നമ്മുടെ സര്‍ക്കാര്‍ 1000 നല്ല ദിനങ്ങള്‍: പ്രത്യേക പത്രക്കുറിപ്പ് - 4
ആയിരം ദിനം: സേവനപാതയില്‍ മുന്നേറി സാമൂഹ്യ സുരക്ഷാ മിഷന്‍
കാക്കനാട്: സമൂഹത്തില്‍ സാന്ത്വനവും പരിചരണവും ആവശ്യമുള്ളവരെയും അരികുവല്‍ക്കരിക്കപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തി സാമൂഹ്യ പുരോഗതിക്കൊപ്പം മുന്നേറുകയാണ് സാമൂഹ്യ സുരക്ഷാ മിഷന്‍. സമൂഹത്തില്‍ ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ള നവജാതശിശുക്കള്‍ മുതല്‍ വാര്‍ദ്ധക്യ രോഗങ്ങള്‍ അലട്ടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് വരെ വിവിധ പദ്ധതികളില്‍ പ്രത്യേക പരിചരണം ഒരുക്കുകയാണ് സാമൂഹ്യ സുരക്ഷാ മിഷന്‍.
പ്രത്യേക പരിരക്ഷ ആവശ്യമായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കുവാന്‍ സാമൂഹ്യസുരക്ഷാ മിഷന്‍ ആരംഭിച്ച പദ്ധതിയാണ് അനുയാത്ര. കുട്ടി ജനിക്കുമ്പോള്‍ പരിശോധന നടത്തി പ്രത്യേക പരിരക്ഷയോ ചികിത്സയോ ആവശ്യമാണെങ്കില്‍ ലഭ്യമാക്കുവാന്‍ കഴിയുന്ന പദ്ധതി വൈകല്യമുള്ള കുട്ടികള്‍ക്ക് അവര്‍ക്കാവശ്യമായ പ്രത്യേക പരിചരണം ലഭ്യമാക്കുന്നു. വൈകല്യങ്ങളെ മറികടക്കുവാനുള്ള ചികിത്സയും അതോടൊപ്പം കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് പ്രത്യേക പരിശീലനവും അനുയാത്ര പദ്ധതി ലഭ്യമാക്കുന്നു. വിവിധതരം വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കായി എല്ലാവിധ തെറാപ്പികളും ലഭ്യമാകുന്ന ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിന്റെ നിര്‍മ്മാണം ആലുവയില്‍ ആരംഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനും ലക്ഷ്യമിടുന്നതാണ് അനുയാത്ര പദ്ധതി.
ശ്രവണ വൈകല്യം നേരിടുന്ന കുട്ടികളെ ശബ്ദത്തിന്റെ ലോകത്തിലേക്ക് കൊണ്ടുവരികയാണ് ശ്രുതി തരംഗം പദ്ധതിയിലൂടെ സാമൂഹ്യ സുരക്ഷ മിഷന്‍. അഞ്ചു വയസിനു താഴെ പ്രായമുള്ള കേള്‍വി, സംസാര വൈകല്യം എന്നിവ നേരിടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിക്ക് കീഴില്‍ ചികിത്സ ലഭ്യമാക്കുന്നത്. വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കീഴിലും തിരഞ്ഞെടുത്ത വിവിധ സ്വകാര്യ ആശുപത്രികളിലുമായി അഞ്ചരലക്ഷം രൂപ ചെലവുവരുന്ന ചികിത്സയുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും.
ജില്ലയിലെ സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ ശ്രദ്ധേയമായ ഒന്നാണ് വയോമിത്രം പദ്ധതി. ജില്ലയില്‍ ആലുവ ഒഴികെയുള്ള എല്ലാ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധികളിലും വയോമിത്രം പദ്ധതി നടപ്പിലാക്കുന്നു. സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വയോജനങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍, വിവിധതരം പരിശോധനകള്‍, ഉല്ലാസ യാത്രകള്‍, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ബോധവത്കരണ ക്ലാസുകള്‍, സൗജന്യ ആംബുലന്‍സ് സേവനം, പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നു. നിലവില്‍ നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഈ പദ്ധതി ഗ്രാമപ്രദേശങ്ങളിലേക്കും വരും വര്‍ഷങ്ങളില്‍ വ്യാപിപ്പിക്കും. ഇതിനായി തെരഞ്ഞെടുത്ത ഒരു ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഈവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കും. പാമ്പാക്കുട, മുളന്തുരുത്തി, വൈപ്പിന്‍ എന്നീ ബ്ലോക്ക് പഞ്ചായത്തുകളാണ് ഇതിനായി താല്പര്യം അറിയിച്ചിരിക്കുന്നത്.
വലിയ ചികിത്സച്ചെലവ് വരുന്ന രോഗങ്ങള്‍ ബാധിച്ച് ചികിത്സ നടത്താന്‍ കഴിയാത്തവര്‍ക്കായി മിഷന്‍ ആരംഭിച്ച പദ്ധതിയാണ് വി-കെയര്‍. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിവിധ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടുകളും സ്വകാര്യ വ്യക്തികളുടെ ധനസഹായവും സമാഹരിച്ച് നടപ്പിലാക്കുന്ന പദ്ധതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സഹായമാകുന്നു. പദ്ധതിക്കു കീഴില്‍ ചികിത്സ ലഭിക്കുന്നതിനായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
മുഴുവന്‍സമയ പരിചരണം ആവശ്യമായ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നല്‍കുന്ന ധനസഹായമാണ് ആശ്വാസകിരണം. ദാരിദ്ര്യരേഖക്ക് താഴെയുള്ള കിടപ്പുരോഗികളുടെ പരിചാരകര്‍ക്ക് മാസം 600 രൂപ വീതം ധനസഹായം അനുവദിക്കുന്നു. കാന്‍സര്‍ ഒഴികെയുള്ള മാരകരോഗങ്ങള്‍ ബാധിച്ച 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ചികിത്സ നല്‍കുന്ന പദ്ധതിയാണ് താലോലം. താലോലം പദ്ധതിയില്‍ വരുമാനപരിധി പരിഗണിക്കാതെയാണ് സഹായം ലഭ്യമാക്കുന്നത്.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠന ചെലവിനും ചികിത്സാ സഹായത്തിനും ധനസഹായം കണ്ടെത്തുന്നതിനായുള്ള നൂതന പദ്ധതിയാണ് കാരുണ്യ ഡിപ്പോസിറ്റ്. സ്വകാര്യ വ്യക്തികള്‍ക്ക് ഒരുലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ പദ്ധതിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് നിക്ഷേപിക്കാം. ഈ തുകക്ക് ലഭിക്കുന്ന പലിശയും സര്‍ക്കാര്‍ സഹായവും ചേര്‍ത്ത് പ്രത്യേക പരിചരണം ആവശ്യമായ കുട്ടിക്ക് നല്‍കുന്നു. ഒരു വര്‍ഷത്തിനുശേഷം നിക്ഷേപം തിരിച്ചെടുക്കുകയോ ഒരു വര്‍ഷത്തേക്കുകൂടി നിക്ഷേപിക്കുകയോ ചെയ്യാം. പദ്ധതിയിലൂടെ 48 ലക്ഷം രൂപ സമാഹരിച്ച് കുട്ടികള്‍ക്ക് സഹായമെത്തിക്കുവാന്‍ ജില്ലയില്‍ സാമൂഹ്യ സുരക്ഷ മിഷന് സാധിക്കുന്നു.
വിവിധതരം രോഗങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്കായി വിവിധ സമാശ്വാസ പദ്ധതികളും മിഷനു കീഴില്‍ നടപ്പിലാക്കുന്നു. വൃക്ക തകരാറിലായി ഡയാലിസിസിന് വിധേയരാകുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാസം 1100 രൂപ ധനസഹായം നല്‍കുന്ന സമാശ്വാസപദ്ധതി 156 പേര്‍ക്കാണ് ആശ്വാസമാകുന്നത്. കരള്‍, വൃക്ക എന്നീ അവയവങ്ങള്‍ മാറ്റി വയ്ക്കപ്പെട്ട രോഗികള്‍ക്ക് അഞ്ചുവര്‍ഷം പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന സമാശ്വാസ പദ്ധതിയും രോഗികള്‍ക്ക് ഏറെ ആശ്വാസകരമാണ്. സമാശ്വാസം പദ്ധതിക്കുകീഴില്‍ ഹീമോഫീലിയ രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്നു.
അച്ഛനും അമ്മയും അല്ലെങ്കില്‍ ഇവരില്‍ ഒരാളോ നഷ്ടമായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭവനങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വ്വം. ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രിവരെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം ലഭ്യമാക്കുന്നു. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പ്രതിമാസം 300 രൂപയും ആറാം ക്ലാസ് മുതല്‍ 10 വരെ പ്രതിമാസം 500 രൂപയും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 750 രൂപയും ഡിഗ്രി തലത്തില്‍ പ്രതിമാസം 1000 രൂപയും പദ്ധതിക്ക് കീഴില്‍ ധനസഹായം നല്‍കുന്നു.
ചൂഷണങ്ങള്‍ക്ക് വിധേയരായ അവിവാഹിതരായ അമ്മമാര്‍ക്കായുള്ള സാമൂഹ്യസുരക്ഷാ പദ്ധതിയാണ് സ്‌നേഹസ്പര്‍ശം. പ്രതിമാസം 1000 രൂപ ഈ പദ്ധതിയില്‍ ഇവര്‍ക്ക് ധനസഹായമായി നല്‍കുന്നു. വിശപ്പുരഹിത നഗരം പദ്ധതി ഉള്‍പ്പെടെ മിഷന് കീഴില്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കിവരുന്നത് ഒട്ടനവധി പദ്ധതികളാണ്. ഓരോ ജില്ലയിലും അനുയോജ്യമായ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി സാമൂഹ്യസുരക്ഷാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു.
- Log in to post comments