Skip to main content

സ്‌നേഹിതാ കോളിംഗ് ബെല്‍ ഗുണഭോക്തൃസംഗമം നടത്തി

 

ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്ത പദ്ധതിയായ പ്രൊജക്റ്റ് ഹാപ്പിനെസ് സ്‌നേഹിതാ കോളിംഗ്‌ബെല്‍ പദ്ധതിയുടെ ഗുണഭോക്തൃസംഗമം റാന്നി വൈ.എം.സി.എ. ഹാളില്‍ രാജുഎബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെട്ടു താമസിക്കുന്ന മാനസിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് നിരന്തര സമ്പര്‍ക്കം നടത്തി ജീവിതം സന്തോഷകരമാക്കാന്‍ വേണ്ട സാഹചര്യം ഒരുക്കുന്ന പദ്ധതിയാണ് പ്രോജക്ട് ഹാപ്പിനെസ്സ്. തിരിച്ചറിയല്‍ രേഖകള്‍ എംഎല്‍എ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ഒരേ സ്ഥലത്ത് ലഭ്യമാകുന്നതിനായി അക്ഷയ, താലൂക്ക് സപ്ലൈ ഓഫീസ് ഹെല്‍പ് ഡെസ്‌കുകള്‍ ഒരുക്കിയിരുന്നു. മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിന്റെ സഹകരണത്തില്‍ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി.

ജില്ലയില്‍ 2466 പേരാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. റാന്നി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന 315 പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. ഘട്ടംഘട്ടമായി ജില്ലയിലെ മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലും സംഗമം ഒരുക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജമധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു സ്വാഗതം ആശംസിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍.അനുപ പദ്ധതി വിശദീകരിച്ചു. പഴവങ്ങാടി പഞ്ചായത്ത്  പ്രസിഡന്റ് ജോസഫ് കുര്യാക്കോസ്, റോണിരാജു, എ.റസിയ, പൊന്നിതോമസ്, ജയന്‍, നിഷരാജീവ്, രാജമ്മ, ഗ്രേസിഫിലിപ്പ്്, വത്സലരാജന്‍, ഓമനവിശ്വനാഥ്, രാജന്‍ എന്നിവര്‍ സംസാരിച്ചു. 

          (പിഎന്‍പി 867/19)

date