റോഡ് ഉദ്ഘാടനം ചട്ടലംഘനം; വാര്‍ഡംഗങ്ങള്‍ക്ക് കര്‍ശന താക്കീത്
മാതൃകാ പെരുമാറ്റച്ചട്ടം നിലവിലിരിക്കെ റോഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത റാന്നി-പഴവങ്ങാടി പഞ്ചായത്തിലെ രണ്ട് അംഗങ്ങളെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് താക്കീത് ചെയ്തു. മാതൃകാപെരുമാറ്റച്ചട്ടങ്ങള് ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ ലംഘിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പത്തനംതിട്ട റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ശുഭാനന്ദാശ്രമംപടി - ആനത്തടം റോഡ് കഴിഞ്ഞ 23ന് ഉദ്ഘാടനം ചെയ്ത സംഭവത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് താക്കീത് നല്‍കിയത്. പത്താം വാര്‍ഡ് അംഗം അനിത അനില്‍കുമാര്‍, ഒമ്പതാം വാര്‍ഡംഗം എല്‍സി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ റോഡ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് റാന്നി കരികുളം ഈട്ടിക്കല്‍ ലിബിന്‍ലാല്‍ വര്‍ഗീസാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 10ന് മുമ്പുതന്നെ ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാവുകയും 19ന് കരാറുകാരന് പണം മാറി നല്‍കുകയും ചെയ്തിരുന്നതായും സ്റ്റേജ്, മൈക്ക്, കസേര, നോട്ടീസ് എന്നിവയില്ലാതെയായിരുന്നു ഉദ്ഘാടനമെന്നും ഇതുസംബന്ധിച്ച് അനേ്വഷിച്ച തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്കി.
പരാതിക്കാരന്, സാക്ഷികള്‍, എതിര്‍കക്ഷികള്‍ എന്നിവരുടെ മൊഴികള്‍ പരിശോധിച്ചതില്‍ നിന്നും റോഡ് ഉദ്ഘാടനം ചട്ടലംഘനമാണെന്ന് കണ്ടെത്തി. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പോ, ശേഷമോ പൂര്‍ത്തീകരിച്ച പദ്ധതികള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ പങ്കാളിത്തമോ, ആഘോഷമോ ഇല്ലാതെ സിവില്‍ ഉദേ്യാഗസ്ഥര്‍ മാത്രമേ കമ്മീഷന് ചെയ്യുകയോ, തുറന്നുകൊടുക്കുകയോ ചെയ്യാന്‍ പാടുള്ളൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം. എന്നാല്‍ മനപൂര്‍വം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതെന്ന് വാര്‍ഡ് അംഗങ്ങളായ അനിത അനില്‍കുമാറും എല്‍സി മാത്യുവും ബോധിപ്പിച്ചു. ഇരുവരും ഉപാധിരഹിത മാപ്പ് അപേക്ഷിക്കുകയും ചെയ്തു. മാപ്പ് അപേക്ഷകൂടി പരിഗണിച്ച് രണ്ടുപേര്‍ക്കും കര്‍ശന താക്കീത് നല്‍കാനും ഭാവിയില്‍ പെരുമാറ്റച്ചട്ട ലംഘനം ആവര്‍ത്തിച്ചാല്‍ ശക്തമായ നിയമനടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്കുവാനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്. (ഇലക്ഷന്: 107/19)
- Log in to post comments