സര്‍ക്കാരിന്റെ ആയിരം ദിനം വികസനവാര്‍ത്തകള്‍ പെണ്‍കരുത്തില്‍ ഒരുങ്ങുന്നത് ഭൂരഹിതരായ 400 പേര്‍ക്കുള്ള ഭവന സമുച്ചയം: ബൃഹദ് പദ്ധതിയൊരുക്കി പെരിന്തല്‍മണ്ണ നഗരസഭ
നഗരസഭയിലെ 640 എസ്.സി കുടുംബങ്ങളുടെ വാസയോഗ്യമല്ലാത്ത വീടുകള്‍ പുതുക്കിപ്പണിയുന്നതിന് പുറമെ പെണ്‍കരുത്തില്‍ ബൃഹത്തായ ഒരു ഭവന സമുച്ചയ നിര്‍മ്മാണ പദ്ധതി കൂടി നടപ്പിലാക്കുകയാണ് പെരിന്തല്‍മണ്ണ നഗരസഭ. പാതായ്ക്കര വില്ലേജില്‍ എരവിമംഗലം ഒടിയന്‍ചോലയില്‍ വാങ്ങിയ 6.87 ഏക്കര്‍ സ്ഥലത്താണ് ലൈഫ് മിഷന്റെ സഹായത്തോടെ 400 പേര്‍ക്കുള്ള ഭവന സമുച്ചയം നഗരസഭ ഒരുക്കുന്നത്. ഫെബ്രുവരി 23 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന് പാര്‍പ്പിട സമുച്ചയത്തിന് തറക്കല്ലിടും. നഗരസഭയുടെ മാലാഖ സൊലൂഷന്‍സ് എന്ന കുടുംബശ്രീ സംരംഭക ഗ്രൂപ്പിനാണ് പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മ്മാണച്ചുമതല.
600 സ്ക്വയര്‍ ഫീറ്റില്‍ മൂന്ന് നിലകളിലായി 12 ഭവനങ്ങളങ്ങുന്ന 34 ഭവന സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. ഭവന സമുച്ചയത്തോടൊപ്പം ഈ വീടുകള്ക്കാ വശ്യമായ കുടിവെള്ള പദ്ധതി, വൈദ്യുതി ലൈന്‍, കമ്യൂണിറ്റി ഹാള്‍, അങ്കണവാടി, റസിഡന്‍സ് അസോസിയേഷന് ഹാള്‍, വാണിജ്യ സ്ഥാപനങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രം, കളിസ്ഥലം, വിശ്രമകേന്ദ്രം എന്നീ ആധുനിക സൗകര്യങ്ങളും ഇവിടെ നിര്‍മ്മിക്കും. 440000000 രൂപയുടേതാണ് പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതി വിഹിതം 20,00,00,000 രൂപ, പി എം എ വൈ വിഹിതം 60,000,000 രൂപ, തൊഴിലുറപ്പ് വിഹിതം 14,70,00,00 രൂപ, ശുചിത്വ മിഷന് വിഹിതം 56,000,00 രൂപ, ഗുണഭോക്തൃവിഹിതം - 20000000 രൂപ, വിവിധ സ്രോതസ്സുകളിലെ സംഭാവന, സി.എസ്.ആര് ഫണ്ട് - 139700000 രൂപ എന്നിങ്ങനെ വിവിധ ധന സ്രോതസ്സുകളെ ഏകോപിപ്പിച്ച് ഒരു വര്‍ഷത്തിനകം തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് നഗരസഭ ചെയര്മാന് എം.മുഹമ്മദ് സലീം പറഞ്ഞു.
ലൈഫുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വേയില്‍ നഗരസഭയില്‍ 1324 പേര് ഭൂമിയുള്ള ഭവന രഹിതരാണെന്ന് കണ്ടെത്തിയിരുന്നു. 6 ഡി.പി ആറുകളില്‍ പി.എം.എ.വൈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് സമ്പൂര്‍ണ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ വിഭാഗത്തിന്റെ പ്രശ്നം നഗരസഭ സമ്പൂര്‍ണമായി പരിഹരിച്ചു . പണിതീരാത്ത വീടുള്ള 245 പേര്‍ക്ക് ലൈഫ് മിഷന് പദ്ധതി പ്രകാരം അധിക ധനസഹായം അനുവദിച്ചു. അതിന്റെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്.
ഭൂരഹിത ഭവന രഹിതരായി 512 പേരാണ് ലൈഫ് മിഷനിലൂടെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 2 സെന്റ് ഭൂമി പോലും ഇല്ലാത്ത 400 പേരെ അവരുടെ മറ്റ് ക്ലേശ ഘടകങ്ങളും പരിശോധിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ ലിസ്റ്റ് തയ്യാറാക്കി തെരഞ്ഞെടുത്തു. ഇവര്‍ക്കുള്ള ഭവന സുച്ചയമാണ് കുറഞ്ഞ ചിലവില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന തരത്തില്‍ എരവിമംഗലത്ത് നിര്‍മ്മിക്കുന്നത്.
- Log in to post comments