ലോകസഭ തെരഞ്ഞെടുപ്പ് 2019 യോഗസ്ഥലവും സമയവും മുന്‍കൂട്ടി പോലീസിനെ അറിയിക്കണം : ജില്ലാ ഇലക്ഷന് ഓഫീസര്‍
ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനുളള ക്രമീകരണം നടത്താന്‍ പോലീസിന് കഴിയും വിധം യോഗസ്ഥലംവും സമയവും നേരത്തെ തന്നെ പോലീസ് അധികാരികളെ അറിയിക്കാന്‍ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തയ്യാറാകണമെന്ന് ജില്ലാ ഇലക്ഷന് ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു.
യോഗം നടത്താന്‍ ഉദ്ദേശിച്ച സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലുണ്ടോ എന്ന കാര്യം രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടതാണ്. അത്തരം ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കണിശമായി പാലിക്കണം. ഉത്തരവുകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിന് മുന്‍കൂട്ടി തന്നെ അപേക്ഷ നല്കി അനുമതി തേടണം. യോഗത്തിന് ഉച്ചഭാഷിണികളോ മറ്റേതെങ്കിലും സൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദമോ ലൈസന്‍സോ വേണമെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ കാലേകൂട്ടി ബന്ധപ്പെട്ട അധികാരിയോടപക്ഷിച്ച് അനുവാദം തേടണം.
യോഗം അലങ്കോലപ്പെടുത്തുകയോ മറ്റ് വിധത്തില്‍ ബഹളമുണ്ടാക്കുകയോ ചെയ്യുന്ന ആളുകളെ കൈകാര്യം ചെയ്യുന്നതിന് ഡ്യൂട്ടിയിലുളള പോലീസിന്റെ സഹായം യോഗം സംഘാടകര്‍ ആവശ്യപ്പെടേണ്ടതാണെന്നും ജില്ലാ ഇലക്ഷന് ഓഫീസര്‍ അറിയിച്ചു.
- Log in to post comments