വിമുക്തഭടന്മാരുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു
വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൈനിക ക്ഷേമ വകുപ്പ് വഴി നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രാജ്യസൈനിക് ബോര്‍ഡ് യോഗം തീരുമാനിച്ചു. എയ്ഡ്‌സ് രോഗികളായ വിമുക്തഭടന്മാര്‍, അവരുടെ വിധവകള്‍, വിമുക്തഭടന്മാരുടെ ഭാര്യ, ആശ്രിതരായ മക്കള്‍ എന്നിവര്‍ക്ക് ആദ്യ മൂന്ന് വര്‍ഷത്തേക്ക് നല്‍കിയിരുന്ന ധനസഹായം ആജീവനാന്തമാക്കും. പ്രതിമാസം 1500 രൂപ നിരക്കിലാണ് ധനസഹായം നല്‍കുന്നത്. വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് ഉള്‍പ്പെടെ വിവിധ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിനുള്ള ധനസഹായം 20000 രൂപയില്‍ നിന്നും 35000 രൂപയായി വര്‍ധിപ്പിച്ചു. ഇതിനുള്ള വരുമാന പരിധി നാല് ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപയാക്കി. സെറ്റ്, നെറ്റ്, ജെആര്‍എഫ്, ഐസിഡബ്ല്യുഎ, സി.എ തുടങ്ങിയ പരീക്ഷകള്‍ക്കും ഇത്തരത്തില്‍ ധനസഹായം ലഭിക്കും. ദേശീയ കായിക മത്സരങ്ങളില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടുന്ന വിമുക്തഭടന്മാര്‍, ആശ്രിതര്‍ എന്നിവര്‍ക്ക് ഒരു ലക്ഷം, 50000, 25000 രൂപ വീതവും അന്തര്‍ദേശീയ മത്സര വിജയികള്‍ക്ക് 1.5 ലക്ഷം, ഒരു ലക്ഷം, 75000 രൂപ വീതവും നല്‍കും. 2018 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഈ ഒറ്റത്തവണ സാമ്പത്തിക വിതരണം.
നിലവില്‍ സംസ്ഥാന മിലിട്ടറി ബെനവലന്റ് ഫണ്ടില്‍ നിന്നും രാജ്യ സൈനിക് ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അംഗീകാരത്തോടെ 29 വ്യത്യസ്ത പദ്ധതികള്‍ പ്രകാരം സൈനിക ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നുണ്ട്. വിമുക്തഭടന്മാര്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രി 50000 രൂപയും സൈനിക ക്ഷേമ വകുപ്പ് മേധാവി 20000 രൂപയും അനുവദിക്കും.
ജില്ലാതലത്തില്‍ കളക്ടര്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ക്കും ഈ പദ്ധതി പ്രകാരം 10000 രൂപയും 5000 രൂപയും അനുവദിക്കാം. കൂടാതെ നിര്‍ധനരായ വിമുക്തഭടന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് 8000 മുതല്‍ 10000 രൂപ വരെ അര്‍ഹതയ്ക്ക് വിധേയമായി സംസ്ഥാന ഫണ്ടില്‍ നിന്നും നല്‍കും. ജില്ലാ ഫണ്ടില്‍ നിന്നും 6000 മുതല്‍ 7000 രൂപ വരെ നല്‍കും. (പിഎന്‍പി 1423/19)
- Log in to post comments