വായന പക്ഷാചരണം; ജീവിതഗന്ധിയായ കവിതകളില്‍ നിന്നും സര്‍ഗവസന്തം തീര്‍ത്ത് കാവ്യോത്സവം
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാവ്യോത്സവം സംഘടിപ്പിച്ചു. വയലാര്‍, പി ഭാസ്കരന്, ഒഎന്‍വി എന്നീ വിഖ്യാത കവികളുടെ കവിതകളെ അധികരിച്ച് നടത്തിയ കവിതാലാപന മത്സരം കാവ്യഭാവനയെ തൊട്ടുണര്‍ത്തിയ സര്‍ഗവസന്തമായി മാറി. ജില്ലാതല വായന പക്ഷാചരണ സംഘാടക സമിതിയുമായി സഹകരിച്ച് നടത്തിയ കാവ്യോത്സവം കവി ദിവാകരന് വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. മാനുഷിക വികസനത്തിന് വായന സഹായിക്കുമെങ്കില്‍ കവിതയിലൂടെ ജീവിത വെളിച്ചമാണ് ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. വയലാര്‍, പി ഭാസ്കരന്, ഒഎന്‍വി എന്നീ കവികള്‍ ചലച്ചിത്രം, നവോത്ഥാനം, വിപ്ലവം എന്നിവയിലൂടെ സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളിലുമായി ഇടപെട്ടവരാണ്. പ്രപഞ്ചത്തിലെങ്ങും കവിത മാത്രമാണുള്ളത്. താളാത്മകമായാണ് പ്രപഞ്ചം ചലിച്ചു കൊണ്ടിരിക്കുന്നത്. താളഭംഗം സംഭവിക്കുമ്പോള്‍ വീണ്ടെടുപ്പിനായി ശക്തമായ ഇടപെടലുകള്‍ നടത്തുന്നവരാണ് കവികളെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്, അസി.എഡിറ്റര്‍ പി.റഷീദ് ബാബു, അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോണ്‍ സി ടി , ഹുസുര്‍ ശിരസ്തദാര്‍ കെ നാരായണന്, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്,പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് പ്രതിനിധി കെ വി രാഘവന് മാസ്റ്റര്‍, സി.സുകുമാരന്‍ കളക്ടറേറ്റ് അക്ഷരലൈബ്രറി പ്രസിഡന്റ് സതീശന് പൊയ്യക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന കവിതാലാപന മത്സരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര് പങ്കെടുത്തു. കവിമാരായ പത്മനാഭന് ബ്ലാത്തൂര്‍, സതീഷ് ഗോപി, പ്രസാദ് കരുവളം എന്നിവര്‍ വിധികര്‍ത്താക്കളായി.
- Log in to post comments