ബാലവേല ദിനാചരണം ജില്ലാതല ഉദ്ഘാടനം
അന്താരാഷ്ട്ര ബാലവേല ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ബച്പന്‍ ബചാവോ ആന്തോളന്‍ എന്നിവയുടെ സഹകരണത്തോടെ ബാലവേല ദിനാചരണം നടത്തി. ജില്ലാ തല ഉല്‍ഘാടനം നിലമ്പൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ആര്‍.മിനി നിര്‍വ്വഹിച്ചു.
ബാലവേല വിരുദ്ധ സന്ദേശ പ്രചാരണത്തിനു ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ബാലവേലക്കു മാറ്റമില്ലെന്നു അവര്‍ പറഞ്ഞു. നമ്മുടെ രാജ്യത്തും ഭയാനകമായ രൂപത്തില്‍ ബാലവേലയുണ്ട്. ഇതിനു പ്രധാന കാരണം ദാരിദ്ര്യമാണ്. യുദ്ധവും പ്രകൃതിക്ഷോഭവുമൊക്കെയുള്ള കുടിയേറ്റങ്ങളുടെ അനന്തര ഫലമായാണ് മുന്‍പ് കുട്ടികള്‍ ബാലവേലക്കു പോയി തുടങ്ങിയത്. കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും കൃഷി, ഖനന മേഖലകളില്‍ കുട്ടികള്‍ ഇപ്പോഴും വ്യാപകമായി ജോലി ചെയ്യുന്നുണ്ട്. ബാലവേല നിര്‍മാര്‍ജന നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തി വിവിധ ഏജന്‍സികള്‍ ഇതിനെതിരെ സജീവമായിട്ടും ബാലവേല തുടരുന്നതിനെ കുറിച്ചു ഗൗരവമായി കാണണം. ബാലവേല ചെയ്യിപ്പിക്കുന്നവരെ ബോധവല്‍ക്കരിക്കുന്നതിന് സമൂഹം മുന്നോട്ടു വരണമെന്നും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ നിലമ്പൂര്‍ നഗരസഭ കൗണ്‍സിലര്‍ ഗിരീഷ് മോളൂര്‍മഠത്തില്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷാബിര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. ബച്പന്‍ ബചാവോ ആന്തോളന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ പ്രസ്റീന്‍ കുന്നംപള്ളി വിഷയം അവതരിപ്പിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിര സമിതി ചെയര്‍മാന്‍ എം.എ. ഗോപിനാഥ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. സി.സി. ദാനദാസ്, നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി കെ.എന്‍.സുഭാഷ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം.ടി.പി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ബാലവേലക്കെതിരെ തെരുവ് നാടകങ്ങള്‍, വിവിധ മത്സരങ്ങള്‍, സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുള്ള കൂട്ടയോട്ടം തുടങ്ങിയവ സംഘടിപ്പിക്കും.
- Log in to post comments