ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൈമാറി
കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരന്തബാധിത മേഖലയായി മാറിയ വൈപ്പിന്‍, ചെല്ലാനം മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായം 2000 രൂപ വീതം ഫിഷറീസ് വകുപ്പ് കൈമാറി. 8540 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ ധനസഹായം വിതരണം ചെയ്യുന്നത്.
അടിയന്തിര ധനസഹായമായി ജില്ലയ്ക്ക് (1,70,80,000) ഒരു കോടി എഴുപത് ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് അനുവദിച്ചത്.
ദുരന്ത നിവാരണ അതോറിറ്റി കൈമാറിയ തുക
ഫിഷറീസ് വകുപ്പ് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു.
ഇന്നലെ (ഡിസംബര്‍ 12) 87 മത്സ്യത്തൊഴിലാളികള്‍ കൂടി തിരിച്ചെത്തിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നു പോയ 7 ബോട്ടുകളും ഇന്നലെ തിരിച്ചെത്തി.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളും ടോയ്ലെറ്റുകളും തകര്‍ന്ന വൈപ്പിന്‍, ചെല്ലാനം മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇന്നലെ (ഡിസംബര്‍ 12) വൈപ്പിന്‍ മേഖലയിലെ 256 വീടുകള്‍ സന്ദര്‍ശിച്ചു. ആറു വീടുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. 12 കിണറുകള്‍ അണുവിമുക്തമാക്കി. നാല് പൊതുസ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറി. 150 ലഘുലേഖകള്‍ വിതരണം നടത്തി. മാലിപ്പുറം സിഎച്ച്സിയുടെ നേതൃത്വത്തില്‍ 28 ജീവനക്കാരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ചെല്ലാനം മേഖലയില്‍ 348 വീടുകള്‍ സന്ദര്‍ശിച്ചു. 36 വീടുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. 184 ഒആര്‍എസ് പാക്കറ്റുകള്‍ വിതരണം ചെയ്തു. 280 സ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറി അണുനശീകരണം നടത്തി. 46 സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. 44 സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കി. 149 ലഘുലേഖകള്‍ വിതരണം ചെയ്തു.
11 ആശ വര്‍ക്കര്‍മാരും 17 ജീവനക്കാരും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 13, 19, 21 വാര്‍ഡുകളിലായി 11 പേര് പനി ബാധിതരായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജോയിന്റ് ഓപ്പറേഷന്‍സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, നേവി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments