കെട്ടിടനിര്‍മാണ അദാലത്ത് വിജയിപ്പിക്കാന്‍ ആസൂത്രണ സമിതി നിര്‍ദ്ദേശം തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക യോഗം ചേരണം
കെട്ടിടനിര്‍മാണ അനുമതികളുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറുടെ നേതൃത്വത്തില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അദാലത്തുകള്‍ ജില്ലയില്‍ വിജയിപ്പിക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. കെട്ടിട വിനിയോഗാനുമതി, കെട്ടിട നമ്പര്‍, കെട്ടിട നിര്‍മാണ ക്രമവല്‍ക്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു വേണ്ടിയാണ് അദാലത്തുകള്‍ നടത്തുന്നത്. ജൂലൈ 31നു മുമ്പായി നടക്കുന്ന അദാലത്തുകള്‍ക്കു മുന്നോടിയായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും ഭരണസമിതി അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് അപേക്ഷകള്‍ പരിശോധിച്ച് എത്രയും വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ആസൂത്രണ സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.
ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് എംസിഎഫ് കേന്ദ്രങ്ങളിലെത്തിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ വൃത്തിയുള്ളവയാണെങ്കില് മാത്രമേ ആര്‍ആര്‍എഫ് കേന്ദ്രങ്ങളിലെ ഷ്രെഡിംഗ് യൂനിറ്റുകളില്‍ നിന്ന് അവ പൊടിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഹരിത കര്‍മ സേനയ്ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കണം. എംസിഎഫ് കേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ അപ്പപ്പോള്‍ ആര്‍ആര്‍എഫ് കേന്ദ്രങ്ങളിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഷ്രെഡിംഗ് യൂനിറ്റുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് പൊടി ജില്ലയിലെ റോഡ് നിര്‍മാണത്തിനായി ഉപയോഗിക്കണം. റോഡ് വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇതുകൂടി ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20ലേക്കുള്ള പരിഷ്ക്കരിച്ച വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കണ്ണൂര്‍ കോര്പറേഷന്, പാനൂര്‍, മട്ടന്നൂര്‍, തലശ്ശേരി നഗരസഭകള്‍, വളപട്ടണം, ചിറക്കല്‍, ധര്‍മടം, ചപ്പാരപ്പടവ്, അയ്യന്‍കുന്ന്, കോട്ടയം, തൃപ്പങ്ങോട്ടൂര്‍, വേങ്ങാട്, മുഴപ്പിലങ്ങാട്, ഉദയഗിരി, ചെങ്ങളായി, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിഷ്ക്കരിച്ച വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയില്‍ ശ്രീകണ്ഠാപുരം നഗരസഭ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും യോഗം അംഗീകരിച്ചു. 20ലേറെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കും യോഗം അംഗീകാരം നല്കി.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം ഇ മുഹമ്മദ് യൂസുഫ്, സമിതി അംഗങ്ങളായ ഇപി ലത, കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, പി ഗൗരി, പി ജാനകി, സുമിത്ര ഭാസ്ക്കരന്‍, കെ വി ഗോവിന്ദന്, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ പ്രകാശന്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments