തീരദേശങ്ങളിലെ കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു 47 പുലിമുട്ടുകള്‍ക്ക് അടിയന്തിരമായി സാങ്കേതികാനുമതി ലഭ്യമാക്കും
ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ കടല്‍ക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ 47 പുലിമുട്ടുകള്‍ക്ക് അടിയന്തിരമായി സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ വിളിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വട്ടച്ചാലില്‍ 13ഉം, ആറാട്ടുപുയില്‍ 21ഉം, പതിയാംകരയില്‍ 13ഉം വിതം പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നതിനായി 80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കല്‍, രാമഞ്ചേരി, നല്ലാനിക്കല്‍, എ.കെ.ജി ജംഗ്ഷന്‍, ആറാട്ടുപുഴ ബസ്സ്റ്റാന്റ് എന്നിവടങ്ങളിലും തൃക്കുന്നപ്പുഴയിലെ പല്ലന, പുലത്തറ, കുമാരകോടി, പാനൂര്‍, തോപ്പില്‍ മുക്ക്, ചേലക്കാട്, മധുക്കല്‍ തുടങ്ങി കടല്‍ക്ഷോഭം രൂക്ഷമായി സ്ഥലങ്ങളില്‍ കടല്‍ഭിത്തി അടിയന്തിരമായി നിര്‍മ്മിക്കേണ്ടതുണ്ട്. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശങ്ങളില്‍ കടല്‍ഭിത്തി ഇല്ലാത്തത് ജനങ്ങളുടെ എതിര്‍പ്പിന് കാരണമാകുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വീടുകള്‍ക്ക് താല്‍ക്കാലിക സംരക്ഷണമായി മണല്‍ചാക്കുകള്‍ക്ക് പകരം കരിങ്കല്ലുകള്‍ നിക്ഷേപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കടല്‍തീരത്തെ വീടുകള്‍ക്ക് അടിയന്തിരമായി സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന് ജില്ലയ്ക്ക് അനുവദിച്ച എമര്‍ജന്‍സി ഫണ്ടില്‍ നിന്നും കാര്‍ത്തികപ്പള്ളി താലൂക്കിന് 72 ലക്ഷം രൂപ വിനിയോഗിക്കാന്‍ തീരുമാനിച്ചത് ഒരു കോടി രൂപ ആക്കാനും കടല്‍ ഭിത്തി ഇല്ലാത്ത പല്ലന, കോട്ടമുറി, പാനൂര്‍, പതിയാങ്കര എന്നിവടങ്ങളിലെ വീടുകളുടെ സംരക്ഷണത്തിനായി അനുവദിച്ച 15 ലക്ഷം രൂപ അപര്യാപ്തമായതിനാല്‍ ഇത് 60 ലക്ഷം രൂപയാക്കി ഉയര്‍ത്താനും തീരുമാനിച്ചു. കടല്‍തീരത്തു നിന്നു മാറി താമസിക്കുന്നതിന് 10 ലക്ഷം രൂപയുടെ സ്‌കീമില്‍ താല്‍പര്യമുള്ളവരുടെ വിവരങ്ങള്‍ സമ്മതപത്രം സഹിതം അതാതു വില്ലേജ് ഓഫീസര്‍മാര്‍ അടിയന്തിരമായി തഹസില്‍ദാര്‍മാര്‍ക്ക് നല്‍കണം. പെരുമ്പളളി മുതല്‍ തെക്കോട്ടുള്ള റോഡില്‍ കടല്‍മണല്‍ അടിഞ്ഞ് യാത്ര ദുഷരമായ സാഹചര്യത്തില്‍ മണല്‍ നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് (റോഡ്) വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേക്ക് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു
ആലപ്പുഴ: മായം ഇല്ലാത്ത കേക്കുകള്‍ വീട്ടില്‍ തന്നെ നിര്‍മിക്കുന്നത് ലക്ഷ്യമിട്ട് നാഷണല്‍ സ്‌കില്‍ ഡവല്പ്‌മെന്റ് ബോര്‍ഡും യുവ സ്‌കില്‍ ഹബ്ബും സംയുക്തമായി മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനം സംഘടിപ്പിക്കുന്നു. ജൂണ്‍ 21, 22,23 തീയതികളിലാണ് പരിശീലനം. ആലപ്പി യൂത്ത് ഹോസ്റ്റലില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡവല്പ്‌മെന്റ് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദവിവരത്തിന് ഫോണ്‍: 8330847391, 980945 5938.
- Log in to post comments