വോട്ടെണ്ണല്‍- ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടങ്ങി
മേയ് 23ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കൗണ്ടിങ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് , മൈക്രോ ഒബ്‌സര്‍വര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. വോട്ടിങ് മെഷീനും വിവിപാറ്റും കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ചും കൗണ്ടിങ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു. പ്ലാനിങ് സെക്രട്ടറിയേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി.കെ അനില്‍കുമാര്‍ നേതൃത്വം നല്‍കി. സ്വീപ് കോര്‍ഡിനേറ്റര്‍ അന്‍സു ബാബു ക്ലാസ്സെടുത്തു.
വോട്ടെണ്ണല്‍ നടപടികള്‍ക്കായി 619 ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. 244 മൈക്രോ ഒബ്‌സര്‍വര്‍മാരെയും 216 കൗണ്ടിങ് സൂപ്പര്‍ വൈസര്‍മാരെയും 230 കൗണ്ടിങ് സ്റ്റാഫിനെയുമാണ് വരണാധികാരി നേരിട്ട് നിയമിച്ചിട്ടുള്ളത്. സെക്കന്‍ഡ് റാന്‍ഡമൈസേഷനു ശേഷം നിയോജക മണ്ഡല കൗണ്ടിങ് ഹാള്‍ അടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് മെയ് 22 ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും. അവര്‍ ഉദ്യോഗസ്ഥരെ ഫോണ്‍ മുഖേന കൗണ്ടിങ് ഹാള്‍ സംബന്ധമായ വിവരങ്ങള്‍ അറിയിക്കും. കൗണ്ടിങ് ഹാളിലെ ഏതൊക്കെ ടേബിളുകളിലാണ് ഓരോരുത്തരെയും നിയമിക്കേണ്ടതെന്നത് സംബന്ധിച്ച ലിസ്റ്റും ഐ.ഡി കാര്‍ഡും വോട്ടെണ്ണല്‍ ദിവസം തേര്‍ഡ് റാന്‍ഡമൈസേഷനു ശേഷം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കും. തുടര്‍ന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ കൗണ്ടിങ് സ്റ്റാഫിന് ഐ.ഡി കാര്‍ഡ് വിതരണം ചെയ്യും.
ഓരോ അസംബ്ലി നിയോജക മണ്ഡലത്തിനും ഓരോ റൂം എന്ന നിലയിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ റൂമിലും 12 ടേബിളുകളാണ് സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരുണ്ടാകും. മേയ് 23 രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് ശേഷം ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലെയും അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വി.വിപാറ്റ് മെഷീനുകളിലെ പ്രിന്റഡ് ബാലറ്റുകള്‍ പരിശോധിക്കും. നറുക്കെടുപ്പിലൂടെയാവും പ്രിന്റഡ് ബാലറ്റ് എണ്ണുന്ന വിവിപാറ്റുകള്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷമാവും അന്തിമ ഫലപ്രഖ്യാപനം.
രണ്ട് ഘട്ടങ്ങളിലായാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ട് ദിവസങ്ങളിലായി നാല് ടീമുകളായാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തിലെ പരിശീലന ക്ലാസുകള്‍ ഇന്നും (മേയ് 17) തുടരും.
- Log in to post comments