Skip to main content

സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനം  ഈ വര്‍ഷം പൂര്‍ത്തിയാക്കും

 

കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നടക്കുന്ന സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം തിരുവനന്തപുരത്ത് നടന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ നിലവില്‍ അഞ്ച് കോടി രൂപയുടെ പതിമൂന്ന് സ്‌കൂളുകളും മൂന്ന് കോടി രൂപയുടെ 23  സ്‌കൂളുകളുമാണ് കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഇതില്‍ അഞ്ച് കോടി വിഭാഗത്തില്‍ നടുവണ്ണൂര്‍, ചാത്തമംഗലം, മീഞ്ചന്ത, മെഡിക്കല്‍ കോളേജ് കാമ്പസ്, പന്നൂര്‍, മേപ്പയ്യൂര്‍, വളയം എന്നീ സ്‌കൂളുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അവസാനം പൂര്‍ത്തിയാവും. കുരുവട്ടൂര്‍, കൊയിലാണ്ടി, കുറ്റ്യാടി, നീലേശ്വരം, ഫറോക്ക് സ്‌കൂളുകളുടെ 50 ശതമാനത്തിലധികം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.  ഇവ സെപ്തംബറോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതുപ്പണം സ്‌കൂളിനുള്ള ടെണ്ടര്‍ നടപടി പൂര്‍ത്തിയായി കരാറുകാരനെ തിരഞ്ഞെടുത്തിട്ടുണ്ട്.   മൂന്ന് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ ബേപ്പൂര്‍ സ്‌കൂള്‍ ജൂലൈയിലും നരിക്കുനി സ്‌കൂള്‍ ഡിസംബറിലും പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചാലപ്പുറം, പയ്യാനക്കല്‍, കുറ്റിക്കാട്ടൂര്‍, കാവിലുംപാറ, കൊയിലാണ്ടി, പയ്യോളി, അത്തോളി, ബാലുശ്ശേരി, ചെറുവണ്ണൂര്‍, കൊക്കല്ലൂര്‍, ചെറുവാടി, കല്ലാച്ചി, മടപ്പള്ളി ഗേള്‍സ് എന്നീ സ്‌കൂളുകളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കരാറുകാരെ തെരഞ്ഞെടുത്തിട്ടുണ്ട്. കൊടുവള്ളി, വെള്ളിമാട് കുന്ന്, പൂനൂര്‍, കൊളത്തൂര്‍ സ് കൂളുകള്‍ റീ ടെണ്ടര്‍ ചെയ്തിട്ടുണ്ട്.  ജൂണ്‍ 25 ആണ് അവസാന തീയതി. പറമ്പില്‍, മാവൂര്‍, താമരശ്ശേരി സ്‌കൂളുകള്‍ ധനകാര്യ അനുമതിയ്ക്കായി കിഫ്ബിയുടെ പരിഗണനയിലാണ്. മുഴുവന്‍ സ്‌കൂളുകളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യാനും ഈ അധ്യയനവര്‍ഷം തന്നെ പൂര്‍ത്തിയാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ അന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.  സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ തല്‍സ്ഥിതി www.kite.kerala.gov.in ല്‍ ലഭ്യമാണ്.

date