Skip to main content
പിലാത്തറ-പാപ്പിനിശ്ശേരി റോഡില്‍ രാമപുരത്ത് നിര്‍മാണം പുരോഗമിക്കുന്ന ടെയ്ക്ക് എ ബ്രെയ്ക്ക് പാര്‍ക്ക്

രാമപുരത്ത് ടെയ്ക്ക് എ ബ്രെയ്ക്ക് പാര്‍ക്കും ഓപ്പണ്‍ ജിമ്മും ഒരുങ്ങുന്നു

 

പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ ടെയ്ക്ക് എ ബ്രെയ്ക്ക് വിശ്രമ പാര്‍ക്ക് ഒരുങ്ങുന്നു. രാമപുരത്ത് റോഡിനോട് ചേര്‍ന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ 40 സെന്റ് സ്ഥലത്താണ് ടി വി രാജേഷ് എംഎല്‍എയുടെ പ്രത്യേക താല്‍പര്യപ്രകാരം കെഎസ്ടിപി വിശ്രമ പാര്‍ക്ക് നിര്‍മിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും കുട്ടികള്‍ക്ക് കളിക്കാനും മുതിര്‍ന്നവര്‍ക്ക് ഉല്ലസിക്കാനുമുള്ള സൗകര്യങ്ങളോടെ സജ്ജീകരിക്കുന്ന പാര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. 

റെസ്റ്റോറന്റ്, ടോയ്‌ലെറ്റ്, ഓപ്പണ്‍ എയര്‍ തിയറ്റര്‍, വാട്ടര്‍ ഫൗണ്ടന്‍, ഇരിപ്പിടങ്ങള്‍, നടപ്പാത, ചുറ്റുമതില്‍ തുടങ്ങിയവ ഒരുക്കുന്നതിന് 26 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കിണര്‍നിര്‍മാണവും കെട്ടിടങ്ങള്‍ക്കും പൂന്തോട്ടങ്ങള്‍ക്കുമായി നിലമൊരുക്കുന്ന പ്രവൃത്തികളും ഇതിനകം പൂര്‍ത്തീകരിച്ചു. 20ലേറെ വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യത്തോടു കൂടിയാണ് പാര്‍ക്ക് ഒരുക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ക്ഷീണം അകറ്റാനുമുള്ള വഴിയോര പാര്‍ക്കെന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു. ഇതില്‍ ആദ്യത്തേതാണ് രാമപുരത്ത് ഒരുങ്ങതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പിലാത്തറയില്‍ നിന്ന് പാപ്പിനിശ്ശേരിയിലേക്കുള്ള വഴിയില്‍ റോഡിന് ഇടതുഭാഗത്തായാണ് ടെയ്ക്ക് എ ബ്രെയ്ക്ക് പാര്‍ക്ക് നിര്‍മിക്കുന്നത്. ഇതിന് എതിര്‍ഭാഗത്ത് ഒരു ഓപ്പണ്‍ ജിമ്മും സജ്ജീകരിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. 42 ലക്ഷം രൂപ ചെലവഴിച്ച് ഡിടിപിസിയാണ് ഇത് സജ്ജീകരിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജിംനേഷ്യത്തോടൊപ്പം ഡ്രസ് ചെയ്ഞ്ചിംഗ് റൂം, ടോയ്‌ലെറ്റ് എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. 20 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന ഓപ്പണ്‍ ജിമ്മില്‍ വെയ്റ്റ് ലിഫ്റ്റ്, റോവര്‍, ഹിപ്പ് ട്വിസ്റ്റര്‍, സര്‍ക്കുലര്‍ പുള്ളപ്പ് സ്റ്റേഷന്‍, ലെഗ് എക്സ്റ്റന്‍ഷന്‍, ചെസ്റ്റ് പ്രസ്സ്, സിറ്റപ്പ് ബോര്‍ഡ്, വാക്കര്‍, സൈക്കിള്‍, പുഷ് അപ്പ് ബാര്‍ തുടങ്ങി വിവിധ ഉപകരണങ്ങള്‍ സജ്ജീകരിക്കാനാണ് പദ്ധതി. ജിമ്മിന്റെ പ്രവൃത്തിയും താമസിയാതെ ആരംഭിക്കുമെന്നും എംഎല്‍എ അറിയിച്ചു. 

(പാര്‍ക്കിന്റെ ചിത്രം വഴിയെ അയക്കും)

 

date