അഭിഭാഷകരുമായി കമ്മീഷന് മുന്നിലെത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല: എം സി ജോസഫൈന്‍ ക്രിമിനല്‍ കേസുകളില്‍ സ്ത്രീകള്‍ പൊലീസ് പരാതി നല്‍കണം
അഭിഭാഷകരുമായി കമ്മീഷന് മുന്നിലെത്താനുള്ള അവകാശം കേസുകളിലെ വാദിക്കും പ്രതിക്കുമുണ്ടെങ്കിലും കമ്മീഷന്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. കേസ് അഭിഭാഷകനെ ഏല്‍പ്പിക്കാന്‍ കമ്മീഷനില്‍ പരാതികളായെത്തുന്ന സ്ത്രീകളുടെ സാമ്പത്തിക പശ്ചാത്തലം പലപ്പോഴും അനുവദിക്കാറില്ല. കമ്മീഷന് മുന്നിലെത്തുന്ന 99 ശതമാനത്തിലധികം സ്ത്രീകളും കേസ് അഭിഭാഷകരെ ഏല്‍പ്പിക്കാറില്ല. സ്ത്രീകള്‍ നല്‍കുന്ന പരാതികളില്‍ പ്രതികളായി വരുന്ന പുരുഷന്മാര്‍ പലപ്പോഴും അഭിഭാഷകരുമായാണ് എത്തുന്നത്. ഇവിടെ പലപ്പോഴും സംസാരിക്കുന്നതും അഭിഭാഷകര്‍ തന്നെയായിരിക്കും.
ഗാര്‍ഹിക പീഡനം, അപമാനിക്കല്‍, സ്വത്ത് തര്‍ക്കം തുടങ്ങിയ പരാതികളുമായെത്തുന്ന സ്ത്രീകള്‍ ഈ അവസ്ഥയില്‍ പലപ്പോഴും നിസാഹായരാവുകയാണ് ചെയ്യുന്നത്. കമ്മീഷന്‍ കൃത്യമായി വാദിയുടെയും പ്രതിയുടെയും ഭാഗം വിസ്തരിച്ച് കേള്‍ക്കുന്നുണ്ട്. അവരാണ് അദാലത്തില്‍ സംസാരിക്കേണ്ടത്. അതുകൊണ്ട് തന്നെ അഭിഭാഷകരുമായി അദാലത്തില്‍ എത്തുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും ജോസഫൈന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ക്രിമിനല്‍ സ്വഭാവമുള്ള കേസുകളില്‍ സ്ത്രീകള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും ഈ വിവരങ്ങള്‍ കൂടി കമ്മീഷന് നല്‍കുന്ന പരാതിയില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്നും കമ്മീഷന്‍ അറിയിച്ചു. ഇത്തരത്തില്‍ പരാതി നല്‍കുകയാണെങ്കില്‍ കമ്മീഷന് എളുപ്പത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
പറശ്ശിനിക്കടവിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന വിധവയും രണ്ട് കുട്ടികളുടെ അമ്മയുമായ സ്ത്രീയെ ഹോട്ടലിന്റെ എം ഡി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പ്രതിക്ക് നാല് തവണ കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. എന്നാല്‍ കമ്മീഷന് മുന്നില്‍ ഹാജരാവാന്‍ പ്രതി ഇതുവരെ തയ്യാറായിട്ടില്ല. കേസില്‍ 15 ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എസ് പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.
ഉദയഗിരി പഞ്ചായത്തില്‍ പോലീസില്‍ ജോലിക്ക് ഹാജരാകേണ്ടതിന്റെ ഒരു ദിവസം മുമ്പ് കൊല്ലപ്പെട്ട ഉദയകുമാറിന്റെ കുടുംബത്തിന് താമസ സൗകര്യം ഒരുക്കാന്‍ റവന്യുമന്ത്രിയോട് അഭ്യര്‍ഥിക്കും. ഇവര്‍ താമസിച്ചിരുന്ന വീടും സ്ഥലവും ഉദയകുമാറിന്റെ കല്ലറയും പുറമ്പോക്ക് ഭൂമിയാണെന്ന കാരണത്താല്‍ പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. സര്‍ക്കാര്‍ പെന്‍ഷന്‍തുക മാത്രമാണ് ഈ വൃദ്ധ ദമ്പതികളുടെ ആശ്രയം. വോളിബോള്‍ താരമായിരുന്ന മകന്റെ കല്ലറ സ്മാരകമായി നിലനിര്‍ത്തണമെന്നായിരുന്നു അവരുടെ ആഗ്രഹമെന്നും കമ്മീഷന്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
അമ്പലം പണിയുടെ പേരില്‍ സ്ഥലം തട്ടിയെടുത്തെന്ന് കാണിച്ച് അമ്മാവനെതിരെ യുവതിയുടെ പരാതിയും അദാലത്തില്‍ ലഭിച്ചു. ഏഴര സെന്റ് സ്ഥലമാണ് ഇത്തരത്തില്‍ തട്ടിയെടുത്തിരിക്കുന്നതെന്നും നിലവില്‍ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ലക്ഷങ്ങള്‍ വിലയുള്ള സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറല്ലെങ്കില്‍ അതിന്റെ പണം നല്‍കണമെന്നാണ് പരാതി. കേസിലെ മുഴുവന്‍ പ്രതികളെയും അടുത്ത അദാലത്തില്‍ വിളിപ്പിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു.
ഗാര്‍ഹിക പീഡനം, രക്ഷിതാക്കളെ സംരക്ഷിക്കുന്നതിലെ തര്‍ക്കം തുടങ്ങിയ കേസുകള്‍ ജില്ലയില്‍ കുറവാണെന്നും സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലായും അദാലത്തില്‍ പരിഗണിച്ചതെന്നും കമ്മീഷന്‍ പറഞ്ഞു. 123 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. 70 പരാതികള്‍ തീര്‍പ്പാക്കുകയും 43 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റുകയും ചെയ്തു. ഒമ്പത് പരാതികളില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒരു കേസ് ഫുള്‍ കമ്മീഷനിലേക്ക് മാറ്റി. വനിത കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധ, അഡ്വ. ഷിജി ശിവജി, പോലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/1908/2019
- Log in to post comments