Skip to main content

അനർഹർ പ്രളയാനുകൂല്യം കൈപ്പറ്റിയെങ്കിൽ  പരിശോധിക്കും: ജില്ലാ കളക്ടർ

അനർഹർ പ്രളയാനുകൂല്യം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ ടി വി അനുപമ. കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ വിജിലൻസ് കമ്മിറ്റി യോഗത്തിൽ ചാലക്കുടി കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ അനർഹർക്ക് ആനുകൂല്യം ലഭിച്ചുവെന്ന പരാതി ഉയർന്നപ്പോഴാണ് ഇത്തരം സംഭവങ്ങൾ എവിടെയുണ്ടെങ്കിലും പരിശോധിക്കുമെന്ന് കളക്ടർ വ്യക്തമാക്കിയത്. കാടുകുറ്റി പഞ്ചായത്തിലെ ആറാം വാർഡിൽ പ്രളയാനന്തര ആനുകൂല്യം അനർഹർക്കു ലഭിച്ചുവെന്നും പട്ടികജാതി വിഭാഗക്കാർ ഉൾപ്പെടെയുള്ളവർ തഴയപ്പെട്ടുവെന്നും യോഗത്തിൽ പരാതി ലഭിച്ചു. പഞ്ചായത്തിലെ മറ്റു വാർഡുകളിലും അനർഹർ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിക്കാരന്റെ അപേക്ഷ പരിശോധിച്ച് നടപടിയെടുക്കുമെന്നും അവരുടെ പേരുവിവരങ്ങൾ ശേഖരിച്ചു നൽകാൻ പഞ്ചായത്തിനോട് ആവശ്യപ്പെടുമെന്നും കളക്ടർ വ്യക്തമാക്കി.
കോർപ്പറേഷനിലെ ഒല്ലൂർ പള്ളിക്കു മുൻവശത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിലും അതിനോട് ചേർന്ന റോഡിലും സ്വകാര്യ വ്യക്തി കൈയേറ്റം നടത്തിയെന്ന പരാതിയിൽ കോർപ്പറേഷൻ, പി ഡബ്ല്യു ഡി എന്നിവരോട് നിജസ്ഥിതി കണ്ടെത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും കളക്ടർ നിർദേശിച്ചു. കഴിഞ്ഞ വിജിലൻസ് യോഗത്തിൽ ലഭിച്ച നാല് പരാതികൾക്ക് പരിഹാരം കണ്ടെത്തി. അടുത്ത യോഗത്തിനു മുൻപ് ഏഴ് പുതിയ പരാതികൾ പരിശോധിച്ച് പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date