Skip to main content
ആന്തൂര്‍ നഗരസഭ ഭവന രഹിതരില്ലാത്ത ആന്തൂര്‍ബ പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കുന്നു

ലൈഫ് ഭവന പദ്ധതി: ആന്തൂര്‍ നഗരസഭയില്‍ 180 വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു

ആന്തൂര്‍ നഗരസഭ പിഎംഎവൈ- ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 180 വീടുകളുടെ താക്കോല്‍ ദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. വിശപ്പ് രഹിത നഗരസഭ പ്രഖ്യാപനവും അഗതി രഹിത നഗര സഭ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി തയ്യാറാക്കിയ ആശ്രയ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഹരിത കര്‍മ്മ സേനയുടെ ഒന്നാം വാര്‍ഷികവും ചടങ്ങില്‍ നടന്നു.

 ഇന്ത്യയ്ക്ക് മുന്നില്‍ അഭിമാനത്തോടെ മാതൃകയായി നില്‍ക്കുന്ന സമൂഹമാണ് കേരളത്തിലേതെന്ന് മന്ത്രി പറഞ്ഞു. മാറ്റങ്ങളിലേക്ക് പോകുകയാണ് കേരളം. മതനിരപേക്ഷതാ പാരമ്പര്യത്തില്‍ അടിയുറച്ചു നിന്നു കൊണ്ട് ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം നല്ല പുരോഗതി നേടിയിട്ടുണ്ട്. കേരള സംസ്‌കാരം എന്ന് പറയുന്നത് അതാണ്. ഒരു സംസ്‌കാരത്തേയും നമ്മള്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. സംസ്‌കാരങ്ങളെ കൂട്ടിയോജിപ്പിച്ച് മികവുറ്റതാക്കാന്‍ ശ്രമിച്ചതാണ് കേരളത്തിലെ അനുഭവം. 

നാലായിരത്തോളം തസ്തികകള്‍ സൃഷ്ടിച്ച് ആറായിരം കോടി രൂപയാണ് വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ചെലവഴിച്ചത്. 172 പിഎച്ച്‌സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. ആരോഗ്യമുള്ള ഒരു ജനത വികസന പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ്. മെഡിക്കല്‍ കോളേജുകളിലും താലൂക്ക് ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ എത്ര പണം വേണമെങ്കിലും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.  കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒരു പാട് വികസന സാധ്യതകള്‍ വരികയാണ്. പുതിയ സംരഭങ്ങള്‍ക്കാവശ്യമായ 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ധര്‍മ്മശാലയില്‍ നടന്ന ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പി കെ ശ്യാമള, വൈസ് ചെയര്‍മാന്‍ കെ ഷാജു, ആന്തൂര്‍ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ്,  തുടങ്ങിയവര്‍ പങ്കെടുത്തു. ഭവന രഹിതരില്ലാത്ത ആന്തൂര്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ആന്തൂര്‍ നഗരസഭയില്‍ 335 വീടാണ് അനുവദിച്ചത്. ഇതില്‍ 180 വീടുകളുടെ പണി പൂര്‍ത്തിയായി. വീട് നിര്‍മ്മിക്കാന്‍ സ്ഥലമില്ലാത്ത കുടുംബങ്ങള്‍ക്ക് സ്ഥലം ലഭ്യമാക്കാനുള്ള നടപടികള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പരിപാടിയോടനുബന്ധിച്ച്  കേരള ഫോക്‌ലോര്‍ അക്കാദമിയുടെ നാടന്‍ പാട്ടും അരങ്ങേറി.

 

date