Skip to main content

പ്രവേശനോത്സവം ഹരിതാഭമാക്കി വയലാവടക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

 

വള്ളിക്കോട് പഞ്ചായത്തുതല സ്‌കൂള്‍ പ്രവേശനോത്സവം ഹരിതാഭമാക്കി വയലാവടക്ക് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ വ്യത്യസ്തമായി. പൂര്‍ണമായും പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് അലങ്കാരങ്ങള്‍ മുതല്‍ സമ്മാനങ്ങള്‍ വരെ തയാറാക്കിയത്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കുരുത്തോലകൊണ്ട് നിര്‍മിച്ച പൂവ് നല്‍കിയും അക്ഷരദീപം തെളിയിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് നവാഗതരെ സ്വീകരിച്ചത്. സ്‌കൂളും പരിസരവും മാറാമ്പ് ഇല, പനയോല, ആലില തുടങ്ങിയവ ഉപയോഗിച്ചാണ് അലങ്കരിച്ചത്. 

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍  ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ കെ.പി.ശ്രീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോന്നി ബ്ലോക്ക് പഞ്ചാത്ത് വൈസ്പ്രസിഡന്റ് റോസമ്മ ബാബുജി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, ഗ്രാമപഞ്ചായത്ത് അംഗം ജെയ്‌സി കോശി, ഹെഡ്മിസ്ട്രസ് എ.ജെ.രാധാമണി, അധ്യാപകരായ കെ.ശശികല, ഗംഗാഭയ്, ജിന്‍സി, സന്ധ്യ, എസ്എംസി വൈസ് ചെയര്‍മാന്‍ എന്‍.വിജയന്‍, സ്‌കൂള്‍ വികസന സമിതി അംഗങ്ങളായ എ.ആര്‍.രഘുനാഥന്‍ നായര്‍, ടി.കെ.ബിജു, വിജയമോഹനന്‍ ആചാരി തുടങ്ങിയവര്‍ പങ്കെടുത്തു.                   (പിഎന്‍പി 1335/18)

date