Skip to main content

ഹരിത കേരളം മിഷന്‍ : തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (നവംബര്‍ 1) തുടക്കം

കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് മുന്നൂറോളം തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (നവംബര്‍ 1) കേരളപ്പിറവി ദിനത്തില്‍ തുടക്കമാകും. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ കേന്ദ്രങ്ങളിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രവും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളുടെ പ്രവര്‍ത്തനവും ഇന്നാരംഭിക്കും. ആഗസ്റ്റ് 15ന് ആരംഭിച്ച 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' പരിപാടിയില്‍ നവംബര്‍ ഒന്നിന് നടത്തുമെന്ന് പ്രഖ്യാപിച്ച ശുചിത്വ മാലിന്യ സംസ്‌കരണ നിര്‍വഹണപദ്ധതികളുടെ ഉദ്ഘാടനമാണ് എല്ലാ മണ്ഡലങ്ങളിലും ഇരുന്നൂറോളം തദ്ദേശഭരണസ്ഥാപനങ്ങളിലൂടെ ഇന്ന് നടക്കുന്നത്. മറ്റു ചില പഞ്ചായത്തുകളില്‍ ഹരിത പെരുമാറ്റചട്ടം( ഗ്രീന്‍ പ്രോട്ടോക്കോള്‍) നടപ്പാക്കുന്നതിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന നടപ്പാക്കുന്ന ഹരിത കര്‍മ്മസേനയുടെ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകും. വിവിധ തലങ്ങളിലായി നടക്കുന്ന ഉദ്ഘാടന പരിപാടികളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുക്കും. തിരുവനന്തപുരം - 10, കൊല്ലം - 17, പത്തനംതിട്ട - ഒന്‍പത്, ഇടുക്കി - 26,കോട്ടയം - 13 തൃശൂര്‍ - 15, പാലക്കാട് - 11, മലപ്പുറം - 19, എറണാകുളം - 18, ആലപ്പുഴ - 31, കാസര്‍ഗോഡ് -12,കണ്ണൂര്‍ - 60 കോഴിക്കോട് -51 വയനാട് - നാല് എന്നിങ്ങനെ 296 തദ്ദേശ ഭരണ സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ജനുവരി ഒന്നോടെ എല്ലാ തദ്ദേശ ഭരണ പ്രദേശങ്ങളിലും ശുചിത്വ മാലിന്യ സംസ്‌കരണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ ആണ് ആരംഭിച്ചിട്ടുള്ളത്. മാര്‍ച്ച് 31 ഓടെ ഈ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ചിട്ടയോടെ നടക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കുമെന്ന് ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ : ടി.എന്‍. സീമ അറിയിച്ചു.

പി.എന്‍.എക്‌സ്.4666/17

date