Skip to main content

പ്രളയ പുനരുദ്ധാരണം; ജില്ലയില്‍ വിതരണം ചെയ്തത് 15 കോടി 39 പേരുടെ വീടുനിര്‍മ്മാണം പൂര്‍ത്തിയായി

സംസ്ഥാനം 2018 ആഗസ്റ്റ് 12 മുതല്‍ 18 വരെ നേരിട്ട സമാനതകളില്ലാത്ത പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തത് 15 കോടി രൂപ. പ്രളയത്തില്‍ 173 വീടുകള്‍ പൂര്‍ണമായും 1422 വീടുകള്‍ ഭാഗികമായും തകരുകയും കാര്‍ഷിക മേഖലയിലുള്‍പ്പെടെ വലിയ നഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഇവര്‍ക്കുള്ള നഷ്ട പരിഹാരമുള്‍പ്പെടെയാണ് 15 കോടി രൂപ വിതരണം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 11 കോടി രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് കോടി രൂപയുമാണ് ജില്ലയില്‍ വിതരണം ചെയ്തത്.
ഭാഗികമായി തകര്‍ന്ന വീടുകള്‍ക്കുള്ള മുഴുവന്‍ തുകയും ഇതിനോടകം വിതരണം ചെയ്തു. 15 ശതമാനം നാശനഷ്ടം സംഭവിച്ച 815 വീടുകള്‍ക്ക് 10,000 രൂപ വീതവും 16 മുതല്‍ 29 ശതമാനം വരെ നാശനഷ്ടം സംഭവിച്ച 394 വീടുകള്‍ക്ക് 60,000 രൂപ വീതവും 30 മുതല്‍ 59 ശതമാനം വരെ നാശനഷ്ടം സംഭവിച്ച 121 വീടുകള്‍ക്ക് 1.25 ലക്ഷം രൂപ വീതവും 60 മുതല്‍ 74 ശതമാനം വരെ നാശനഷ്ടം സംഭവിച്ച 92 വീടുകള്‍ക്ക് 2.5 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്.  പൂര്‍ണമായും തകര്‍ന്ന വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലാണ്. നിര്‍മ്മാണ പുരോഗതി അനുസരിച്ച് ഗഡുക്കളായാണ് ഇവര്‍ക്ക് തുക വിതരണം ചെയ്യുന്നത്.
സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച 20 എണ്ണമുള്‍പ്പെടെ 39  വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലയില്‍ പൂര്‍ത്തിയായി.  പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരില്‍ സ്വന്തമായി സ്ഥലം കണ്ടെത്തി വീടുവയ്ക്കാന്‍ തയ്യാറായ 15 കുടുംബങ്ങള്‍ക്കുള്ള ആദ്യ ഗഡുവും സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. സ്ഥലം വാങ്ങാനുള്ള തുകയുള്‍പ്പെടെ 10 ലക്ഷം രൂപയാണ് ഇവര്‍ക്ക് നല്‍കുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കിളിയന്തറ പുഴപുറമ്പോക്കില്‍ താമസിച്ചിരുന്ന 18 കുടുംബങ്ങളില്‍ 15 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി 35 ലക്ഷം രൂപ ചെലവാഴിച്ച് ഇരിട്ടി താലൂക്കിലെ വിളമനയില്‍ ഒരേക്കര്‍ ഭൂമി സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ എന്ന കമ്പനിയാണ് ഇവിടെ 15 കുടുംബങ്ങള്‍ക്കും വീട് വച്ചുനല്‍കുന്നത്. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ള മൂന്ന് കുടുംബങ്ങള്‍ക്ക് വിവിധ സന്നധ സംഘടനകളുടെ നേതൃത്വത്തിലും വീടൊരുങ്ങുന്നുണ്ട്. വീടുകളില്‍ വെള്ളം കയറിയത് മൂലം ദുരിതം നേരിട്ട 292 പേര്‍ക്ക് 10,000 രൂപ വീതവും നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകര്‍ക്ക്  5.64 കോടി രൂപയും സര്‍ക്കാര്‍ വിതരണം ചെയ്തു. ഓണത്തിന് മുമ്പ് എല്ലാവരുടെയും വീട് പണി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജീവിതോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത്  തിരിച്ചുപിടിക്കുന്നതിന് നിരവധി പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുന്നു. സൂക്ഷ്മ ചെറുകിട- ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍, തേനീച്ച കൃഷി, മൃഗ സംരക്ഷണ തുടങ്ങിയ  വിവിധ മേഖലകളിലെ ദുരന്ത ബാധിതര്‍ക്ക് അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിനായി പ്രഖ്യാപിച്ച ഉജ്ജീവന സഹായ പദ്ധതി പ്രകാരം 14 പേര്‍ക്ക്  53.4 ലക്ഷം രൂപ വായ്പ നല്‍കി. കൂടാതെ 15.85 ലക്ഷം രൂപ സബ്സിഡി നല്‍കാനും ജില്ലാ വ്യവസായ കേന്ദ്രം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജീവനോപാധികള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ച 19 പേര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ വീതവും പലിശരഹിത വായ്പയും നല്‍കിയിട്ടുണ്ട്. ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവ വഴി നല്‍കുന്ന വായ്പയുടെ പലിശ സര്‍ക്കാറാണ് വഹിക്കുന്നത്.
പി എന്‍ സി/2297/2019

 

date