Skip to main content

ആദിവാസി സാക്ഷരത പരീക്ഷ ഇന്ന്  3487 പേര്‍ പരീക്ഷ എഴുതും

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരത മിഷന്റെയും നേതൃത്വത്തില്‍ നടന്നു വരുന്ന രണ്ടാം ഘട്ട ആദിവാസി സാക്ഷരത പദ്ധതി വിവിധ കോളനികളില്‍ തെളിക്കുന്നത് അറിവിന്റെ അക്ഷര വെളിച്ചം.  200 കോളനികളിലായി 3487 പേരാണ് ആദിവാസി സാക്ഷരത പദ്ധതിയില്‍ പഠിതാക്കളായി രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതുന്നത്. ഇതില്‍ 1464 പുരുഷന്‍മാരും 2023 സ്ത്രീകളുമാണ്. ഇന്ന് നടക്കുന്ന പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ ചുള്ളിമൂല കോളനിയില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

ആദിവാസി സാക്ഷരത പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 283 കോളനികളിലായി 758 പുരുഷന്‍മാരും 3551 സ്ത്രീകളുമുള്‍പ്പെടെ  സാക്ഷരരായത് 4309 പേരാണ്. ആദിവാസി സാക്ഷരത സമിതികള്‍,  പഞ്ചായത്ത്,  ജില്ലാ സമിതികള്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് പദ്ധതി നടത്തിപ്പിനായി ഒരുക്കിയത്. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ക്ലാസ്സ് നടത്തിപ്പിന് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നു. ഡയറ്റിന്റെ നേതൃത്വത്തില്‍ സാക്ഷരത  പ്രേരക്മാര്‍ക്കും  ഇന്‍സ്ട്രക്ടര്‍മാര്‍ക്കും പരിശീലനങ്ങള്‍  സംഘടിപ്പിച്ചു. പഠിതാക്കള്‍ക്ക് ബുക്ക്,  പുസ്തകം,  പേന,  തുടങ്ങി  പഠനോപകരണങ്ങള്‍,  റോള്‍ ബോര്‍ഡ്,  നെയിം ബോര്‍ഡ് തുടങ്ങിയവ സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. അതേ കോളനിയിലെ ആദിവാസി വിഭാഗങ്ങളിലുള്ള പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കപ്പെട്ടിരിക്കുന്നത്.  സാക്ഷരത തുല്യത ക്ലാസ്സ് നയിക്കല്‍,  സാമൂഹ്യ സാക്ഷരത പരിപാടി സംഘാടനം, ബോധവല്‍ക്കരണം തുടങ്ങിയവ  ഇവര്‍ ഏറ്റെടുക്കും. 

 

date