Skip to main content

സംസ്ഥാന ഹജ്ജ് ക്യാമ്പ്: ഒരുക്കങ്ങള്‍ പൂര്‍ണ്ണമായി- കരിപ്പൂരില്‍ ഹജ്ജ് സെല്ലിന് ഇന്ന് തുടക്കമാവും

 

      സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ 2019 വര്‍ഷത്തെ ഹജ്ജിന് പുറപ്പെടുന്നവര്‍ക്കായി കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.  കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിക്കുന്നത്. ആകെ 13472 പേരാണ്  കേരളത്തില്‍ നിന്ന്  ഇത്തവണ ഹജ്ജിന് പോകുന്നത്. ഇതില്‍ 10732 പേര്‍ കരിപ്പൂരില്‍ നിന്നും 2740 പേര്‍ നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് യാത്ര പുറപ്പെടുന്നത്. 8026 സ്ത്രീകളും 5446 പുരുഷന്‍മാരുമടങ്ങുന്നതാണ് യാത്രികര്‍. എഴുപത് വയസ്സിനു മുകളിലുള്ള 1199 പേരും 19 കുട്ടികളും മെഹറം ഇല്ലാതെ 45 വയസ്സിനു മുകളിലുള്ള 2011 സ്ത്രീകളും സംഘത്തിലുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹാജിമാരുള്ളത.് 3830 പേരാണ് ജില്ലയില്‍ നിന്നും പോവുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നും 3457 പേരും യാത്ര പുറപ്പെടും.
സര്‍ക്കാര്‍ നിയോഗിച്ച 55 ഹജ്ജ് സെല്‍ അംഗങ്ങള്‍ ഇന്ന് കരിപ്പൂര്‍ ഹജ്ജ് ഹൗസിലെത്തി ചുമതലയേല്‍ക്കും. ഡി. വൈ.എസ്.പി. എസ്.നജീബാണ് ഹജ്ജ് സെല്‍ ഓഫീസര്‍. ഹാജിമാരെ സ്വീകരിക്കുന്നതിനും താമസിപ്പിക്കുന്നതിനുമുള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഹജ്ജ് സെല്‍ സൗകര്യങ്ങള്‍ വിലയിരുത്താനായി ട്രയല്‍ റണ്‍ ഇന്നു നടക്കും. ഹജ്ജാജിമാരുടെ വിസ സ്റ്റാമ്പ് ചെയ്ത പാസ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്ന്  കരിപ്പൂരിലെത്തിച്ചിട്ടുണ്ട്.

ഹജ്ജ് ഹൗസിനോട് ചേര്‍ന്നു 20000 അടിയില്‍ 15000 ത്തില്‍ അധികം പേരെ ഉള്‍ക്കൊള്ളവുന്ന വിശാലമായ പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഹജ്ജ് ഹൗസിലെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി. ഹജ്ജ് ഹൗസിലെ രണ്ടാം ഘട്ട ശുചീകരണവും സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കി. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഒരേ സമയം 700 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

date