാജു ഏബ്രഹാം എല്‍എല്‍എ നാട്ടിയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. റാന്നി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പമ്പാ നദിക്ക് കുറുകെ നിലവിലുള്ള വലിയപാലത്തിന് സമാന്തരമായി പെരുമ്പുഴ-ഉപാസനകടവുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിര്‍മിക്കുന്നത്. ഒന്നരവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പട്ടാമ്പി കേന്ദ്രമാക്കിയ പി ജി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതല. 27 കോടി രൂപയാണ് പാലം നിര്‍മാണത്തിനായി എസ്റ്റിമേറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പാലത്തിന്റെ റാന്നി കരയിലെ അപ്രോച്ച് റോഡ് തോട്ടമണ്‍ കണ്ടം വഴി ബ്ലോക്കുപടിയിലാണ് അവസാനിക്കുന്നത്. നിലവിലുള്ള 1.8 കി മീ ദൂരമുള്ള ഈ റോഡ് വികസിപ്പിച്ച് ബി എം ബി സി നിലവാരത്തില്‍ പുനരുദ്ധരിക്കും.
പുതിയ പാലം വരുന്നതോടെ പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് ബ്ലോക്കുപടി മുതല്‍ മിനര്‍വ്വ പടി വരെ സമാന്തര പാത രൂപീകരിക്കാനാവും. റാന്നിയിലെ നിരവധി ചെറു റോഡുകളുടെ വികസനത്തിനും ഇത് വഴി തെളിക്കും. ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിനും പുതിയ പാലം ഏറെ ഗുണം ചെയ്യും.
പാലത്തിന്റെ ഓരോ വശത്തും മൂന്ന് ബോ സ്ട്രിംഗോടുകൂടിയ ആര്‍ച്ച് ഉണ്ടാകും.നദിയിലെ മൂന്ന് തൂണുകളിലായി 45 മീറ്ററിന്റെ മൂന്ന് സ്പാനുകളും ഇരുകരകളിലുമായി 26 മീറ്ററിന്റെ ഒമ്പത് സ്പാനുകളുമാണ് ഉണ്ടാവുക. 12 മീ. വീതിയുള്ള പാലത്തിന് ഇരുവശത്തും ഒന്നേകാല്‍ മീറ്റര്‍ വീതിയിലുള്ള നടപ്പാതയും ഉണ്ടാവും. പഞ്ചായത്ത് പ്രസിഡന്റുമാരായ ശശികല രാജശേഖരന്, ജോസഫ് കുര്യാക്കോസ്, ബി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്സന് തോമസ്, പി ആര് പ്രസാദ്, മനോജ് ചരളേല്‍, ജേക്കബ് മാത്യു കരിങ്കുറ്റിയില്‍, കെ ഉത്തമന്, ബിനോയി കുര്യാക്കോസ്, ശ്രീനി ശാസ്താംകോവില്‍, നിസാംകുട്ടി, എക്സി എഞ്ചിനീയര്‍ സിസിലി ജോസഫ്, അസി. എക്സി.എഞ്ചിനീയര്‍ ബിജി തോമസ്, അസി.എഞ്ചിനീയര്‍ കുര്യന് സി ജോര്‍ജ്ജ്, ഷാജി കെ ബേബി എന്നിവര്‍ സംസാരിച്ചു.
(പിഎന്‍പി 490/19)
- Log in to post comments