Skip to main content
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം

പദ്ധതികള്‍ മികവുറ്റതും നിര്‍വഹണം സമയബന്ധിതവുമാവണം: മന്ത്രി എ സി മൊയ്തീന്‍

പദ്ധതി നിര്‍വഹണത്തില്‍ തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
പദ്ധതി ആസൂത്രണം വാര്‍ഡ് വികസനത്തില്‍ ഒതുങ്ങരുത്

പദ്ധതികളുടെ ഗുണമേന്‍മയും നിര്‍വഹണത്തിലെ കാര്യക്ഷമതയും കൊണ്ട് 2019-20 മികവിന്റെ വര്‍ഷമാക്കി മാറ്റാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വാര്‍ഡ് തലത്തിലെ ചെറു പദ്ധതികളില്‍ ഒതുങ്ങാതെ പഞ്ചായത്തിനെയും മുനിസിപ്പാലിറ്റിയെയും കോര്‍പറേഷനെയും ഒറ്റ യൂനിറ്റായി കണ്ടുകൊണ്ടുള്ള പദ്ധതികളാണ് വേണ്ടത്. നാടിന്റെ ഭാവി വികസനം മുന്നില്‍ക്കണ്ടുള്ള നൂതനവും ഭാവനാത്മകവുമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാവണം. പരസ്പര ആശയവിനിമയത്തിലൂടെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ക്ക് സംയുക്തമായി ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാനാവും. ഇത്തരം സംയുക്ത പദ്ധതികള്‍ക്കായി മാത്രം സംസ്ഥാന സര്‍ക്കാര്‍ 40 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പ്രൊജക്ടുകളുമായി സംയോജിപ്പിച്ച് മികച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. ഇതിനായി നിര്‍വഹണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം ചേര്‍ന്ന് ഗൗരവപ്പെട്ട ആലോചനകള്‍ നടക്കേണ്ടതുണ്ട്. പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് കൃത്യമായ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി അതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവണം. കഴിഞ്ഞ വര്‍ഷത്തെ വീഴ്ചകളും പോരായ്മകളും തിരിച്ചറിഞ്ഞ് തിരുത്തി വേണം ഈ വര്‍ഷത്തെ പദ്ധതികള്‍ നടപ്പിലാക്കാനെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപന തലത്തില്‍ ഭരണപക്ഷം, പ്രതിപക്ഷം എന്ന വേര്‍തിരിവിന് പ്രസക്തിയില്ല. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം ചിലയിടങ്ങളില്‍ പദ്ധതി നിര്‍വഹണത്തെ സാരമായി ബാധിക്കുന്നുണ്ട്.
ഉത്തരമലബാറിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിന് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന് പുതുതായി 195 പേരെ നിയമിച്ചിട്ടുണ്ട്. ഓവര്‍സിയര്‍മാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചുവരികയാണ്. അതേസമയം, നിമയങ്ങളെ ജനനന്‍മയ്ക്കായി ഉപയോഗിക്കുന്നതിന് പകരം പദ്ധതി നിര്‍വഹണത്തില്‍ തടസ്സമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വെറും സ്ഥലം മാറ്റത്തില്‍ അത് ഒതുങ്ങിയെന്നു വരില്ല. കര്‍ശനമായ അച്ചടക്ക നടപടികള്‍ക്ക് അവര്‍ വിധേയരാവേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. 
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണത്തിലും നിര്‍വഹണത്തിലും മികച്ച സാങ്കേതിക വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുമായി സഹകരിച്ച് അപ്രന്റീസ്ഷിപ്പ് പദ്ധതി നടപ്പിലാക്കും. അതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. പുതുതായി പഠിച്ചിറങ്ങുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതി നിര്‍വഹണത്തെ കുറിച്ച് ഉള്‍ക്കാഴ്ച ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും ഇത് സഹായകമാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ വകുപ്പിന് സ്വന്തമായി ഇലക്ട്രിക്കല്‍ വിംഗ് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ ക്യൂവിലായ 823 കോടിയുടെ ബില്ലുകളില്‍ 800 കോടി ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു. ബാക്കി 23 കോടി കൂടി റിലീസ് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതി നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. പ്രളയവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കാരണമായുണ്ടായ പ്രതിസന്ധികള്‍ മറികടന്ന് കഴിഞ്ഞ വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ മികവ് കൈവരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാധിച്ചതായി മന്ത്രി വിലയിരുത്തി. 
ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡയരക്ടര്‍ ഡോ. ബി എസ് തിരുമേനി, എല്‍എസ്ജിഡി ചീഫ് എഞ്ചിനീയര്‍ സജി കുമാര്‍, നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡെല്‍രാജ്, തദ്ദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി പാറ്റ്നി സ്റ്റീഫന്‍, പഞ്ചായത്ത് വകുപ്പ് അസി ഡയറക്ടര്‍ എ പി അജിത് കുമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണ വിഭാഗം തലവന്‍ എസ് ആര്‍ സനല്‍ കുമാര്‍, കില ഡയറക്ടര്‍ ഡോ ജോയ് ഇളമണ്‍, സ്‌റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗം സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് വക്കത്താനം, മുനിസിപ്പല്‍ ചേംബര്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ വി വി രമേശന്‍, കാസര്‍ക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ സ്വാഗതവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ്സണ്‍ മാത്യു നന്ദിയും പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ആദ്യമായി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് 100 ദിവസം തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ നടുവില്‍ ഗ്രാമപഞ്ചായത്തിലെ സുലോചനയെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.
പി എന്‍ സി/1995/2019

 

 

date