എച്ച്1എന്‍1: ജാഗ്രതപാലിക്കണം - ജില്ലാ മെഡിക്കല്‍ ഓഫിസര്‍
ജില്ലയില്‍ എച്ച്1എന്‍1 സ്ഥിതീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സക്കീന അറിയിച്ചു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗത്തിനുള്ള മരുന്ന് ജില്ലയില്‍ സ്റ്റോക്കുണ്ടെന്നും ഇത് സൗജന്യമായി ലഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികള്‍ക്കും ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. പനി, ജലദോക്ഷം, തൊണ്ടവേദന എന്നിവയാണ് എച്ച്1എന്‍1 രോഗത്തിന്റെ പ്രഥമലക്ഷണം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ അടിയന്തരമായി ഡോക്ടറെ സമീപിക്കണം.
പ്രത്യേകം ശ്രദ്ധിക്കേണ്ടവര്‍:
ഗര്‍ഭിണികള്‍, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍, വയോധികര്‍, ദീര്‍ഘകാലമായി മറ്റു രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, എന്നിവര്‍ അസുഖ ലക്ഷണങ്ങള്‍ വരുമ്പോള്‍ തന്നെ ഉടനടി ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്. ഈ രോഗത്തിനുള്ള മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
ശ്രദ്ധിക്കേണ്ടവ:
• വായുവില്‍ കൂടി പകരുന്ന രോഗമായതിനാല്‍ രോഗമുള്ളവര്‍ സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും വായ മൂടിക്കെട്ടണം.
• പനി മാറുന്നതു വരെ വീടുവിട്ടു പോകരുത്.
• പൂര്‍ണമായും വീട്ടില്‍ വിശ്രമിക്കണം.
• ധാരാളം വെള്ളം കുടിക്കുക. എളുപ്പത്തില്‍ ദഹിക്കുന്ന പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക
എച്ച്1എന്‍1 പനിക്ക് പരിശോധിച്ച് ലക്ഷണങ്ങള്‍ നോക്കി ഡോക്ടര്‍ രോഗം നിര്‍ണ്ണയിക്കുന്ന രീതിയാണ് പാലിക്കുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ ടെസ്റ്റുകള്‍ ചെയ്ത് രോഗ സ്ഥിതീകരണം നടത്തേണ്ട ആവശ്യമുള്ളൂ
- Log in to post comments