കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതംകൂറി നാഗ്പൂര്‍ ജില്ലാ പരിഷത്ത് അംഗങ്ങള്‍
ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലാ പരിഷത്ത് വനിതാ അംഗങ്ങള്‍. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും തങ്ങളുടെ നാട്ടിലും ഇവ പകര്‍ത്താന്‍ ശ്രമിക്കുമെന്നും നാഗ്പൂര്‍ ജില്ലാ പരിഷത്ത് പ്രസിഡന്റ് നിഷ സവര്‍ക്കര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഭരണകാര്യങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തത്തെയും കുറിച്ച് നേരില്‍ കണ്ട് മനസ്സിലാക്കാന്‍ കണ്ണൂരിലെത്തിയതായിരുന്നു നാഗ്പൂര്‍ ജില്ലാ പരിഷത്തിലെ വനിതാ അംഗങ്ങളായ 15 പേരടങ്ങുന്ന സംഘം.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകളും മറ്റും സന്ദര്‍ശിച്ച സംഘം വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളില്‍ ജില്ല കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടെ വനിതകള്‍ നിര്‍വഹിക്കുന്ന സജീവ പങ്കാളിത്തം മാതൃകാപരമാണെന്ന് സംഘാംഗമായ ശാന്ത കുംബ്രെ അഭിപ്രായപ്പെട്ടു. കേരളത്തിലെ കുടുംബശ്രീ മാതൃകയില്‍ മഹാരാഷ്ട്രയില്‍ വനിതാ സ്വയം സഹായ ബജറ്റ് ഘട്ട് എന്ന സംവിധാനം കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും മൈക്രോ ഫിനാന്‍സ് മേഖലയിലുള്‍പ്പെടെ കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നാഗ്പൂര്‍ ജില്ലാ പരിഷത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കാര്യമായ അധികാരങ്ങളില്ല. ജില്ലാ പരിഷത്തിനാണ് അവിടെ സമ്പൂര്‍ണമായ അധികാരം. തങ്ങള്‍ നല്കുന്ന ഫണ്ടുപയോഗിച്ച് പദ്ധതികള്‍ നടപ്പിലാക്കാനുള്ള ചുമതലയാണ് ഗ്രാമപഞ്ചായത്തുകള്‍ക്കുള്ളത്. പദ്ധതി ആസൂത്രണം, നിര്‍വഹണം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള അധികാരങ്ങള്‍ തങ്ങളെ അല്‍ഭുതപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു. ജൂണ്‍ 24ന് ജില്ലയിലെത്തിയ സംഘം പിണറായി ഗ്രാമപഞ്ചായത്തിലെ വിവിധ സംരംഭങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ പഞ്ചായത്തിലെത്തിയത്. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ വി സുമേഷ് ജില്ലാ പഞ്ചായത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ സംഘങ്ങള്‍ക്ക് പരിചയപ്പെടുത്തി. സംഘാംഗങ്ങളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി ടി റംല, അംഗങ്ങളായ പി ജാനകി, അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, സെക്രട്ടറി വി ചന്ദ്രന്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കുന്ന നൂതന പദ്ധതികള്‍ നേരില്‍ കാണാന്‍ സാധിക്കാത്തതിലെ സങ്കടം സദസ്സുമായി പങ്കുവച്ചാണ് സംഘം മടങ്ങിയത്.
പി എന്‍ സി/2198/2019
- Log in to post comments