Skip to main content

കടലാക്രമണം: ഒറ്റമശ്ശേരിയിൽ  കല്ലിടൽ മൂന്നുദിവസത്തിനകം തുടങ്ങും : ജില്ല കളക്ടർ

ആലപ്പുഴ: കടലാക്രമണം രൂക്ഷമായ ചേർത്തല ഒറ്റമശ്ശേരി ഭാഗത്തെ നാശഭീഷണി നേരിടുന്ന വീടുകൾക്ക് സംരക്ഷണം നൽകാനുള്ള കല്ലിടൽ  മൂന്നുദിവസത്തികം ആരംഭിക്കുമെന്ന് ജില്ല കളക്ടർ എസ്. സുഹാസ് പറഞ്ഞു. ഒറ്റമശ്ശേരിയിൽ  കടലാക്രമണം നേരിട്ട പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. എത്രയും പെട്ടെന്ന് വീടുകളുടെ  കടൽതീരത്തോടു ചേർന്നുള്ള ഭാഗത്ത് കല്ലിട്ട് സംരക്ഷണം നൽകും. ഇതിനായി കാലതാമസം വരുന്ന നടപടിക്രമങ്ങൾ ഒഴിവാക്കി അടിയന്തിരമായി ചെയ്യുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ല കളക്ടർ പറഞ്ഞു.
 ഒറ്റമശേരി ഭാഗത്ത് മൂന്നു പുലിമുട്ടുകൾ ആവശ്യമാണെന്ന് ബോധ്യമായിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിലേക്ക് കളക്ടർ നൽകും. മണൽച്ചാക്ക് ഇടുന്ന ഭാഗത്ത് കടലാക്രമണം  കുറയ്ക്കാനായി ആവശ്യപ്പെടുന്നിടത്തോളം പ്ലാസ്റ്റിക് ടാർപോളിൽ അടിയന്തിരമായി എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുലിമുട്ടുകളുടെ കാര്യത്തിൽ  ഐ.ഐ.ടി റിപ്പോർട്ട് വന്നാൽ ഇറിഗേഷൻ വകുപ്പ് തുടർ നപടികൾ വേഗത്തിൽ ചെയ്യും.ഇതിനായി തന്റെ ഭാഗത്തുനിന്ന് എല്ലാ ഇടപെടലുകളും നടത്തും. വീടുകളുടെ സംരക്ഷണത്തിലുള്ള കല്ലിടൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഏറ്റവും അപകടവസ്ഥയിലായിട്ടുള്ള വീടുകൾക്ക് സമീപം മണൽചാക്ക് നിറക്കുന്നതിനുള്ള മണൽ അടിയന്തരമായി ചൊവ്വാഴ്ച തന്നെ എത്തിച്ചു നൽകുന്നതിന്  കളക്ടർ റവന്യൂ ഉദ്യോഗസ്ഥർക്കും ഇറിഗേഷൻ വകുപ്പിനും  നിർദ്ദേശം നൽകി.
ഒറ്റമശേരിയിൽ നാലിടത്തും കാട്ടൂരിൽ നാലിടത്തും അമ്പലപ്പുഴയിൽ എട്ടിടങ്ങളിലും കല്ല് നിക്ഷേപിച്ച് വീടുകൾ സംരക്ഷിക്കുന്നതിനുള്ള ടെൻഡർ നടപടികൾ നടക്കുകയാണ്. ഈ 16 ജോലികൾക്കുള്ള അടിയന്തര പണം ഇറിഗേഷൻ ചീഫ് എൻജിനീയറുടെ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ടെന്ന് കളക്ടറോടൊപ്പം ഉണ്ടായ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഹരൺബാബു പറഞ്ഞു. ഒറ്റമശേരിയിൽ 40 മീറ്റർ നീളത്തിലാണ് ടെൻഡർ ചെയ്തിട്ടുള്ളത്. ഈ ഭാഗത്ത് 13 വീടുകൾ അപകടവസ്ഥയിലും കടലാക്രമണ ഭീഷണിയിലുമാണ്. ഇതിൽ  5 വീടുകളുടെ നില ഏറെ  മോശമാണ്.  കളക്ടറോടൊപ്പം  ചേർത്തല തഹസിൽദാർ പി.ജി. രാജേന്ദ്രബാബു, റവന്യൂ ഉദ്യോഗസ്ഥർ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു. കടൽക്ഷോഭത്തിന്റെ കെടുതികൾ കുറയ്ക്കാൻ സാധ്യമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം തീരദേശ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
 

date