Skip to main content

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി വെറ്റ് ലീസ് കരാര്‍ പ്രകാരമുള്ള സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ഇന്ന് (നവംബര്‍ 1) നിരത്തിലേക്ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന -ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി നിരത്തിലിറക്കുന്ന സ്‌കാനിയ സൂപ്പര്‍ ഡീലകസ് ബസ്സുകള്‍ ഇന്നു മുതല്‍ (നവംബര്‍ ഒന്ന്) നിരത്തുകളില്‍ ഓടിത്തുടങ്ങും. ഇന്ന് ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി അഞ്ചു ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രീമിയം ക്‌ളാസ് ബസ്സുകള്‍ വാടക ഇനത്തില്‍ ലഭ്യമാക്കി ഓടിക്കുന്നതിനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണീ സംരംഭം. കെ എസ് ആര്‍ ടി സി സി.എം.ഡി എ.ഹേമചന്ദ്രന്‍ ചടങ്ങില്‍ പങ്കെടുക്കും. ബെംഗളൂരു, ചെന്നൈ, മംഗളുരു, മണിപ്പാല്‍, സേലം, മധുര എന്നീ റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ വാടക ബസുകള്‍ ഓടിക്കുക. അന്തര്‍ സംസ്ഥാന റൂട്ടുകളിലും ദീര്‍ഘദൂര സര്‍വീസുകളിലും ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പിന്‍വലിച്ച് ഇവിടെ കോര്‍പ്പറേഷന്‍ വാടകയ്ക്ക് എടുക്കുന്ന ആഡംബര ബസുകളാകും ഇനി ഓടുക. ഇതിനായി സ്‌കാനിയ കമ്പനിയുമായാണ് കോര്‍പ്പറേഷന്‍ ധാരണയിലെത്തിയത്. ബസും ഡ്രൈവറും സ്‌കാനിയ കമ്പനി നല്‍കുന്ന രീതിയിലുള്ള വെറ്റ് ലീസ് കരാറിന്റെ അടിസ്ഥാനത്തിലാണു പദ്ധതി. കണ്ടക്ടറും ഡീസലും കെ.എസ്.ആര്‍.ടി.സി വകയായിരിക്കും. ആദ്യഘട്ടത്തില്‍ 10 ബസുകളും രണ്ടാം ഘട്ടത്തില്‍ 15 ബസുകളും നിരത്തിലിറങ്ങും. അറ്റകുറ്റപ്പണികള്‍, ടോള്‍, പെര്‍മിറ്റ് തുടങ്ങിയവ സ്വകാര്യ ബസ് കമ്പനിയുടെ ചുമതലയിലായിരിക്കും. വാടക സംവിധാനം ലാഭകരമെന്നു കണ്ടാല്‍ മറ്റു ദീര്‍ഘദൂര റൂട്ടുകളിലേക്കും വ്യാപിപ്പിക്കും. പുതിയ ബോഡി കോഡ് വ്യവസ്ഥയുള്ള 46 സീറ്റുകളാകും ഒരു ബസ്സിലുള്ളത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സര്‍വീസ് സംവിധാനവും ഉണ്ടായിരിക്കും. കിലോമീറ്ററിന് 23 രൂപ മുതല്‍ വിവിധ സ്ലാബുകളിലായാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. ഉച്ചക്ക് ശേഷം രണ്ടു മണി, 3:15, 5:00 ,7:30 സമയങ്ങളില്‍ ബാംഗ്‌ളൂരിലേക്കു സര്‍വീസുകള്‍ ഉണ്ടാകും. കൊല്ലൂര്‍ മൂകാംബികയിലേക്കു വൈകിട്ട് നാലു മണിക്കാണ് സര്‍വീസ് നടത്തുക. ബാംഗ്ലൂരിലേക്ക് അഞ്ചു മണിക്കും 7:30 മണിക്കും തിരിക്കുന്ന ബസുകള്‍ വ്യവസായ മേഖലയായ പീനിയ വരെ സര്‍വീസ് നടത്തും. ഉച്ചക്ക് രണ്ടു മണിക്ക് തിരുവനന്തപുരത്തു നിന്നുതിരിക്കുന്ന ബസ് രാവിലെ 4:40 നു ബാംഗ്ലൂരില്‍ എത്തിച്ചേരും. തുടര്‍ന്ന് ആറു മണിക്ക് ഇതേ ബസ് കോഴിക്കോടേക്ക് പുറപ്പെടും. ഉച്ചക്ക് ശേഷം രണ്ടുമണിക്ക് ആ ബസ് കോഴിക്കോട്ടു നിന്നു തിരിച്ചു രാത്രി 8:30 നു ബാംഗ്ലൂരില്‍ എത്തിച്ചേരും. കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്ക് പഠനത്തിനും ജോലിക്കും എത്തുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാകും ഈ സര്‍വീസുകളെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി പ്രത്യാശിച്ചു. ഇത്തരം കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ കൂടി നടത്തിയാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാവു. കൂടുതല്‍ സര്‍വീസുകള്‍ക്ക് നടപടികള്‍ സ്വീകരിച്ചു വരുകയാണ്. ഇത് ലാഭകരമെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ മലയാളികള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളിലേയ്ക്ക് സര്‍വീസ് നടത്തുന്നതും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പി.എന്‍.എക്‌സ്.4667/17

date