Skip to main content

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍  കൈവശം വച്ചിരിക്കുന്ന അനര്‍ഹര്‍ക്കെതിരെ നടപടി

318 അനര്‍ഹരെ കണ്ടെത്തി; വാങ്ങിയ റേഷന്‍ സാധനങ്ങള്‍ക്ക് 
ഉയര്‍ന്ന വില ഈടാക്കും

    ജില്ലയില്‍ അനര്‍ഹമായി മുന്‍ഗണന, എ.എ.വൈ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുളള കാര്‍ഡുടമകളെ കണ്ടെത്തുന്നതിനുളള പരിശോധനകള്‍ വരും ദിവസങ്ങളില്‍ കര്‍ശനമായി തുടരുമെന്ന് കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ മേയ് ആറിന് ആരംഭിച്ച പരിശോധനയില്‍ ഇന്നേവരെ ജില്ലയില്‍ അനര്‍ഹമായ 318 കാര്‍ഡുകള്‍ കണ്ടെത്തിയതായും ഇത്തരം കാര്‍ഡുടമകള്‍ക്കെതിരെ അവര്‍ ഇതുവരെ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ വില കി.ഗ്രാമിന് 29.81 രൂപ നിരക്കില്‍ ഈടാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായും സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
    അര്‍ഹരായ നിരവധി കാര്‍ഡുടമകള്‍ മുന്‍ഗണന കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ജില്ലയ്ക്ക് അനുവദിച്ച മുന്‍ഗണന കാര്‍ഡുകളുടെ എണ്ണത്തിന്റെ പരിധി എത്തിയതിനാല്‍ പുതുതായി മുന്‍ഗണന കാര്‍ഡുകള്‍ നല്‍കുവാന്‍ സാധിക്കുന്നില്ല. അനര്‍ഹര്‍ സ്വമനസാലെ തങ്ങളുടെ മുന്‍ഗണന കാര്‍ഡുകള്‍ മുന്‍ഗണേതര വിഭാഗത്തിലേക്കു മാറ്റിയാലേ ഇത്തരത്തില്‍ അപേക്ഷ നല്‍കിയവര്‍ക്കു മുന്‍ഗണന കാര്‍ഡ് നല്‍കുവാന്‍ സാധിക്കുകയുളളൂ. ഇങ്ങനെ സപ്ലൈ ഓഫീസറുമായി ബന്ധപ്പെട്ട് അനര്‍ഹമായി കൈവശം വച്ചിട്ടുളള റേഷന്‍ കാര്‍ഡുകള്‍ മാറ്റിയെടുക്കുന്ന കാര്‍ഡുടമകളെ ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ നിരവധി അറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച അനര്‍ഹരെ കണ്ടെത്താനുളള ഊര്‍ജ്ജിത പരിശോധനകളാണ് ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങിയ സംഘം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്നത്. ഇങ്ങനെ കണ്ടെത്തുന്ന കാര്‍ഡുടമകളില്‍ നിന്നും റേഷന്‍ സാധനങ്ങളുടെ വില ഈടാക്കുന്നതോടൊപ്പം മറ്റു ശിക്ഷാനടപടികളും സ്വീകരിക്കും. മുഴുവന്‍ അനര്‍ഹരെയും ഒഴിവാക്കി അപേക്ഷ നല്‍കി കാത്തിരിക്കുന്ന മുഴുവന്‍ അര്‍ഹരായവര്‍ക്കും മുന്‍ഗണന കാര്‍ഡ് ലഭ്യമാക്കാനാണ് ജില്ലയിലെ പൊതുവിതരണ വകുപ്പിന്റെ നീക്കം.
    സിവില്‍ സപ്ലൈസ് ഡയറക്ടറില്‍ നിന്നു ലഭിച്ച മൂന്നുമാസത്തില്‍ കൂടുതല്‍ റേഷന്‍ വാങ്ങാത്ത മുന്‍ഗണന കാര്‍ഡുകള്‍, 65 വയസിന് മേല്‍ പ്രായമുളള ആള്‍ക്കാര്‍ മാത്രമുളള കാര്‍ഡുകള്‍, ഒരംഗം മാത്രമുളള കാര്‍ഡുടമകള്‍ അടങ്ങിയ ലിസ്റ്റിന്മേലുളള  പരിശോധനയും ഇതോടൊപ്പം നടത്തിവരുന്നുണ്ട്. ലിസ്റ്റ് പ്രകാരം അനര്‍ഹമെന്ന കണ്ടെത്തിയ 371 കാര്‍ഡുകള്‍ ഇതേവരെ റദ്ദാക്കി. പ്രവാസി എന്ന കാര്യം മറച്ചുവച്ചുകൊണ്ടും മരണപ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യാതെയും മുന്‍ഗണനാ കാര്‍ഡിലുളള എന്നാല്‍ താമസം മാറിയിട്ടുളളവരുമായ ആള്‍ക്കാര്‍, അവരുടെ പേരുകള്‍ മുന്‍ഗണന കാര്‍ഡില്‍ നിലനിര്‍ത്തി റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്ന കാര്യം ശ്രദ്ധപെട്ടിട്ടുണ്ട്. ഇവര്‍ അക്ഷകേന്ദ്രങ്ങള്‍ വഴി ഇതിനായുളള അപേക്ഷ സമര്‍പ്പിക്കണം. പരിശോധനയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരക്കാര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കും.  
    റേഷന്‍ കാര്‍ഡുകളില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താത്ത കാര്‍ഡുടമകള്‍ക്ക് വിട്ടുപോയ ആധാര്‍ നമ്പറുകള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ, സപ്ലൈ ഓഫീസില്‍ നിന്നും നേരിട്ടോ ചേര്‍ക്കുവാന്‍ സാധിക്കും. രണ്ടു റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെട്ട വ്യക്തികള്‍ അടിയന്തരമായും നിലനിര്‍ത്തേണ്ട പേര് ഒഴികെ ബാക്കിയുളളവ മറ്റു കാര്‍ഡുകളില്‍ നിന്നും നീക്കം ചെയ്യാനുളള അപേക്ഷയും അക്ഷയ കേന്ദ്രങ്ങള്‍ വഴി അയക്കണം. 
    അനര്‍ഹമായി റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നവരെപ്പറ്റിയുളള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന മൊബൈല്‍ നമ്പറുകളിലേക്ക് വിളിച്ചറിയിക്കാം. സപ്ലൈ ഓഫീസര്‍, കാസര്‍കോട് :-9188527412,  സപ്ലൈ  ഓഫീസര്‍, ഹൊസ്ദുര്‍ഗ്ഗ് :-9188527413, സപ്ലൈ  ഓഫീസര്‍, വെളളരിക്കുണ്ട് :-9188527414,  സപ്ലൈ  ഓഫീസര്‍, മഞ്ചേശ്വരം :-9188527415    

  • മുന്‍ഗണനാ /എ.എ.വൈ കാര്‍ഡിന് അര്‍ഹതയില്ലാത്തവര്‍ ആരൊക്കെ

സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍, സഹകരണ സ്ഥാപന ജീവനക്കാര്‍, സര്‍വീസ് പെന്‍ഷണര്‍, ആദായ നികുതിദായകര്‍, പ്രതിമാസ വരുമാനം 25,000 രൂപയ്ക്ക് മുകളിലുളള വിദേശത്തു ജോലിചെയ്യുന്നവര്‍. സ്വന്തമായി ഒരേക്കറിനുമുകളില്‍ ഭൂമിയുളളവര്‍(പട്ടികവര്‍ഗക്കാര്‍ ഒഴികെ) സ്വന്തമായി 1000 ചതുരശ്രയടി വിസ്തീര്‍ണമുളള വീടോ ഫ്‌ളാറ്റോ ഉളളവര്‍. നാലുചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവന മാര്‍ഗമായ ടാക്‌സി ഒഴികെ) കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉളളവര്‍.  

date