റീബിൽഡ് അപ്പിലെ 834 പേർക്ക് ധനസഹായം വിതരണം ചെയ്തു
ആലപ്പുഴ:ജില്ലയിൽ പ്രളയംമൂലം പൂർണ്ണമായി വീടു നശിച്ച് റീബിൽഡ് അപ്പിൽ ഉൾപ്പെട്ട ഗുണഭോക്താക്കളിൽ 834 പേർക്ക് ധനസഹായം വിതരണം ചെയ്തു. സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിപ്രകാരം 114 പേർക്കും ധനസഹായം നൽകി. വീടുകളുടെ നിർമ്മാണം പുരോഗമിച്ചു വരുന്നു.
പൂർണ്ണഭവനനാശം സംഭവിച്ചവരിൽ അപ്പീൽ അപേക്ഷകൾ സമർപ്പിച്ചതും, അപ്പീൽ നൽകാത്തതുമായ ഗുണഭോക്താക്കളുടെ വീടുകൾ അതത് പഞ്ചായത്തിലെ അസി.എൻജിനീയർ/ഓവർസിയർമാർ പരിശോധന നടത്തി സാക്ഷ്യപ്പെടുത്തിയ പട്ടിക, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് നൽകിയിരുന്നു. ഈ ഗുണഭോക്തൃ പട്ടിക തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം), ഹൗസിങ് ബോർഡ് എന്നീ ഓഫീസുകളിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ കുറയാത്ത രണ്ട് ഉദ്യോഗസ്ഥർ വീതം അടങ്ങുന്ന ജില്ലാതല അപ്പീൽ കമ്മിറ്റി ഫീൽഡ് പരിശോധന നടത്തി. ധനസഹായത്തിന് അർഹരായവരുടെ പട്ടിക മാർച്ച് രണ്ടിന് നടന്ന ജില്ലാതല അപ്പീൽകമ്മിറ്റി അംഗീകരിച്ചിരുന്നു.
പട്ടിക പരിശോധനയ്ക്കായി കളക്ടറേറ്റ്, അതത് താലൂക്കാഫീസുകൾ, തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിക്കും. ഇതിലെ ഗുണഭോക്താക്കൾ ആദ്യ ഗഡു ലഭിക്കുന്നതിനായി സമ്മതപ്രതം ഉൾപ്പെടെയുള്ള അനുബന്ധരേഖകൾ ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപന സെക്രട്ടറിമാരെ ഏൽപിക്കണം. സെക്രട്ടറിമാർ രേഖകൾ പരിശോധിച്ച് അതത് തഹസിൽദാർമാർക്ക് ധനസഹായ വിതരണത്തിനായി കൈമാറണമെന്ന് ദുരന്തനിവാരണം ഡപ്യൂട്ടി കളക്ടർ അറിയിച്ചു.
- Log in to post comments