Skip to main content

കടല്‍ക്ഷോഭം: ഒരുക്കങ്ങള്‍ ശക്തം

 

ജില്ലയില്‍ കടല്‍ ഭിത്തിയില്ലാത്ത പ്രദേശങ്ങളില്‍ താല്‍ക്കാലിക സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. തീരപ്രദേശങ്ങളിലെ മഴക്കെടുതി വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ  മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാണ്.  നിലവില്‍ സുരക്ഷിതമല്ലാത്ത വീടുകളിലുള്ളവരില്‍ ചിലര്‍  ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍  തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ക്യാമ്പുകളില്‍ ഭക്ഷണം  ലഭ്യമാക്കണം.  ടോയ്‌ലറ്റുകളും കിടക്കകളും ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും  ഉറപ്പാക്കണം.

 കടലാക്രമണമുള്ള പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം ഉറപ്പുവരുത്തുമെന്ന്  വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.  ശുദ്ധജലവും മലിനജലവുമായി കലരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന് വിധേയമാക്കുമെന്ന്   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജലജന്യ രോഗങ്ങളും മറ്റ് പകര്‍ച്ച വ്യാധികളും തടയാന്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.

ഫിഷറീസ് വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്  കലക്ടര്‍  നിര്‍ദേശിച്ചു.  അരിയല്ലൂരിലും  താനൂരിലെ എടക്കടപ്പുറത്തും ഏതാനും മീറ്ററുകളോളം സ്ഥലത്ത്  കടല്‍ഭിത്തിയില്ല. ഇത്തരം പ്രദേശങ്ങളിലാണ്    താല്‍ക്കാലിക സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുക.   പാരിസ്ഥിതികമായ കാരണങ്ങള്‍ കൊണ്ടാണ്  അരിയല്ലൂരില്‍ കടല്‍ഭിത്തി സ്ഥാപിക്കാന്‍ കഴിയാതിരുന്നതെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. മഴക്കെടുതി നേരിടാന്‍ വിവിധ വകുപ്പുകള്‍ ജാഗ്രതയോടെയും ഏകോപനത്തോടെയും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 

date