ആദിവാസി ഭൂവിതരണം; സര്‍വേ പുരോഗതി വിലയിരുത്തി
ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വേ പുരോഗതി ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ ഒന്നിന് സ്‌കെച്ച് നല്‍കണമെന്നു ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വനംവകുപ്പ് നല്‍കാമെന്നേറ്റ ഭൂമിയിലാണ് സര്‍വേ പുരോഗമിക്കുന്നത്. നോര്‍ത്ത് വയനാട്, സൗത്ത് വയനാട് വനം ഡിവിഷനുകളിലായി 200 ഹെക്ടര്‍ വനഭൂമിയാണ് ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ വാസയോഗ്യമായ ഭൂമി കണ്ടെത്താനാണ് സര്‍വേ. വാസയോഗ്യമായതും അല്ലാത്തതുമായ ഭൂമിയുടെ ഘടന വിശദീകരിച്ചുകൊണ്ടുള്ള സമഗ്ര റിപോര്‍ട്ട് തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറും. ഡെപ്യൂട്ടി കലക്ടര്‍ രോഷ്ണി നാരായണന്‍, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫിസര്‍ പി.വാണിദാസ്, റവന്യൂ, സര്‍വേ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments