ഭവന നിര്‍മ്മാണം: പ്രതേ്യക ധനസഹായം നല്കുന്നു
വിവിധ വകുപ്പുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് അനുവദിച്ചു നല്കിയ ഭവന നിര്‍മ്മാണ ധനസഹായ തുക കൈപ്പറ്റിയിട്ടും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കത്ത കുടുംബങ്ങള്‍ക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് അംഗീകൃത എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ പരമാവധി ഒന്നര ലക്ഷം രൂപ വരെ പ്രത്യേക ധനസഹായം നല്കുന്നു.
വിവിധ വകുപ്പ്/ ഏജന്‍സികളില്‍ നിന്നും ഭവന നിര്‍മ്മാണ ധനസഹായ തുക പൂര്‍ണ്ണമായി കൈപ്പറ്റി കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ അവശേഷിക്കുന്ന ഗുണഭോക്താക്കള്‍, നിര്‍ദ്ദിഷ്ട രീതിയിലുള്ള മേല്‍ക്കൂര നിര്‍മ്മിക്കാന്‍ കഴിയാത്തതിനാല്‍ ( കോണ്‍ക്രീറ്റ് ചെയ്യാതെ മറ്റ് തരത്തിലുളള മേല്‍ക്കൂര നിര്‍മ്മിച്ചവര്‍) അവസാന ഗഡു കൈപ്പറ്റാത്തവര്‍, സ്വന്തമായി നിര്‍മ്മാണം ആരംഭിച്ചിട്ട് പണി പൂര്‍ത്തിയാക്കാത്തവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കായിരിക്കും ധനസഹായത്തിന് അര്‍ഹത. ലൈഫ് മിഷന് പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. കൂടാതെ പത്ത് വര്‍ഷത്തിനുള്ളില്‍ (ധനസഹായ തുകയുടെ അവസാന ഗഡു കൈപ്പറ്റിയ തീയ്യതി കണക്കാക്കുമ്പോള്‍) ധനസഹായ തുക കൈപ്പറ്റിയവര്‍ക്കും ധനസഹായം ലഭിക്കും. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ കവിയാത്ത കുടുംബങ്ങള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക.
ധനസഹായത്തിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം, കൈവശാവകാശം/ ഉടമസ്ഥാവകാശം (ഏതെങ്കിലും ഒന്ന്) തെളിയിക്കുന്ന രേഖ, അംഗീകൃത എസ്റ്റിമേറ്റ് , അവസാന ഗഡു കൈപ്പറ്റിയ തീയ്യതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് / ഏജന്‍സികളില്‍ നിന്നുള്ള സാക്ഷ്യപത്രം അഥവാ നിശ്ചിത മാതൃകയിലുള്ള മേല്‍ക്കൂര നിര്‍മ്മിക്കാത്തതിനാല്‍ അവസാന ഗഡു സംഖ്യ നല്‍കിയിട്ടില്ല എന്നതു സംബന്ധിച്ച ബന്ധപ്പെട്ട വകുപ്പ് / ഏജന്‍സിയില്‍ നിന്നുള്ള സാക്ഷ്യ പത്രം, സ്വന്തമായി ഭവന നിര്‍മ്മാണം ചെയ്തവര്‍ വീടിന്റെ കാലപ്പഴക്കം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറി/ അസിസ്റ്റന്റ് എഞ്ചിനീയര്‍ നിന്നുള്ള സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ധനസഹായത്തിനുളള വിശദമായ എസ്റ്റിമേറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എഞ്ചിനീയര്‍/ ഓവര്‍സീയര്‍/ അംഗീകൃത ബില്‍ഡിംഗ് സൂപ്പര്‍വൈസര്‍ എന്നിവരില്‍ നിന്നുള്ളതായിരിക്കണം. ഓരോ ഇനം പ്രവര്‍ത്തികള്‍ക്കും വേണ്ടി വരുന്ന തുക സംബന്ധിച്ച എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് (സംക്ഷിപ്തം) നിര്‍ബന്ധമായും വാങ്ങിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി വയനാട് ജില്ലാ ഓഫീസിലോ, അതാതു ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാം.
- Log in to post comments