കോഴിക്കോട് അറിയിപ്പുകള് 1
വാണിജ്യ സര്‍ട്ടിഫിക്കേറ്റുകളുടെ യു.എ.ഇ എംബസ്സി
അറ്റസ്റ്റേഷന് ജൂലൈ മുതല്‍ നോര്‍ക്ക-റൂട്ട്സ് വഴി
വാണിജ്യസര്ട്ടിഫിക്കറ്റുകളുടെ യു.എ.ഇ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ ഇനി മുതല്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിര്‍വ്വഹിക്കും. ജൂലൈ ഒന്ന് മുതലാണ് ഈ സംവിധാനം നിലവില്‍ വരുക. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം പ്രസ്തുത സേവനം ലഭ്യമാകും. ചേമ്പര്‍ ഓഫ് കോമേഴ്സും സെക്രട്ടേറിയേറ്റിലെ അഭ്യന്തര വകുപ്പും സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷനും യു.എ.ഇ എംബസ്സി അറ്റസ്റ്റേഷനും ചെയ്ത് ലഭിക്കും. പവര്‍ ഓഫ് അറ്റോണി, ട്രേഡ് മാര്‍ക്ക്, ബിസിനസ്സ് ലൈസന്‍സുകള്‍ തുടങ്ങിയ വിവിധ വാണിജ്യ സര്‍ട്ടിഫിക്കേറ്റുകളാണ് നോര്‍ക്ക റൂട്ട്സ് മുഖേന സാക്ഷ്യപ്പെടുത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും), 0471-2770557 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വനിതാ കമ്മീഷന്റെ നേതൃത്തില്‍ സ്ത്രീകള്‍ക്ക്
നിയമ ബോധവല്‍ക്കരണ സെമിനാര്‍
വനിതാ കമ്മിഷന്റെ നേതൃത്തില്‍ ജൂലായ് ഒന്നിന് രാവിലെ അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഏകദിന ബോധവല്‍ക്കരണ സെമിനാര്‍ നടക്കും. സ്ത്രീകളും തൊഴില്‍ നിയമങ്ങളും, സൈബര്‍ ലോകത്തിലെ നിയമങ്ങള്‍ എന്നിവയെ കുറിച്ച് വിദഗ്ധര്‍ ക്ലാസ്സെടുക്കും. വനിത കമ്മിഷന് അംഗം അഡ്വ.എം.എസ് താര ഉദ്ഘാടനം ചെയ്യും. സ്ത്രീകള്‍ - കുട്ടികള്‍ എന്നിവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വാര്‍ഡ് തലത്തില്‍ രൂപീകരിച്ച ജാഗ്രത സമിതി പ്രവര്‍ത്തനം എങ്ങിനെ കാര്യാക്ഷമമാക്കാം എന്ന വിഷയത്തില്‍ അഴിയൂര്‍, ഒഞ്ചിയം, ചോറോട്, ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കും അംഗന്‍വാടി, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള പ്രത്യേക ക്ലാസ്സും പരിപാടിയോടനുബന്ധിച്ച് നടത്തും. അഴിയൂര്‍ പഞ്ചായത്തിലെ സ്ത്രീകള്‍ക്കു കുട്ടികള്‍ക്കും വാര്‍ഡ് തലത്തില്‍ പരാതികള്‍, പ്രശ്നങ്ങള്‍ എന്നിവ രേഖപ്പെടുത്തുവാനുള്ള പിങ്ക്ബോക്സ്, അഡ്വ.എം.എസ് താര പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ സുധ മാളിയക്കലിന് നല്കി ഉദ്ഘാടനം ചെയ്യും.
ഉന്നതവിജയികള്‍ക്ക് പി.ടി.എ റഹീം എം.എല്‍.എയുടെ ആദരം
കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയവരെയും എയിംസ്, ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ അഡ്മിഷന് ലഭിച്ചവരെയും ഒരു വര്‍ഷത്തിനിടയില്‍ വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെയും പി.ടി.എ റഹീം എം.എല്‍.എ അവാര്‍ഡും ഉപഹാരവും നല്കി ആദരിക്കും. മെഡിക്കല്‍, എഞ്ചിനീയറിംഗ് കേരളാ റാങ്ക് ആയിരം വരെ ലഭിച്ചവരും എയിംസ്, ഐ.ഐ.ടി, എന്‍.ഐ.ടി അഡ്മിഷന് ലഭിച്ചവരും ഡോക്ടറേറ്റ് നേടിയവരും ഒരു ഫോട്ടോ, ബയോഡാറ്റ, വിശദവിവരങ്ങള്‍ എന്നിവ ജൂലൈ 10 ന് മുമ്പായി എം.എല്‍.എയുടെ ഓഫീസില്‍ എത്തിക്കണം. വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9946 22 83 84.
ഡി.ടി.പി.സിയില്‍ ഡസ്റ്റിനേഷന്‍ മാനേജര്‍,
ഓഫീസ് ക്ലാര്‍ക്ക് ഒഴിവുകള്‍
കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഡസ്റ്റിനേഷന്‍ മാനേജര്‍, ഓഫീസ് ക്ലാര്‍ക്ക് മുതലായ തസ്തികകളിലേക്ക് എഴുത്തുപരീക്ഷ നടത്തുന്നു. ഇതേ തസ്തികകളിലേക്ക് 2018 മാര്‍ച്ച് എട്ടിന് നടത്തിയ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അറിയിപ്പ് ലഭിച്ച് ഏഴുദിവസത്തിനുള്ളില്‍ (ജൂലൈ 6 വരെ) നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാം. 2018-ല്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്. ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദാനന്തര ബിരുദമാണ് ഡെസ്റ്റിനേഷന്‍ മാനേജര്‍ തസ്തികയിലേക്കുള്ള യോഗ്യത. ഓഫീസ് ക്ലര്‍ക്ക് തസ്തികയിലേക്ക് ട്രാവല്‍ ആന്റ് ടൂറിസം ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പച്ചത്തുരുത്ത്- അതിജീവനത്തിനായി ചെറുവനങ്ങള്‍
ശില്പശാല സംഘടിച്ചു
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത്- അതിജീവനത്തിനായി ചെറുവനങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിച്ച ജൈവ വൈവിധ്യ ശില്പശാല കൊയിലാണ്ടി നഗരസഭ ചെയര്മാന് അഡ്വ കെ സത്യന് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയുടെ തീരദേശം നിറയെ നിറഞ്ഞുനില്ക്കുന്ന കണ്ടല്‍കാടുകള്‍ പച്ചത്തുരുത്തിന്റെ മറ്റൊരു മാതൃകയാണെന്നും നഗരസഭയുടെ കീഴില്‍ രണ്ട് ഏക്കറോളം പച്ചത്തുരുത്ത് നിര്‍മിക്കാന്‍ വേണ്ട നടപടികള്‍ ഉടനെ സ്വീകരിക്കുമെന്നും ചെയര്മാന് പറഞ്ഞു.
ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രകാശ് പച്ചത്തുരുത്ത് എന്ന ആശയവും സംഘാടനവും നിര്‍വഹണവും സംബന്ധിച്ച് സംസാരിച്ചു. അന്യം നിന്ന് പോകുന്ന ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള നൂതന ആശയമാണ് പച്ചത്തുരുത്ത്. ജൈവവൈവിധ്യ ബോര്‍ഡ് റിസോഴ്സ് പേഴ്സണ്‍ ഇ. രാജന്, സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഓഫീസര്‍ ടി രാജന് തുടങ്ങിയവര്‍ ക്ലാസെടുത്തു.
സ്വകാര്യ വ്യക്തികള്‍ അവരുടെ സ്ഥലങ്ങളില്‍ പച്ചത്തുരുത്ത് നിര്‍മിക്കാന്‍ സന്നദ്ധരായി 37 സെന്റ് സ്ഥലം വിട്ടു തരാന്‍ തയാറായി. തനതായ ഇടപെടലുകള്‍ കൊണ്ട് സമൂഹത്തില്‍ മാറ്റം സൃഷ്ടിച്ച് നിരവധി കര്‍ഷക അവാര്‍ഡുകള്‍ നേടിയ മാധവി അമ്മ അവരുടെ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന ശില്പശാലയില് വൈസ് ചെയര്‍പേഴ്സണ്‍ വി കെ പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രതിനിധികള്‍, തൊഴിലുറപ്പ് പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പരിസ്ഥിതി സംരക്ഷകര്‍, ജൈവവൈവിധ്യ ബോര്‍ഡ് കണ്‍വീനര്‍ മുരളീധരന് ഒറ്റക്കണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.
ട്രസ്റ്റിമാരെ നിയമിക്കുന്നു
കൊയിലാണ്ടി മൊടക്കല്ലൂര്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 26 ന് വൈകീട്ട് അഞ്ച് മണിക്കകം കോഴിക്കോട് സിവില്‍സ്റ്റേഷനിലുളള ഡി ബ്ലോക്ക് മൂന്നാം നിലയിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിരങ്ങള്ക്കുമായി ഓഫീസുമായി ബന്ധപ്പെടുക.
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ആരോഗ്യ/മുസിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II (എന്‍.സി.എ - മുസ്ലിം, എന്‍.സി.എ - SIUCN) (കാറ്റഗറി നം. 516/17, 517/17) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 2019 ജൂണ്‍ 21 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. പകര്‍പ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.
ദര്‍ഘാസ് അപേക്ഷാ തീയതി നീട്ടി
കോഴിക്കോട് ഡി.ടി.പി.സിയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലെ കഫ്റ്റീരിയ, ബോട്ടിംഗ്, കംഫര്‍ട്ട് സ്റ്റേഷന് മുതലായവ ഏറ്റെടുത്ത് നടത്തുന്നതിനായി ക്ഷണിച്ച ദര്‍ഘാസിന്റെ കാലാവധി ജൂലൈ 16 വരെ നീട്ടി. ടെണ്ടര്‍ ഫോറം വില്‍ക്കുന്ന തീയതി ജൂലൈ ഒന്ന് മുതല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.ടി.പി.സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2720012.
താല്പര്യപത്രം ക്ഷണിച്ചു
സ്വകാര്യ മേഖലയില്‍ പിന്നാക്ക വിഭാഗങ്ങളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വാഹന നിര്‍മ്മാണ വിപണന സര്‍വീസ് മേഖല, ഹോട്ടല്‍ വ്യവസായ രംഗം, ലോജിസ്റ്റിക് രംഗം, പോളിമര്‍ ഇന്‍ഡസ്ട്രി, എന്നെ മേഖലകളില്‍ പരിശീലനവും, തൊഴിലും ഉറപ്പ് നല്കുന്ന കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പാര്‍ട്ടിസിപ്പേഷന്‍ എന്ന പദ്ധതിയുമായി സഹകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്വകാര്യ സംരംഭകരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു. താല്പര്യ പത്രം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 0495-2377786.
വാസ്തുവിദ്യാഗുരുകുലം: കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സാംസ്കാരിക വകുപ്പിന് കീഴില്‍ പത്തനംതിട്ട ആറ•ുളയിലെ പാരമ്പര്യ വാസ്തുവിദ്യ, ചുമര് ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലത്തില്‍ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ഒരു വര്‍ഷം), പാരമ്പര്യ വാസ്തുശാസ്ത്ര (ട്രഡിഷണല്‍ ആര്‍ക്കിടെക്ച്ചര്‍), ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവ ജൂലൈ മുതല്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. വിശവദ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക. www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. വിലാസം - എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറ•ുള, പത്തനംതിട്ട - 689533. ഫോണ്‍ - 0468-2319740, 9847053293. എ.ബി ശിവന്, കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ - 9947739442, പി.പി സുരേന്ദ്രന്, ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയര്‍ - 9847053294. സുരേഷ്കുമാര്‍ എസ്. മ്യൂറല്‍ ആര്‍ട്ടിസറ്റ് - 9847053293, പ്രവീണ്‍ സി കെ - 9744857828.
വാഹനം: ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വേണ്ടി (ജീപ്പ്/കാര്‍) 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ വ്യവസ്ഥയില്‍ വാഹനം ഓടുന്നതിന് അംഗീകൃത വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. റീ ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 10 രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2378920.
തിരികെയെത്തിയ പ്രവാസികള്‍ക്കായി
സംരംഭങ്ങളെ പരിചയപ്പെടുത്തുന്നു
നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതിക്കു കീഴില്‍ ഐ.ഒ.ബി യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 9 ന് രാവിലെ 10 ന് വര്‍ക്കല കിംഗ്സ് ആഡിറ്റോറിയത്തില്‍ തിരികെയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്നു. അര്‍ഹരായ സംരംഭകര്‍ക്ക് തല്‍സമയം വായ്പ അനുവദിക്കുന്നതും അഭിരുചിയുള്ളവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതുമാണ്. ഇതിനായി സര്‍ക്കാര്‍ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡി യുടെ സേവനവും ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എം.ഡിയുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും), 0471-2770581 നമ്പറുകളിലും ബന്ധപ്പെടണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ലീഡ് ബാങ്ക് ഓഫീസ് മാറ്റി
വെസ്റ്റ്ഹില്‍, കണ്ണൂര്‍ റോഡില്‍ സ്ഥിതി ചെയ്തിരുന്ന ലീഡ് ബാങ്ക് ഓഫീസ് ചെറൂട്ടി റോഡിലെ കാനറാ ബാങ്ക് കെട്ടിടത്തിലേക്ക് മാറ്റിയതായി ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. പുതിയ വിലാസം - ലീഡ് ബാങ്ക് ഓഫീസ്, കാനറാ ബാങ്ക് ബില്‍ഡിംഗ് (ഒന്നാം നില),ചെറൂട്ടി റോഡ്, കോഴിക്കോട് - 673001. ഫോണ്‍ നം (0495 2760399), ഇ.മെയില്‍ ഐഡി എന്നിവയ്ക്ക് മാറ്റമില്ല.
ജില്ലാ നിര്‍മ്മിതി കേന്ദ്രം : അപേക്ഷകള്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ നിര്‍മ്മിതി കേന്ദ്രം സൈറ്റ് എഞ്ചിനീയര്‍, ആര്‍ക്കിടെക്ട് എന്നീ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സൈറ്റ് എഞ്ചിനീയര്‍ക്ക് സിവില്‍ എഞ്ചിനീയര്‍ ബിരുദവും നാല് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആര്‍ക്കിടെക്ടിന് ആര്‍ക്കിടെക്ചര്‍ ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൂടാതെ ദിവസവേതന അടിസ്ഥാനത്തില്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, ടൈപ്പ് റൈറ്റിങ്ങ് ലോവര്‍ (മലയാളം, ഇംഗ്ലീഷ്), എന്നിവയാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ജൂലൈ 12 ന് മുമ്പായി മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മ്മിതികേന്ദ്ര, സിവില്‍ സ്റ്റേഷന്, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ - 0495 2377707, 9745146610.
അപേക്ഷ ക്ഷണിച്ചു
മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ 2019 ജൂലൈ ബാച്ചിലേക്കുളള അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്സ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുളള കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധി ബാധകമല്ല. സ്കൂള്‍ അധ്യാപകര്‍, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷയും വിശദ വിവരങ്ങള്‍ക്കും വെബ്സൈറ്റ് www.src.kerala.gov.in/www.srccc.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. ഫോണ്‍ - 0471-2325101, 2326101. ഇ. മെയില്‍ - keralasrc@gmail.com, srccommunitycollege@gmailc.om.
- Log in to post comments