ക്ലീൻ എറണാകുളം: ആദ്യഘട്ടം മുട്ടം മെട്രോ സ്റ്റേഷൻ മുതൽ അമ്പാട്ട്കാവ് വരെ
കാക്കനാട്: ജില്ലയെ മാലിന്യമുക്തമാക്കാന്‍ കളക്ടര്‍ എസ്. സുഹാസ് മുന്‍കയ്യെടുത്ത് ആവിഷ്കരിച്ച ക്ലീൻ എറണാകുളത്തിന്റെ ആദ്യ ഘട്ടത്തിൽ മുട്ടം മെട്രോ സ്റ്റേഷൻ മുതൽ അമ്പാട്ട്കാവ് വരെ വൃത്തിയാക്കുന്നു. ജൂലൈ13ന് റോഡിന്റെ ഇരുവശവും 100 മീറ്റർ പാതയോരമാണ് സന്നദ്ധപ്രവര്‍ത്തനത്തിലൂടെ ശുചീകരിക്കുന്നത്.
കളമശ്ശേരി പോളിടെക്നിക് കോളേജ്, എസ്സിഎംഎസ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള 250 നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരാണ് ശുചിത്വ യജ്ഞത്തിൽ പങ്കാളികളാവുന്നത്. 20 വോളണ്ടിയർമാരടങ്ങുന്ന വിവിധ ഗ്രൂപ്പുകളായി തിരിച്ച്, പത്ത് മീറ്റർ അകലത്തിൽ ശുചീകരണം നടത്തും.വോളണ്ടിയർമാരെ കൂടാതെ കോ ഓഡിനേറ്റർമാരെയും ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കാൻ ലൈസൻസിങ് ഓഫീസർമാരെയും നിയോഗിക്കും.
കൂടാതെ പോലീസ്, എൻ സി സി, സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകള്‍ എന്നിവരും സേവനരംഗത്തുണ്ടാകും. വൈദ്യസഹായത്തിന് മെഡിക്കല്‍ സംഘത്തെയും ഏര്‍പ്പെടുത്തുമെന്ന് പദ്ധതിയുടെ ഏകോപനച്ചുമതല വഹിക്കുന്ന അസിസ്റ്റന്‍റ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി പറഞ്ഞു.
രാവിലെ ഏഴു മുതല്‍ 11 വരെയാണ് ശുചീകരണയജ്ഞം. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ആരോഗ്യവകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, അൻപൊടു കൊച്ചി തുടങ്ങിയവരും പദ്ധതിയുമായി സഹകരിക്കും.
വേർതിരിച്ച മാലിന്യങ്ങൾ വണ്ടിയിൽ കയറ്റി നിശ്ചിതകേന്ദ്രത്തിലേക്ക് അയച്ചുവെന്ന് കോ ഓഡിനേറ്റർമാർ ഉറപ്പ് വരുത്തണമെന്ന് അസിസ്റ്റന്റ് കലക്ടർ നിർദ്ദേശിച്ചു. ശുചീകരിച്ച സ്ഥലങ്ങളില്‍ തുടര്‍ന്ന് മാലിന്യം ഇടുന്നത് ഒഴിവാക്കാന്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. യജ്ഞത്തിൽ പങ്കാളികളാകുന്നവർക്ക് കുടിവെള്ളം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും കയ്യുറ, മാസ്ക് , ടീ ഷർട്ട്, ക്യാപ് തുടങ്ങിയവയും ലഭിക്കും.
ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുണൻ, ശുചിത്വ മിഷൻ പ്രതിനിധി പി. എച്ച് ഷൈന്‍, അൻപൊട് കൊച്ചി പ്രതിനിധികൾ എന്നിവർ കളക്ടറേറ്റില്‍ നടന്ന ആലോചനായോഗത്തില്‍ പങ്കെടുത്തു.
- Log in to post comments