കേരള ട്രാവല്‍ മാര്‍ട്ട് പത്താം എഡിഷന്‍ സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ കൊച്ചിയില്‍
കേരള ട്രാവല്‍ മാര്‍ട്ട് പത്താം എഡിഷന്‍ ഔദ്യോഗിക ഉദ്ഘാടനം ലോക ടൂറിസം ദിനമായ സെപ്റ്റംബര്‍ 27ന് കൊച്ചിയില്‍ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28,29,30 തിയതികളിലാണ് ട്രാവല്‍ മാര്‍ട്ട്. ബിസിനസ് ടു ബിസിനസ് മീറ്റുകളെല്ലാം ഈ ദിനങ്ങളിലായിരിക്കും. കേരളം എന്ന ഡെസ്റ്റിനേഷന്റെ വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന മേള കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായിരിക്കും. ടൂറിസം മേഖലയിലെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ അണിനിരക്കുന്ന മുന്നൂറോളം സ്റ്റാളുകള്‍ പത്താം എഡിഷനിലുണ്ടാവും. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, ഹൗസ്‌ബോട്ടുകള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, തുടങ്ങിയ മേഖലകളുടെ പങ്കാളിത്തം മേളയിലുണ്ടാവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകരുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മലബാറിന്റെ ടൂറിസം വികസനം ട്രാവല്‍മാര്‍ട്ടിന്റെ പത്താം എഡിഷന്റെ മുഖ്യ ആശയമായിരിക്കും. അടുത്ത സെപ്റ്റംബറോടുകൂടി കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമ്പോള്‍ മലബാറിന്റെ വിനോദ സഞ്ചാര വികസനത്തിന് ആക്കം കൂടും. മലബാറിലെ ഒമ്പതു നദികള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന നദീതട ടൂറിസം പദ്ധതി ആദ്യഘട്ടം സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞമാസം വരെ വിവിധ പദ്ധതികള്‍ക്കായി 38.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന വ്യാപകമാക്കി ലോകശ്രദ്ധയില്‍ കൊണ്ടുവരിക എന്നതും ഇത്തവണത്തെ ട്രാവല്‍ മാര്‍ട്ടിന്റെ പ്രധാന പ്രമേയമായിരിക്കും. അമേരിക്കയിലെ ട്രാവല്‍ പ്രസിദ്ധീകരണമായ ലോണ്‍ലി പ്ലാനറ്റ് ഏഷ്യയിലെ കണ്ടിരിക്കേണ്ട പത്ത് ടൂറിസം ഡെസ്റ്റിനേഷനുകളില്‍ മൂന്നാമതായി മലബാറിനെ ഉള്‍പ്പെടുത്തിയത് വിനോദ സഞ്ചാര ഭൂപടത്തിലെ മലബാറിന്റെ പ്രാധാന്യമാണ് കാണിക്കുന്നത്. മലേഷ്യയെയും സിംഗപ്പൂരിനെയുമൊക്കെ പിന്തള്ളിയാണ് മലബാര്‍ ഈ മുന്നേറ്റം നടത്തിയിരിക്കുന്നത്. 2016ലെ കെടിഎമ്മില്‍ പ്രഖ്യാപിച്ച 'അജന്‍ഡ 9' പ്രകാരം കേരളത്തിലെ ടൂറിസം മേഖലയില്‍ മാലിന്യ നിര്‍മാര്‍ജനം, ജൈവകൃഷി, ഊര്‍ജ ഉപഭോഗം, പ്രാദേശിക വസ്തുക്കളുടെ ഉപയോഗം, മഴവെള്ള സംഭരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം, ഹരിതവത്കരണം, തുടങ്ങിയവ പ്രോത്സാഹിപ്പിക്കും. കേരള ട്രാവല്‍ മാര്‍ട്ടിലേക്കുള്ള പ്രീ രജിസ്‌ട്രേഷന്‍ ജനുവരിയില്‍ ആരംഭിക്കും. 2016ല്‍ നടന്ന കെടിഎം ഒമ്പതാം എഡിഷനില്‍ ഇന്ത്യയില്‍ നിന്ന് 638 ബയേഴ്‌സും 57 വിദേശ രാജ്യങ്ങളില്‍നിന്നായി 238 ബയേഴ്‌സും പങ്കെടുത്തു. ഒരു ലക്ഷത്തിലധികം വാണിജ്യ കൂടിക്കാഴ്ചകളും നടന്നു. പത്താം എഡിഷനില്‍ മുന്‍ എഡിഷനേക്കാള്‍ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. വേണു, ഡയറക്ടര്‍ പി. ബാലകിരണ്‍, അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്, കേരള ട്രാവല്‍മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യൂ, സെക്രട്ടറി ജോസ് പ്രദീപ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.4651/17
- Log in to post comments