ഡെങ്കിപനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം- ഡി.എം.ഒ
ഇടവിട്ടു പെയ്യുന്ന മഴ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഈഡിസ് കൊതുകുകളുടെ ആധിക്യത്തിന് ഇടയാക്കുന്നതിനാല്‍ ഡെങ്കിപനിക്കെതിരെ മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. ജില്ലയില്‍ ജൂണില്‍ ഇതുവരെ 23 സ്ഥിരീകരിച്ച ഡെങ്കിപനി കേസുകളും 395 സംശയാസ്പദ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഈ വര്‍ഷം 55 സ്ഥിരീകരിച്ച കേസുകളും 569 സംശയാസ്പദ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയോര മേഖലയിലെ മരുതോങ്കര, കുണ്ടുതോട്, ചങ്ങരോത്ത് കായക്കൊടി, പന്നിക്കോട്ടൂര്‍, കുറ്റ്യാടി, കുന്നുമ്മല്‍, വേളം തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നാണ് കൂടുതലായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഡെങ്കിപനി പരത്തുന്നത്. ഇവ ശുദ്ധ ജലത്തില്‍ മുട്ടയിട്ട് പെരുകുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍, ടയറുകള്‍, ചിരട്ടകള്‍, കളികോപ്പുകള്‍ എന്നിവകളില്‍ വെള്ളം കെട്ടികിടന്ന് അതില്‍ ഈഡിസ് കൊതുകുകള്‍ വളരുന്നു. കൂടാതെ റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, കവുങ്ങിന്‍ തോട്ടങ്ങളിലെ പാളകള്‍, കൊക്കോതൊണ്ടുകള്‍, ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലെ പാഴ് വസ്തുക്കള്‍ തുടങ്ങിയവയിലും ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകും. കൊതുകിന്റെ ഇത്തരം ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.
പെട്ടെന്നുള്ള തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിറകില്‍ വേദന, ഓക്കാനം, പേശികളിലും സന്ധികളിലും വേദന, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും പരിപൂര്‍ണ വിശ്രമം എടുക്കുകയും ചെയ്യുന്നതോടൊപ്പം വെള്ളം ധാരാളം കുടിക്കുക, സ്വയം ചികിത്സയ്ക്ക് വിധേയരാവരുത്, കൊതുക് കടി ഏല്‍ക്കാതെ സൂക്ഷിക്കുക, വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുക, കൊതുകിന്റെ ഉറവിട ശ്രോതസുകള്‍ ഇല്ലാതെയാക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കുക തുടങ്ങി മുന്‍കരുതലുകളും എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments