Skip to main content

വായാട് നീര്‍ത്തടാധിഷ്ഠിത പദ്ധതി; ശില്‍പശാല സംഘടിപ്പിച്ചു

തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന സമഗ്ര നീര്‍ത്തട വികസന പദ്ധതി സമൃദ്ധിയുടെ ഭാഗമായി പരിയാരം ഗ്രാമ പഞ്ചായത്തിലെ വായാട് നീര്‍ത്തടം കേന്ദ്രീകരിച്ച് ക്ലസ്റ്റര്‍ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. ജെയിംസ് മാത്യു എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. വായാട് നീര്‍ത്തട പരിധിയിലെ 29 ക്ലസ്റ്ററുകളില്‍ നിന്നുള്ളവര്‍ക്കാണ് പരിശീലനം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ 2019-20 വര്‍ഷത്തെ ബജറ്റില്‍ മണ്ഡലത്തിലെ നീര്‍ത്തടാധിഷ്ഠിത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി രൂപ അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പരിയാരം ഗ്രാമപഞ്ചായത്തിലെ വായാട്, കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പഴശ്ശി നീര്‍ത്തടങ്ങളാണ് ആദ്യഘട്ടത്തില്‍ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി നീര്‍ത്തട ഗ്രാമസഭ ബന്ധപ്പെട്ട നീര്‍ത്തടങ്ങളില്‍ ഇതിനോടകം സംഘടിപ്പിച്ചു കഴിഞ്ഞു.
നീര്‍ത്തടാധിഷ്ഠിത വികസന കാഴ്ചപ്പാടിലൂന്നി ജലസംരക്ഷണവും മഴവെള്ള സംഭരണവും, ജൈവ കൃഷി, ഊര്‍ജ്ജ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, വരുമാന വര്‍ധന സംരഭങ്ങള്‍ തുടങ്ങിയ  പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കൃഷി-വനം വകുപ്പുകള്‍, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ് എന്നിവരുടെ സഹായം തേടും. പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കിണര്‍ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. 
പുളിയൂല്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടിയില്‍ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ രാജേഷ്, വൈസ് പ്രസിഡണ്ട് കെ വി രമ, നീര്‍ത്തട സമിതി കണ്‍വീനര്‍ പി പി ബാബുരാജന്‍,  ചെയര്‍മാന്‍ പി പി രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് മണ്ണ് സംരക്ഷണ ഓഫിസര്‍ വി വി പ്രകാശന്‍, സമൃദ്ധി കോ-ഓര്‍ഡിനേറ്റര്‍ യു ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
പി എന്‍ സി/2114/2019

 

date