ലക്ഷദ്വീപ് സംഘം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചു
കേരളത്തിലെ അധികാരവികേന്ദ്രീകരണ സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ എത്തിയ ലക്ഷദ്വീപിൽ നിന്നു ളള ജനപ്രതിനിധി ഉദ്യോഗസ്ഥ സംഘം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചു. വൈകീട്ട് മൂന്നിന് ജില്ലാ പഞ്ചായത്തിൽ എത്തിയ സംഘത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ അധികാരവികേന്ദ്രീകരണം, ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ, നവകേരളം ലക്ഷ്യമിട്ടുളള പദ്ധതികൾ എന്നിവ ലക്ഷദ്വീപ് സംഘത്തിനായി വിശദീകരിച്ചു. വിജ്ഞാന സാഗർ, സുശാന്തം, ബാലസൗഹൃദ ജില്ലാ, ശുഭാപ്തി തുടങ്ങി ജില്ലാ പഞ്ചായത്തിന്റെ നവീന പദ്ധതികൾ പ്രത്യേകം പരിചയപ്പെടുത്തി. ലക്ഷദ്വീപിലെ പഞ്ചായത്ത്രാജ് സംവിധാനത്തിൽ നിന്നുളള അനുഭവങ്ങൾ പങ്കുവച്ചു.
ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കം ചീഫ് കൗൺസിലർ ബി ഹസൻ, വൈസ് പ്രസിഡണ്ട് ടി കെ അബ്ദുൾ ഷുക്കൂർ, വൈസ് പ്രസിഡണ്ട് കം കൗൺസിലർ പി പി അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലുളള 35 അംഗസംഘമാണ് സന്ദർശനം നടത്തിയത്. ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺമാർ, ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. എട്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ സംഘം ജൂൺ 26 മുതൽ 30 വരെയാണ് കിലയുടെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ സന്ദർശനം നടത്തുന്നത്. തൃശൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജെന്നി ജോസഫ്, പത്മിനി ടീച്ചർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments