Skip to main content

കണിയാമ്പറ്റ വൃദ്ധസദനം ഇനിയൊരു പച്ചത്തുരുത്ത്

 

ആരോരുമില്ലാത്തവര്‍ക്ക് അഭയകേന്ദ്രമാണ് കണിയാമ്പറ്റയിലെ വൃദ്ധവികലാംഗ സദനം. ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെടുന്നവര്‍ക്കായി തണലായി മാറിയ ഇവിടം ഇനിയൊരു പ്രതീക്ഷയുടെ പച്ചതുരുത്തായി മാറും.  ഹരിതകേരളം മിഷന്റെ 'പച്ചത്തുരുത്ത്' ക്യാമ്പെയിനിലൂടെയാണ് വൃദ്ധമന്ദിരത്തിന്റെ ചുറ്റും പച്ചപ്പണിയുക. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യംവച്ച് നടപ്പാക്കുന്ന പച്ചത്തുരുത്ത് ക്യാമ്പയിനാണ് ഇവിടെ തുടക്കമായത്. നെല്ലി, ഉങ്ങ്, മാതളം, മഹാഗണി, അരളി, കറിവേപ്പില, പേര, കുമിഴ്, റമ്പൂട്ടാന്‍ തുടങ്ങിയ തൈകള്‍ വൃദ്ധസദനം വളപ്പിലെ അരയേക്കറോളം സ്ഥലത്ത് നട്ടുപിടിപ്പിച്ചു. വൃദ്ധസദനം അന്തേവാസികളും ജനപ്രതിനിധികളും ഉദ്യമത്തില്‍ പങ്കാളികളായി. തൊഴിലുറപ്പ് തൊഴിലാളികള്‍ കണിയാമ്പറ്റ നഴ്‌സറിയിലും സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കല്‍പ്പറ്റ ചുഴലിയിലെ നഴ്‌സറിയിലും ഉത്പാദിപ്പിച്ച തൈകളാണ് ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഇവിടെ നട്ടുപിടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ അവഗണിക്കുന്നതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് പുതുതലമുറ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയിലേക്ക് തിരിച്ചുപോവുകയാണ് വേണ്ടത്. ഇതു മുന്നില്‍ക്കണ്ടാണ് പച്ചത്തുരുത്ത് പോലുള്ള പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ എന്‍ എസ്.കെ .മേഷ് മുഖ്യാതിഥിയായിരുന്നു. കാര്‍ഷിക മേഖലയിലും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയ നേട്ടം കൈവരിച്ച മീനങ്ങാടി ജിഎച്ച്എസ്എസ് വിദ്യാര്‍ത്ഥിനി പുണ്യ സന്തോഷിനെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഹരിത അംബാസിഡറായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് കെ.കുഞ്ഞായിഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് ബഷീര്‍, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം രാജീവന്‍, വൃദ്ധസദനം സൂപ്രണ്ട് എം.കെ മോഹനദാസ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍, സദനം അന്തേവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലും പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. വിവിധ ഗ്രാമപ്പഞ്ചായത്തുകളായി ശരാശരി 50 ഏക്കറോളം തരിശുഭൂമിയാണ് പച്ചത്തുരുത്തുകളാവുക. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി 35ാം ഡിവിഷനില്‍ അഞ്ചു ഹെക്ടര്‍ ഭൂമിയിലാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ മണിയംകുന്നില്‍ മൂന്ന് ഹെക്ടര്‍ ഭൂമി പച്ചത്തുരുത്താകും. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ മുണ്ടേരി പാര്‍ക്കിലെ 50 സെന്റ് ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. 

date