കയർ ഭൂവസ്ത്രം വിരിച്ചു
അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ വില്ലുകുളം ചാൽ മുതൽ മണിയൻചാൽ വരെയുള്ള ഭാഗത്ത് കയർ ഭൂവസ്ത്രം വിരിക്കൽ ആരംഭിച്ചു. ഹരിതകേരളമിഷൻ പദ്ധതിയുടെ ഭാഗമായി 4 ലക്ഷം രൂപ വിനിയോഗിച്ചാണ് കയർഭൂവസ്ത്രം വിരിക്കുന്നത് വില്ലുകുളം ഭാഗത്തുനിന്ന് ആരംഭിക്കുന്ന 906 ചാൽ മുതൽ മണിയൻചാൽ വരെ 490 മീറ്റർ നീളത്തിൽ ചാലിന്റെ ഇരുവശങ്ങളിലുമായാണ് കയർഭൂവസ്ത്രം വിരിക്കുന്നത്. പദ്ധതിയിലൂടെ ഒരുകിലോ മീറ്ററോളം ദൂരത്തിൽ വില്ലുകുളം കോൾ പടവിലെ മണ്ണും ജലവും സംരക്ഷിക്കപ്പെടും. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പ്രവർത്തകർ 523 തൊഴിൽദിനങ്ങളിലായാണ് ഭൂവസ്ത്രം വിരിക്കൽ പൂർത്തിയാക്കുക. കയർഭൂവസ്ത്രം വിരിച്ച ബണ്ടിൽ കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് രാമച്ചം നട്ടുപിടിപ്പിക്കുന്ന പദ്ധതിക്കും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. ഭൂവസ്ത്രം വിരിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ വി സതീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം ജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. അംഗങ്ങളായ കെ എ അജയകുമാർ, സി ജി സജീഷ്, എൻജിനീയർ അനു വി എസ്, അസിസ്റ്റന്റ് സെക്രട്ടറി എ എൽ തോമസ് എന്നിവർ പങ്കെടുത്തു.
- Log in to post comments